നീ ഒരു കില്ലാഡി തന്നെ! സാംസങ് ഗാലക്‌സി എ06 ലോഞ്ച് ചെയ്തു
ഓഗസ്റ്റ് 16ന് വിയറ്റ്നാമിൽ സാംസങ് ഗാലക്‌സി എ06 (Samsung Galaxy A06) ലോഞ്ച് ചെയ്തു. ഒക്ടാ കോർ ചിപ്‌സെറ്റ് ആണ് ഈ ഹാൻഡ്‌സെറ്റിന് ഉള്ളത്. കൂടാതെ 50 മെഗാപിക്‌സൽ ഡ്യുവൽ റിയർ ക്യാമറ സംവിധാനവും ഉണ്ട്. ഇതിന് മുമ്പത്തെ സാംസങ് ഗാലക്‌സി A05ന് സമാനമായ റിയർ പാനൽ രൂപകൽപ്പനയും വെർട്ടിക്കൽ ആയി പിൻസ്‌ട്രിപ്പ്ഡ് ഫിനിഷും ഉണ്ട്. എന്നിരുന്നാലും, പഴയ മോഡലിൽ നിന്ന് വ്യത്യസ്തമായി, ഗാലക്‌സി എ06ന്റെ വലത് അറ്റത്ത് വോളിയം റോക്കറും പവർ ബട്ടണും ഉൾക്കൊള്ളുന്ന ഒരു കീ ഐലൻഡ് ബമ്പുമായി ആണ് വരുന്നത്.
ഈ കീ ഐലൻഡ് ഫീച്ചർ മുമ്പ് ഗാലക്‌സി എ55 (Galaxy A55), ഗാലക്‌സി എ35 (Galaxy A35) എന്നിവയിൽ കണ്ടിരുന്നു. ഇനി സാംസങ് ഗാലക്‌സി എ06 വിലയുടെ കാര്യത്തിലേക്ക് വരാം. സാംസങ് ഗാലക്‌സി എ06ൻ്റെ 4 ജിബി + 64 ജിബി ഓപ്ഷന് VND 3,190,000 (ഏകദേശം 10,700 രൂപ) ആണ്.

6 ജിബി + 128 ജിബി വേരിയൻ്റിന് VND 3,790,000, അതായത് ഏകദേശം 12,700 രൂപ, ആണ് വില . ഓഗസ്റ്റ് 22 മുതൽ ഫോൺ വിയറ്റ്നാമിൽ വിൽപ്പനയ്‌ക്ക് എത്തും. ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുമോ എന്ന് സാംസങ് കമ്പനി ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല.
വിയറ്റ്നാമിൽ ഓഗസ്റ്റ് 22നും സെപ്റ്റംബർ 30നും ഇടയിൽ സാംസങ് ഗാലക്‌സി എ06 വാങ്ങുന്ന ഉപഭോക്താക്കൾക്ക് സൗജന്യ 25W ചാർജർ ലഭിക്കും. ഇനി സാംസങ് ഗാലക്‌സി എ06 സ്പെസിഫിക്കേഷനുകൾ, ഫീച്ചറുകൾ എന്നിവഎന്തൊക്കെ എന്ന് നോക്കാം. സാംസങ് ഗാലക്‌സി എ06ൽ 6.7 ഇഞ്ച് HD+ സ്‌ക്രീനും, 60Hz റിഫ്രഷ് റേറ്റും, ഫ്രണ്ട് ക്യാമറയ്‌ക്കായി വാട്ടർഡ്രോപ്പ് നോച്ചും ഉണ്ട്.
6 ജിബി വരെ റാമും 128 ജിബി വരെ ഓൺബോർഡ് സ്റ്റോറേജും ജോടി ആക്കിയ ഒക്ടാ-കോർ മീഡിയടെക് ഹീലിയോ ജി 85 ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. കൂടാതെ മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് 1 ടിബി വരെ വികസിപ്പിക്കാനും സാധിക്കും.
പുതുതായി ലോഞ്ച് ചെയ്ത സാംസങ് ഗാലക്‌സി എ06 ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കി ഉള്ള One UI 6 ഉപയോഗിച്ച് ആണ് ഷിപ്പ് ചെയ്യുന്നത്. കൂടാതെ രണ്ട് പ്രധാന ആൻഡ്രോയിഡ് അപ്‌ഗ്രേഡുകളും നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സാംസങ് നോക്‌സ് വോൾട്ട് സുരക്ഷാ സംവിധാനമാണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ഒപ്‌റ്റിക്‌സിനായി, സാംസങ് ഗാലക്‌സി എ06ന് 50 മെഗാപിക്‌സൽ പ്രൈമറി സെൻസർ ഉള്ള ഡ്യുവൽ റിയർ ക്യാമറ യൂണിറ്റ് ഉണ്ട്. 25W വയർഡ് ഫാസ്റ്റ് ചാർജിംഗിന് ഉള്ള പിന്തുണ ഉള്ള 5,000mAh ബാറ്ററി ആണ് ഫോണിൻ്റെ കരുത്ത്. സുരക്ഷയ്ക്കായി ഗാലക്‌സി എ06ന്റെ ഒരു വശത്ത് ഫിംഗർപ്രിൻ്റ് സെൻസർ ഘടിപ്പിച്ചിട്ടുണ്ട്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്


Click it and Unblock the Notifications








