ആ 'ഒറ്റ' അക്കം മാറിയാലും തോൽക്കില്ല! എസ്24 അൾട്രയ്ക്കും മുമ്പേ ചരിത്രമെഴുതിയ സാംസങ് ഫോണുകൾ വിൽപനയ്ക്ക്
പുതുവർഷത്തിൽ ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന സാംസങ് ആരാധകർക്ക് നിരാശപ്പെടേണ്ടിവരില്ല. കാരണം സാംസങ് രണ്ട് വില വിഭാഗങ്ങളിലായി രണ്ട് കിടിലൻ 5ജി സ്മാർട്ട്ഫോണുകളാണ് ഒറ്റയടിക്ക് പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ സാംസങ് ഗാലക്സി എ15 5ജി, സാംസങ് ഗാലക്സി എ25 5ജി എന്നിവയാണ് അവ.
ഒട്ടേറെ സവിശേഷതകളുമായാണ് ഈ രണ്ട് സാംസങ് 5ജി ഫോണുകളും എത്തുന്നത്. ഇതിൽ ഏത് വാങ്ങിയാലും ഉപയോക്താവിന് നഷ്ടം വരില്ല. അതാത് വില വിഭാഗങ്ങളിൽ മികച്ച മത്സരം കാഴ്ചവയ്ക്കാൻ ശേഷിയോടെയാണ് ഈ രണ്ട് ഫോണുകളും എത്തുന്നത്. ഈ രണ്ട് സ്മാർട്ട്ഫോണുകളുടെയും പേരുകൾ തമ്മിൽ ഒറ്റ അക്കത്തിന്റെ വ്യത്യാസമാണുള്ളത്.

ഒന്നിച്ച് പുറത്തിറങ്ങിയ ഈ സാംസങ് ഫോണുകളിൽ ഒന്നിന്റെ പേര് ഗാലക്സി എ15 5ജി എന്നാണെങ്കിൽ ഒപ്പമെത്തിയ രണ്ടാമത്തെ ഫോണിന്റെ പേര് ഗാലക്സി എ25 5ജി. ഇവിടെ രണ്ട് പേരുകളും തമ്മിലുള്ള വ്യത്യാസം 'ഒന്ന്' മാറി 'രണ്ട്' വരുന്നു എന്നത് മാത്രമാണ്. ഇതിൽ രണ്ടിൽ ഏത് വാങ്ങിയാലും ഉപയോക്താവിന് നഷ്ടമുണ്ടാകില്ല!
ഗാലക്സി എസ്24 അൾട്ര അടങ്ങുന്ന എസ്24 സീരീസ് ആയിരിക്കും ഏറ്റവും പുതിയ ആൻഡ്രോയിഡ് 14 പിന്തുണയിൽ ആദ്യമെത്തുന്ന സാംസങ് ഫോൺ എന്ന് പലരും കരുതിയിരുന്നു. എന്നാൽ അത്തരം ധാരണകളെയെല്ലാം തെറ്റിച്ച് ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള One UI 6.0-ൽ പ്രവർത്തിക്കുന്ന ആദ്യ സാംസങ് ഫോണുകൾ എന്ന നേട്ടവുമായാണ് ഈ രണ്ട് ഫോണുകളും എത്തിയിരിക്കുന്നത്.
അത്യാവശ്യം വാങ്ങാനാകുന്ന നിലയിലാണ് ഗാലക്സി എ15, എ25 എന്നീ 5ജി ഫോണുകൾ സാംസങ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇവയുടെ വിൽപ്പന ഇതിനകം ആരംഭിച്ചിട്ടുണ്ട്. ലോഞ്ച് ഓഫറിന്റെ ഭാഗമായി ആകർഷകമായ ബാങ്ക് ഓഫറുകളും ഈ രണ്ട് ഫോണുകൾക്കും ലഭ്യമാക്കിയിട്ടുണ്ട്. ഈ രണ്ട് ഫോണുകളുടെയും പ്രധാന ഫീച്ചറുകളും വിലയും പരിചയപ്പെടാം.
സാംസങ് ഗാലക്സി എ25 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.5 ഇഞ്ച് എഫ്എച്ച്‌ഡി+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, ഇൻഫിനിറ്റി യു ഡിസൈൻ, 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 1,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ്, സെൽഫി ക്യാമറ ഉൾക്കൊള്ളുന്ന വാട്ടർഡ്രോപ്പ് സ്റ്റൈൽ ഡിസ്പ്ലേ നോച്ച് എന്നിവ ഇതിലുണ്ട്.
സാംസങ്ങിന്റെ തന്നെ എക്സിനോസ് 1280 ചിപ്സെറ്റ് ആണ് ഗാലക്സി എ25 5ജിയുടെ കരുത്ത്. മാലിG68 MP4 ജിപിയുവും ഇതിലുണ്ട്. 8GB വരെ റാം സഹിതം 128ജിബി, 256 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ എ25 5ജി ലഭ്യമാകും. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 1TB വരെ വികസിപ്പിക്കാം.

