വില കുറഞ്ഞു, ഗാലക്സി എ14 5ജി 13,499 രൂപയ്ക്ക് കിട്ടും, പക്ഷേ എതിരാളി സ്വന്തം വീട്ടിൽനിന്ന്
സാംസങ് ആരാധർക്കും 5ജി ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്കും സന്തോഷം പകർന്ന് 16,499 രൂപ വിലയുണ്ടായിരുന്ന സാംസങ് ഗാലക്സി എ14 5ജിയുടെ (Samsung Galaxy A14 5G) വില കുറഞ്ഞു. ഇന്ത്യയിൽ ഇതുവരെ കിട്ടിയിരുന്നതിൽ ഏറ്റവും വിലക്കുറവിൽ ഇപ്പോൾ ഈ 5ജി ഫോൺ ലഭ്യമാണ്.
സാംസങ്ങിൽ നിന്നുള്ള ഈ മിഡ് റേഞ്ച് ഫോൺ 5G ഫോൺ ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ എത്തിയത്. അന്ന് 16,499 രൂപയ്ക്ക് ആണ് ഈ ഫോൺ പുറത്തിറക്കിയത്. എന്നാലിപ്പോൾ 2000 രൂപ ഡിസ്കൗണ്ടിൽ 14,499 രൂപയായി ഈ ഫോണിന്റെ വില കുറഞ്ഞിരിക്കുന്നു.

വിലയിലുള്ള ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ ബാങ്ക് ഡിസ്കൗണ്ടായി 1000 രൂപയും കുറയും. അങ്ങനെ 13,499 രൂപ വിലയിൽ ഈ 5ജി ഫോൺ ഇപ്പോൾ വാങ്ങാൻ സാധിക്കും. ഗാലക്സി എ14 5ജിയുടെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള പ്രാരംഭ മോഡലാണ് ഈ വിലയിൽ ലഭിക്കുക.
13,499 രൂപയ്ക്ക് ഗാലക്സി എ14 5ജി വാങ്ങുന്നത് ലാഭമാണോ: ഏത് ഫോൺ വാങ്ങുമ്പോഴും അതിന്റെ വിലയിൽ അതിനെക്കാൾ മികച്ച മറ്റ് ഫോണുകൾ ലഭ്യമാണോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്. ഇവിടെ സാധാരണ ഉപയോഗങ്ങളുള്ള മൊബൈൽ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം കുറഞ്ഞ വിലയിൽ സ്വന്തമാക്കാവുന്ന ഒരു 5ജി ഫോൺ തന്നെയാണ് ഗാലക്സി എ14 5ജി.

എന്നാൽ ഗാലക്സി എ14 5ജിയെക്കാൾ കുറഞ്ഞ വിലയിൽ ഒരു സാംസങ് സ്മാർട്ട്ഫോൺ കൂടി ലഭ്യമാണ്. സാംസങ് ഗാലക്സി എം14 5ജിയാണ് (Galaxy M14 5G) അത്. വിലയുടെ കാര്യത്തിൽ മാത്രമല്ല ആകെയുള്ള നേട്ടം പരിശോധിച്ചാലും ഈ രണ്ട് ഫോണുകളിൽ എം14 ആണ് കുറച്ച് മെച്ചം എന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്.
എ14 5ജിയിലേതിന് സമാന ഫീച്ചറുകൾ തന്നെ എം14 5ജിയിലും കുറഞ്ഞ വിലയിൽ ലഭിക്കും. മാത്രമല്ല, എം സീരീസ് ഫോണിലെ ക്യാമറ അതിന്റെ വില വിഭാഗത്തിൽ എ സീരീസിനേക്കാൾ മികച്ചതാണ്. രണ്ട് ഫോണുകളുടെയും പ്രകടനം ഏറെക്കുറെ സമാനമാണ്. എ14 5ജിയേക്കാൾ മികച്ച ഡിസ്‌പ്ലേയും വലിയ ബാറ്ററിയും എം14നുണ്ട്.
അതിനാൽത്തന്നെ മുൻതൂക്കം എം14 5ജിക്ക് ആണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ഗാലക്സി എ14 ൽ ഉള്ളതുപോലെ തന്നെ എം14 5ജിയിലും 6.6 ഇഞ്ച് ഡിസ്പ്ലേ ലഭിക്കും, കൂടാതെ എം സീരീസ് മോഡലിൽ 6,000mAh ബാറ്ററിയും ഉണ്ട്, ഇത് ഗാലക്സി A14-ന്റെ 5,000mAh യൂണിറ്റിനേക്കാൾ വലുതാണ്.

എന്നാൽ ഈ മോഡലിനൊപ്പം സാംസങ് ചാർജർ നൽകുന്നില്ല. എങ്കിലും പഴയ സാംസങ് ഫോണുകളുണ്ടെങ്കിൽ അതിന്റെ ചാർജർ തന്നെ ഉപയോഗിക്കാം. മറ്റൊരു നേട്ടം ഈ ഫോണിന്റെ കാഴ്ചാഭംഗിയാണ്. എം14 5ജിയുടെ പിൻ പാനൽ ഡിസൈൻ സാംസങ്ങിന്റെ പ്രീമിയം സ്മാർട്ട്ഫോണായ ഗാലക്‌സി എസ് 23ക്ക് സമാനമാണ്, അതിനാൽ ബജറ്റ് വിലയിൽ ഒരു ട്രെൻഡി ഡിസൈൻ ലഭിക്കും.
ചില ഫീച്ചറുകളുടെ കാര്യത്തിൽ ഗാലക്സി എ14 യെക്കാൾ മുൻതൂക്കമുള്ള എം14 ഇപ്പോൾ വിലയുടെ കാര്യത്തിലും എ14 യെക്കാൾ നേട്ടം നൽകും. 14,490 രൂപയായിരുന്നു ഗാലക്സി എം14 5ജിയുടെ മുൻ വില. എന്നാൽ ഇപ്പോൾ സാംസങ് ഇന്ത്യയുടെ വെബ്സൈറ്റിൽ ഡിസ്കൗണ്ട് സഹിതം 12,490 രൂപയ്ക്ക് എം14 ലിസ്റ്റ് ചെയ്തിരിക്കുന്നു.
2000 രൂപയുടെ ഡിസ്കൗണ്ടാണ് എം14 5ജിക്ക് സാംസങ് നൽകിയിരിക്കുന്നത്. വിലയുടെ കാര്യമെടുത്താൽ 13,499 രൂപ വിലയിലെത്തുന്ന ഗാലക്സി എ14 5ജിയെക്കാൾ ലാഭം 12,490 രൂപയ്ക്ക് ലഭിക്കുന്ന എം14 5ജി ആണ് എന്ന് ഒറ്റ നോട്ടത്തിൽ വ്യക്തമാണ്. വില കുറവാണ് എന്നുകരുതി ഫീച്ചറുകൾ കുറയുന്നില്ല, മറിച്ച് കൂടുന്നതേയുള്ളൂ എന്നതാണ് ഈ ഡീലിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്.


Click it and Unblock the Notifications








