വാങ്ങുന്നവന് ലാഭം! 4 മാസം മുൻപ് പുറത്തിറങ്ങിയ സാംസങ് 5ജി ഫോണിന് 3000 രൂപ വില കുറച്ചു
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ പ്രധാന ശക്തികളിലൊന്നായ സാംസങ് 2023 ഡിസംബറിൽ ലോഞ്ച് ചെയ്ത തങ്ങളുടെ കിടിലൻ 5ജി ഫോണിന് ഇപ്പോൾ 3000 രൂപ ഡിസ്കൗണ്ട് പ്രഖ്യാപിച്ചു. ലോഞ്ച് ചെയ്ത് ഏതാണ്ട് നാല് മാസം മാത്രം പിന്നിടുന്ന, ഗാലക്സി എ25 5ജിക്കാണ് ഈ മികച്ച ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
8ജിബി റാം + 128ജിബി സ്റ്റോറേജ്, 8ജിബി റാം + 256ജിബി സ്റ്റോറേജ് എന്നിങ്ങനെ 2 വേരിയൻ്റുകളിലാണ് സാംസങ് ഗാലക്സി എ25 5ജി (Samsung Galaxy A25 5G ) ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഈ രണ്ട് മോഡലുകൾക്കും ഇപ്പോൾ 3000 രൂപ ഡിസ്കൗണ്ട് ലഭ്യമായിട്ടുണ്ട്.

സാംസങ്ങിന്റെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ചാൽ സാംസങ് ഗാലക്സി എ25 5ജിക്ക് ലഭിക്കുന്ന പുതിയ ഡിസ്കൗണ്ട് ദൃശ്യമാകും. ലോഞ്ച് ചെയ്യുന്ന സമയത്ത് ഗാലക്സി എ25 5ജിയുടെ 8GB+128GB പ്രാരംഭ വേരിയന്റിന് 26,999 രൂപയും 8GB+256GB ഹൈ എൻഡ് വേരിയന്റിന് 29,999 രൂപയും ആയിരുന്നു വില.
എന്നാലിപ്പോൾ സാംസങ് ഗാലക്സി എ25 5ജിയുടെ 128 ജിബി ഓപ്ഷൻ 23,999 രൂപയ്ക്കും 256 ജിബി ഓപ്ഷൻ 26,999 രൂപയ്ക്കും ലഭ്യമാണ്. സാംസങ് വെബ്സൈറ്റിൽ ആണ് ഈ ഡിസ്കൗണ്ട് പ്രകടമാകുക എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കണം. ആമസോണിലും ഗാലക്സി എ25 5ജി ലഭ്യമാണ്.

ആമസോണിൽ ഗാലക്സി എ25 5ജി അടിസ്ഥാന വേരിയന്റ് നിലവിൽ 24,086 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ തെരഞ്ഞെടുത്ത ബാങ്ക് കാർഡ് ഉപയോഗിച്ചാൽ 2000 രൂപ ഡിസ്കൗണ്ട് കിട്ടും. അതിനാൽ 22000 രൂപ വിലയിൽ ആമസോണിൽ നിന്ന് ഈ ഫോൺ വാങ്ങാൻ സാധിക്കും എന്നകാര്യവും ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
സാംസങ് ഗാലക്സി എ25 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 1,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ് എന്നിവ സഹിതം എത്തുന്ന 6.5 ഇഞ്ച് എഫ്എച്ച്‌ഡി+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. ഇൻഫിനിറ്റി യു ഡിസൈൻ, വാട്ടർഡ്രോപ്പ് സ്റ്റൈൽ ഡിസ്പ്ലേ നോച്ച് എന്നിവയും ഉണ്ട്.
സാംസങ്ങിന്റെ തന്നെ എക്സിനോസ് 1280 ചിപ്സെറ്റ് ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. മാലിG68 MP4 ജിപിയുവും ഉണ്ട്. 128ജിബി, 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകൾക്ക് പുറമേ, മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 1TB വരെ വികസിപ്പിക്കാനുള്ള സൗകര്യവും ഇതിലുണ്ട്.

ക്യാമറയുടെ കാര്യത്തിലേക്ക് വന്നാൽ, ഒഐഎസ് പിന്തുണയുള്ള 50MP മെയിൻ ക്യാമറ, 8MP അൾട്രാവൈഡ് ലെൻസ്, 2MP ഡെപ്ത് ലെൻസ് എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് എ25 5ജിയിൽ ഉള്ളത്. സെൽഫിക്കും മറ്റുമായി 13MP ഫ്രണ്ട് ക്യാമറയും സാംസങ് നൽകിയിട്ടുണ്ട്.
ആൻഡ്രോയിഡ് 14, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, 5G, Wi-Fi, ബ്ലൂടൂത്ത്, GPS, 3.5mm ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, ആക്‌സിലറോമീറ്ററുകൾ, ഗൈറോ സെൻസർ, ജിയോമാഗ്നറ്റിക് സെൻസർ, ലൈറ്റ് സെൻസർ, വെർച്വൽ പ്രോക്‌സിമിറ്റി സെൻസർ, 25W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000mAh ബാറ്ററി തുടങ്ങിയ ഫീച്ചറുകളും ഗാലക്സി എ25 5ജിയിലുണ്ട്.
ബ്ലൂ, യെല്ലോ, ബ്ലൂ ബ്ലാക്ക് എന്നിങ്ങനെ 3 കളർ ഓപ്ഷനുകളിൽ സാംസങ് ഗാലക്സി എ25 5ജി സ്മാർട്ട്‌ഫോൺ ലഭ്യമാണ്. നിലവിലെ വിലയും ഡിസ്കൗണ്ടുകളും പരിശോധിച്ചാൽ 25000 രൂപയിൽ താഴെ വിലയിൽ ലഭ്യമായിട്ടുള്ളതിൽ ഒരു മികച്ച 5ജി സ്മാർട്ട്ഫോൺ തന്നെയാണ് ഇത്. എന്നാൽ, ഇപ്പോൾ ലഭ്യമായിരിക്കുന്ന ഡിസ്കൗണ്ടുകൾ എത്രനാളത്തേക്ക് ലഭിക്കും എന്നത് വ്യക്തമല്ല.


Click it and Unblock the Notifications








