വെറും 10499 രൂപയ്ക്ക് സാംസങ് 5G ഫോൺ വാങ്ങാം; ഗാലക്സി A06 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകർക്ക് ബജറ്റ് വിലയിൽ ഇനി സാംസങ് 5ജി ഫോണും വാങ്ങാം. ഗാലക്സി എ സീരീസിലെ ഏറ്റവും പുതിയ മോഡലായി സാംസങ് ഗാലക്സി എ06 5G (Samsung Galaxy A06 5G) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇതോടെ ഇന്ത്യയിലെ ബജറ്റ് സ്മാർട്ട്ഫോൺ വിപണിയിൽ കൂടുതൽ ശക്തമായ മത്സരത്തിന് കളമൊരുങ്ങിയിരിക്കുന്നു. പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡുകൾ എല്ലാംതന്നെ 10000 രൂപ ബജറ്റിലും അതിൽ താഴെ വിലയിലും ഇന്ത്യയിൽ 5ജി മോഡലുകൾ പുറത്തിറക്കിയിട്ടുണ്ട്. ബജറ്റ് 5ജി ഫോൺ വിപണി ചൈനീസ് കമ്പനികൾക്ക് വിട്ടുകൊടുക്കാൻ സാംസങ് തയാറല്ലെന്ന് പുതിയ എ06 5ജിയുടെ വരവ് വ്യക്തമാക്കുന്നു.
നേരത്തെ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സാംസങ് ഗാലക്സി A06 ന്റെ 4ജി മോഡൽ സാംസങ് ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ എല്ലാ ഇന്ത്യക്കാരും ഇപ്പോൾ കൂടുതലായും 5ജി ഫോണുകൾക്കാണ് പ്രാധാന്യം നൽകുന്നത്. ഈ ട്രെൻഡ് മനസിലാക്കിക്കൂടിയാണ് സാംസങ് ബജറ്റ് വിലയിൽ ഗാലക്സി A06 5ജി മോഡലും ഇപ്പോൾ എത്തിച്ചിരിക്കുന്നത്.

ബജറ്റ് 5ജി ഫോൺ വിപണിയിൽ കടുത്ത മത്സരം നടക്കുന്നതിനാൽ തന്നെ, കുറഞ്ഞ വിലയിലാണ് എത്തുന്നത് എങ്കിലും ഗാലക്സി എ06 5ജിയിൽ ഫീച്ചറുകൾക്ക് കുറവൊന്നും സാംസങ് വരുത്തിയിട്ടില്ല. 10000 രൂപ വിലയിൽ തങ്ങൾക്ക് നൽകാൻ കഴിയുന്ന മികച്ച ഫീച്ചറുകൾ തന്നെ സാംസങ് ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് വിലയിരുത്തപ്പെടുന്നു.
സാംസങ് ഗാലക്സി A06 5Gയുടെ പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് (720 x 1600 പിക്സലുകൾ) HD+ LCD സ്ക്രീൻ, 800 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ 5ജി ഫോണിന്റെ കരുത്ത്.

ആം മാലി-G57 MC2 ജിപിയു, 4GB/ 6GB LPDDR4X റാം, 64GB/ 128GB സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ UI 7 ൽ ആണ് ഇതിന്റെ പ്രവർത്തനം. 4 പ്രധാന OS അപ്‌ഗ്രേഡുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും സാംസങ് ഈ മോഡലിന് വാഗ്ദാനം ചെയ്യുന്നുണ്ട്.
ക്യാമറകളുടെ കാര്യത്തിലേക്ക് വന്നാൽ, ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. 50MP മെയിൻ ക്യാമറ, ( f/1.8 അപ്പേർച്ചർ), 2MP ഡെപ്ത് സെൻസർ (f/2.4 അപ്പേർച്ചർ), LED ഫ്ലാഷ് എന്നിവ അതിലടങ്ങുന്നു. ഫ്രണ്ടിൽ സെൽഫിക്കും മറ്റുമായി f/2.0 അപ്പേർച്ചറുള്ള 8MP ക്യാമറയാണ് നൽകിയിരിക്കുന്നത്.
ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, 3.5mm ഓഡിയോ ജാക്ക്, അണ്ടർ-പോർട്ട് ചെയ്ത സ്പീക്കർ, IP54 റേറ്റിങ്, 5G SA/NSA (12 5G ബാൻഡുകൾ), Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-സി പോർട്ട് എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഗാലക്സി A06 5Gയിൽ ഉള്ളത്. എന്നാൽ പതിവ് പോലെ ബോക്സിൽ ചാർജർ ഇല്ല എന്ന് മനസിലാക്കിയിരിക്കുക. 167.4x 77.4 x 8mm വലിപ്പവും 191 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്. ബ്ലാക്ക്, ഗ്രേ, ലൈറ്റ് ഗ്രീൻ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ എത്തിയിരിക്കുന്നത്.
സാംസങ് ഗാലക്സി A06 5Gയുടെ 4GB+ 64GB മോഡലിന് 10,499 രൂപയും 4GB+ 128GB മോഡലിന് 11,499 രൂപയും 6GB+ 128GB മോഡലിന് 12,999 രൂപയുമാണ് വില. ലോഞ്ച് ഓഫർ എന്ന നിലയിൽ 699 രൂപ ചെലവുള്ള ഒരു വർഷത്തെ സ്‌ക്രീൻ പ്രൊട്ടക്ഷൻ പ്ലാൻ, സാംസങ് കെയർ + പാക്കേജ് സഹിതം 129 രൂപയ്ക്ക് സാംസങ് നൽകുന്നുണ്ട്. എല്ലാ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും, സാംസങ് എക്‌സ്‌ക്ലൂസീവ് സ്റ്റോറുകളിലും, ഓഫ്‌ലൈൻ ചാനലുകളിലും ഈ ഫോൺ വാങ്ങാനാകും.


Click it and Unblock the Notifications