ഒഐഎസ് പിന്തുണയുള്ള 50MP മെയിൻ ക്യാമറ, 8MP അൾട്രാവൈഡ് ലെൻസ്, 2MP ഡെപ്ത് ലെൻസ് എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കായി 13MP ഫ്രണ്ട് ക്യാമറയും എ25 5ജിയിലുണ്ട്. 25W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000mAh ബാറ്ററിയും സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറും ഇതിലുണ്ട്. 197g ആണ് ഭാരം.
സിംഗിൾ ടേക്ക്, റീമാസ്റ്റർ, ഒബ്‌ജക്റ്റ് ഇറേസർ തുടങ്ങിയ AI- പവർഡ് ഇമേജിംഗ് ഫീച്ചറുകളുമായാണ് ഗാലക്‌സി എ25 5ജി വരുന്നത്. ബ്ലൂ, ബ്ലൂ ബ്ലാക്ക്, യെല്ലോ എന്നീ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്. എ25 5ജിയുടെ 8GB+128GB പ്രാരംഭ വേരിയന്റിന് 26,999 രൂപയും 8GB+256GB ഹൈ എൻഡ് വേരിയന്റിന് 29,999 രൂപയും ആണ് വില.
സാംസങ് ഗാലക്സി എ15 5ജിയുടെ പ്രധാന ഫീച്ചറുകൾ: മീഡിയടെക് ഡൈമെൻസിറ്റി 6100+ ചിപ്സെറ്റാണ് ഫോണിന്റെ കരുത്ത്. മാലി G57-MP2 ജിപിയുവുമുണ്ട്. 6.5 ഇഞ്ച് FHD+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, ഇൻഫിനിറ്റി U ഡിസൈൻ, 90Hz റിഫ്രഷ് റേറ്റ്, 800 nits പീക്ക് ബ്രൈറ്റ്നസ് എന്നിവ ഗാലക്സി എ15യിൽ നൽകിയിരിക്കുന്നു.
8GB വരെ റാമും 256GB വരെ ഇന്റേണൽ സ്റ്റോറേജും ലഭിക്കും. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 1TB വരെ വികസിപ്പിക്കാം. 50എംപി മെയിൻ ക്യാമറ, 5എംപി അൾട്രാവൈഡ് സെൻസർ, 2എംപി ഡെപ്ത് ലെൻസ് എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് എ15യിലുള്ളത്. ഫ്രണ്ട് ക്യാമറയ്ക്കായി 13എംപി സെൻസറും ഉണ്ട്.

5,000mAh ബാറ്ററി സാംസങ് ഗാലക്സി എ15 5ജിയിൽ സജ്ജീകരിച്ചിരിക്കുന്നു കൂടാതെ 25W ഫാസ്റ്റ് ചാർജിങ് പിന്തുണയുമുണ്ട്. ഈ ബാറ്ററി യൂണിറ്റ് ഒറ്റ ചാർജിൽ 21 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് സമയം നൽകുമെന്ന് പറയപ്പെടുന്നു. 200g ആണ് ഗാലക്സി എ15 5ജിയുടെ ഭാരം.
ലൈറ്റ് ബ്ലൂ, ലൈറ്റ് ബ്ലാക്ക്, ബ്ലൂ കളർ ഓപ്ഷനുകളിൽ ഗാലക്സി എ15 5ജി വാങ്ങാൻ ലഭ്യമാകും. സാംസങ് ഗാലക്സി എ15 5ജിയുടെ 8GB റാം +128GB ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 19,499 രൂപയും 8GB റാം +256GB ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 22,499 രൂപയുമാണ് വില.
ഈ ഫോണുകളിൽ 5G, Wi-Fi, ബ്ലൂടൂത്ത്, GPS, 3.5mm ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, ഡോൾബി അറ്റ്‌മോസ് സ്പീക്കറുകൾ, ആക്‌സിലറോമീറ്ററുകൾ, ഗൈറോ സെൻസർ, ജിയോമാഗ്നറ്റിക് സെൻസർ, ലൈറ്റ് സെൻസർ, വെർച്വൽ പ്രോക്‌സിമിറ്റി സെൻസർ തുടങ്ങിയ ഫീച്ചറുകളുമുണ്ട്. രണ്ട് ഫോണുകളും നാല് പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും അഞ്ച് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും വാഗ്ദാനം ചെയ്യുന്നു.
സാംസങ് സ്റ്റോറുകൾ, ഔദ്യോഗിക സാംസങ് വെബ്‌സൈറ്റ് (Samsung.com), ഇന്ത്യയിലെ മറ്റ് അംഗീകൃത ഓൺലൈൻ റീട്ടെയിലർമാർ എന്നിവയുൾപ്പെടെ വിവിധ ചാനലുകൾ വഴി ഈ രണ്ട് സ്‌മാർട്ട്‌ഫോണുകളും ഇപ്പോൾ വാങ്ങാൻ ലഭ്യമാണ്. എസ്ബിഐ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വഴിയാണ് വാങ്ങുന്നതെങ്കിൽ, A15-ന്റെ എല്ലാ വേരിയന്റുകൾക്കും 1,500 രൂപയും എ25ന് 3,000 രൂപയും ക്യാഷ്ബാക്ക് ലഭിക്കും.


Click it and Unblock the Notifications








