ഇതും കൂടി ഇവിടെ ഇരിക്കട്ടെ! ഗാലക്സി A06 ഇന്ത്യയിൽ അവതരിപ്പിച്ച് സാംസങ്
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ സാംസങ് തങ്ങളുടെ A സീരീസിലെ പുതിയ ബജറ്റ് സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. സാംസങ് ഗാലക്സി എ06 (Samsung Galaxy A06) എന്ന മോഡലാണ് പുതിയതായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. അധികം പ്രചാരണങ്ങളൊന്നുമില്ലാതെ വളരെ സൈലന്റായാണ് സാംസങ് ഈ ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. ഗാലക്‌സി എ സീരീസിൽ ഇതുവരെ ഇറങ്ങിയിട്ടുള്ള സ്മാർട്ട്ഫോണുകളിൽ വച്ച് ഏറ്റവും വലിയ സ്‌ക്രീൻ വലുപ്പമുള്ള സ്മാർട്ട്ഫോൺ A06 ആണെന്ന് കമ്പനി പറയുന്നു, 6.7 ഇഞ്ച് എൽസിഡി സ്‌ക്രീൻ ആണ് സാംസങ് ഗാലക്‌സി A06ന് ഉള്ളത്.
സാംസങ് ഗാലക്സി എ06 -ന്റെ പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് (720 x 1600 പിക്സലുകൾ) HD+ LCD സ്ക്രീൻ ആണ് ഇതിലുള്ളത്. 1000MHz വരെ ARM Mali-G52 2EEMC2 GPU ഉള്ള ഒക്ടാ കോർ മീഡിയടെക് ഹീലിയോ G85 12nm പ്രൊസസർ (ഡ്യുവൽ 2GHz Cortex-A75 + Hexa 1.8GHz 6x Cortex-A55 CPU) ആണ് എ06-ൽ നൽകിയിരിക്കുന്നത്.

4GB LPDDR4X റാം, 64GB / 128GB eMMC 5.1 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ സാംസങ് ഗാലക്സി എ06 വാഗ്ദാനം ചെയ്യുന്നുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള യുഐയിൽ ആണ് പ്രവർത്തനം.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഗാലക്സി എ06ൽ ഉള്ളത്. അതിൽ എഫ്/1.8 അപ്പേർച്ചറുള്ള 50എംപി മെയിൻ ക്യാമറ, എഫ്/2.4 അപ്പേർച്ചറുള്ള 2എംപി ഡെപ്ത് സെൻസർ, എൽഇഡി ഫ്ലാഷ് എന്നിവ ഉൾപ്പെടുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.0 അപ്പേർച്ചർ ഉള്ള 8MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഇതിലുണ്ട്.

ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്കാനർ, 3.5 എംഎം ഓഡിയോ ജാക്ക്, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, USB ടൈപ്പ്-സി തുടങ്ങിയ ഫീച്ചറുകളും സാംസങ് ഗാലക്സി എ06ൽ ഉണ്ട്.
25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഗാലക്സി എ06 വാഗ്ദാനം ചെയ്യുന്നത്. 167.3 x 77.3 x 8.0mm വലിപ്പവും 196 ഗ്രാം ഭാരവും ഈ സാംസങ് ഫോണിനുണ്ട്. ഇളം നീല, കറുപ്പ്, ഗോൾഡൻ നിറങ്ങളിൽ ഈ ബജറ്റ് സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തുന്നു.
സാംസങ് ഗാലക്സി A06 ൻ്റെ 4GB റാം+ 64GB ഇന്റേണൽ സ്റ്റോറേജ് മോഡലിന് 9999 രൂപയും 4GB റാം + 128GB ഇന്റേണൽ സ്റ്റോറേജ് മോഡലിന് 11,499 രൂപയും ആണ് വില. സാംസങ് ഇന്ത്യ ഇ-സ്റ്റോറിൽ ഇതിനകം ഈ ഫോൺ വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്. ഇത് കൂടാതെ ഓഫ്‌ലൈൻ സ്റ്റോറുകളിൽ നിന്നും ഇത് ലഭ്യമാകും.

വില കുറവാണ് എങ്കിലും ഇത് ഒരു 4ജി സ്മാർട്ട്ഫോൺ ആണ് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ബജറ്റ് വിലയിൽ ലഭ്യമാകുന്ന ഒരു സ്മാർട്ട്ഫോൺ എന്ന നിലയിലാകാം സാംസങ് ഗാലക്സി എ06 ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ സാംസങ്ങിന്റെ ഉൾപ്പെടെ വിവിധ ബ്രാൻഡുകളുടെ 5ജി സ്മാർട്ട്ഫോണുകൾ ബജറ്റ് വിലയിൽ ഇന്ത്യയിൽ ലഭ്യമാണ് എന്നതും ശ്രദ്ധിക്കുക.


Click it and Unblock the Notifications