സമയം പാഴാക്കല്ലേ! സാംസങ്ങിന്റെ A മോഡലുകൾക്ക് 1000 രൂപ വില കൂടും; ഗാലക്സി A56 5ജിക്ക് 2000 രൂപ കൂടും
പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർ അധികം സമയം പാഴാക്കാതെ എത്രയും പെട്ടെന്ന് ഫോൺ സ്വന്തമാക്കുന്നതിനുള്ള വഴി നോക്കണമെന്ന് രണ്ട് മാസം മുൻപ് തന്നെ റിയൽമിയുടെ ഒരു ഉന്നത ജീവനക്കാരൻ പരസ്യമായി മുന്നറിയിപ്പ് നൽകിയിരുന്നു. സ്മാർട്ട്ഫോൺ വിപണിയിൽ ഉണ്ടാകാൻ പോകുന്ന വില വർധന മനസിലാക്കിയാണ് അദ്ദേഹം ഇത്തരമൊരു ഉപദേശം മുന്നോട്ട് വച്ചത്. തുടർന്ന് ലോഞ്ച് ചെയ്യപ്പെട്ട പ്രീമിയം മോഡൽ സ്മാർട്ട്ഫോണുകളെല്ലാം മുൻ മോഡലുകളെക്കാൾ വലിയ വില വർധനവോടെയാണ് എത്തിയത്. ഡിമാൻഡ് വർധിച്ചതും ക്ഷാമവും മൂലം ചിപ്പുകളുടെ വില വർധിച്ചതാണ് സ്മാർട്ട്ഫോൺ വില വർധനയിലേക്ക് കാര്യങ്ങളെ എത്തിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.
പുതിയതായി വരാൻ പോകുന്ന സ്മാർട്ട്ഫോണുകൾക്ക് അല്ലേ വില കൂടുന്നത്, ഇതിനകം ലോഞ്ച് ചെയ്ത സ്മാർട്ട്ഫോണുകൾ വിപണിയിലുണ്ടല്ലോ, അത് വാങ്ങാം എന്ന് ഒരു ആലോചനയുണ്ടോ? എങ്കിൽ അതും നടക്കാൻ പോകുന്നില്ല. പല ബ്രാൻഡുകളും ഇതിനകം ലോഞ്ച് ചെയ്ത സ്മാർട്ട്ഫോണുകളുടെ വിലയും വർധിപ്പിച്ചുകഴിഞ്ഞു. ചില സ്മാർട്ട്ഫോണുകൾ ഇപ്പോൾ ലോഞ്ച് ചെയ്ത സമയത്തെ വിലയെക്കാൾ കൂടിയ വിലയിലാണ് നിലവിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്.

ഇപ്പോൾ ഏറ്റവും പുതിയതായി വരുന്ന റിപ്പോർട്ടുകൾ പറയുന്നത് സാംസങ് തങ്ങളുടെ A സീരീസ് മോഡലുകളുടെ വില വർധിപ്പിക്കാൻ പോകുന്നു എന്നാണ്. 1000 മുതൽ 2000 രൂപയുടെ വരെ വില വർധന ഗാലക്സി എ സീരീസ് ഫോണുകൾക്ക് ഉണ്ടാകാൻ പോകുന്നു. സാധാരണ A സീരീസ് മോഡലുകൾക്ക് 1000 രൂപയാകും വർധിക്കുക.
എന്നാൽ ഗാലക്സി എ56 പോലുള്ള ടോപ് മോഡലിന് 2000 രൂപയുടെ വില വർധന ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ടിപ്‌സ്റ്റർ അഭിഷേക് യാദവ് പറയുന്നത്, ''എല്ലാ ഗാലക്‌സി എ സീരീസ് ഉപകരണങ്ങളിലും 1,000 മുതൽ 2,000 രൂപ വരെ വില വർദ്ധനവ് കാണാൻ കഴിയും'' എന്നാണ്.

ഇതിനകം ലോഞ്ച് ചെയ്യപ്പെട്ട ഗാലക്സി എ സീരീസ് മോഡലുകളുടെ വില ഉയരാൻ പോകുന്നത് ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം നിരാശയുണ്ടാക്കുന്നതാണ്. കാരണം മുൻപ് കുറഞ്ഞ വിലയിൽ ലഭ്യമായിരുന്ന ഒരു മോഡൽ ഇപ്പോൾ കൂടിയ വിലയിൽ വാങ്ങേണ്ടിവരുന്നു എന്നത് തന്നെ. ഓഗസ്റ്റിൽ ലോഞ്ച് ചെയ്ത ഗാലക്‌സി എ17 - വില ഇനി ഏകദേശം 19,999 രൂപയാകും. ഇതിന്റെ 6ജിബി + 128ജിബി വേരിയന്റ് 18,999 രൂപ വിലയിലാണ് ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടത്.
അതേപോലെ മാർച്ചിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഗാലക്‌സി എ36, ഗാലക്‌സി എ56 എന്നിവയുടെ വിലയിലും മാറ്റം കണ്ടേക്കാം. എ36 8 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് 32,999 രൂപയായിരുന്നു ലോഞ്ച് വില, ഇത് 33999 രൂപയായി ഉയർന്നേക്കും. അതേപോലെ 41,999 രൂപ വിലയിൽ എത്തിയ എ56 5ജിയുടെ വില 43,999 രൂപയായി ഉയരും എന്നാണ് റിപ്പോർട്ട്.
ചുരുക്കത്തിൽ സാംസങ് സ്മാർട്ട്ഫോൺ വാങ്ങാൻ ആലോചിക്കുന്നുണ്ട് എങ്കിൽ അധികം സമയം പാഴാക്കേണ്ടതില്ല. മാത്രമല്ല, ആമസോൺ, ഫ്ലിപ്പ്കാർട്ട് പോലുള്ള പ്ലാറ്റ്ഫോമുകൾ ലഭ്യമാക്കുന്ന ബാങ്ക് ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്തിയാൽ വില വർധനയുടെ ഭാരം ഒരളവുവരെ കുറയ്ക്കാൻ സാധിക്കും. പല മോഡലുകൾക്കും മികച്ച ബാങ്ക് ഡിസ്കൗണ്ട് ഈ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ ലഭ്യമാക്കിയിട്ടുണ്ട്.

ഐക്യൂ പോലുള്ള ചില സ്മാർട്ട്ഫോൺ ബ്രാൻഡുകൾ ഇതിനകം തന്നെ തങ്ങളുടെ ചില മോഡലുകളുടെ വില വർധിപ്പിച്ചിട്ടുണ്ട്. മറ്റ് ബ്രാൻഡുകളും ഇതേ വഴിയിൽ തന്നെയാണ് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. 2026 ആരംഭിക്കുന്നതോടെ കൂടുതൽ മോഡലുകളുടെ വില ഉയരും എന്നാണ് റിപ്പോർട്ട്. അതിനാൽ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നു എങ്കിൽ വൈകിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുക.


Click it and Unblock the Notifications








