ആദ്യം ഫോൺ വന്നു, ഇപ്പോൾ വിലയും! സാംസങ് ഗാലക്സി എ55, എ35 5ജി ഫോണുകൾ വാങ്ങാം, ഇത് അറിഞ്ഞ്...
സാംസങ് തങ്ങളുടെ എ സീരീസിൽ പുതിയ രണ്ട് ഫോണുകൾ ഈ ആഴ്ച ആദ്യം ലോഞ്ച് ചെയ്തിരുന്നു. ഗാലക്സി എ55 5ജി (Samsung Galaxy A55 5G), ഗാലക്സി എ35 5ജി (Samsung Galaxy A35 5G) എന്നിവയായിരുന്നു അവ. ഇവയുടെ ഇന്ത്യയിലെ വില ഇപ്പോൾ പരസ്യപ്പെടുത്തിയിരിക്കുന്നു.
120Hz സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയുമായാണ് ഈ ഫോണുകൾ എത്തുന്നത്. ഗാലക്സി എ55 5ജിയിൽ ഏറ്റവും പുതിയ എക്‌സിനോസ് 1480 ചിപ്സെറ്റും A35 5ജിയിൽ എക്സിനോസ് 1380 ചിപ്സെറ്റും ആണ് നൽകിയിരിക്കുന്നത്. ഈ രണ്ട് സ്മാർട്ട്ഫോണുകളുടെയും ലോഞ്ച് നടന്നിരുന്നു എങ്കിലും ഇന്ത്യയിലെ വില ഇപ്പോഴാണ് പുറത്തുവിട്ടിരിക്കുന്നത്.

OIS, വീഡിയോ ഡിജിറ്റൽ ഇമേജ് സ്റ്റെബിലൈസേഷൻ (VDIS), 5MP മാക്രോ സെൻസർ എന്നിവയുള്ള 50MP പ്രധാന ക്യാമറയാണ് രണ്ട് ഫോണുകളിലും ഉള്ളത്. A55-ന് 12MP അൾട്രാ വൈഡും A35-ന് 8MP അൾട്രാ-വൈഡ് ക്യാമറയും ഉണ്ട്. ഈ രണ്ട് സ്മാർട്ട്ഫോണുകളിലെയും പ്രധാന ഫീച്ചറുകളും വിലയും ലഭ്യതയും ഇവിടെ പരിചയപ്പെടാം.
സാംസങ് ഗാലക്സി A55 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.6 ഇഞ്ച് FHD+ (2340 x 1080 പിക്സലുകൾ) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ എച്ച്ഡിആർ ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ സംരക്ഷണം എന്നിവയുമായാണ് എ55 5ജി എത്തുന്നത്.
എഎംഡി Xclipse 530 ജിപിയു ഉള്ള 2.75GHz ഒക്ടാ കോർ എക്‌സിനോസ് 1480 പ്രോസസർ ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. ഇതിന് ശക്തമായ പിന്തുണ നൽകാനായി 8GB / 12GB റാം, 128GB / 256GB ഇൻ്റേണൽ സ്റ്റോറേജ് ഓപ്ഷനുകളും നൽകിയിരിക്കുന്നു. മൈക്രോ SD കാർഡ് വഴി സ്റ്റോറേജ് 1TB വരെ വികസിപ്പിക്കാം.
f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, OIS, f/2.2 അപ്പേർച്ചറുള്ള 12MP അൾട്രാ വൈഡ് ആംഗിൾ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 5MP മാക്രോ സെൻസർ, LED ഫ്ലാഷ് എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. f/2.2 അപ്പേർച്ചർ ഉള്ള 32MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.
സാംസങ് ഗാലക്സി എ35 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.6 ഇഞ്ച് FHD+ (2340 x 1080 പിക്സലുകൾ) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ എച്ച്ഡിആർ ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ് എന്നിവ ഇതിലുണ്ട്. ഒക്ട കോർ (2.4GHz Quad A78 + 2GHz Quad A55 CPU-കൾ) എക്സിനോസ് 1380 ആണ് പ്രോസസർ.

8ജിബി റാം, 128ജിബി /256ജിബി ഇൻ്റേണൽ സ്റ്റോറേജ് എന്നിവ എ35 5ജിയിലുണ്ട്. f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, OIS, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ വൈഡ് ആംഗിൾ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 5MP മാക്രോ സെൻസർ, LED ഫ്ലാഷ് എന്നിവയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറയും f/2.2 അപ്പേർച്ചറുള്ള 13MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.
മറ്റ് ഫീച്ചറുകളെല്ലാം ഈ രണ്ട് ഫോണുകളിലും ഏതാണ്ട് ഒരുപോലെ തന്നെയാണ്. 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററിയാണ് രണ്ട് ഫോണുകളിലും ഉള്ളത്. കൂടാതെ, രണ്ട് ഫോണുകളും ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 6.1ൽ പ്രവർത്തിക്കുന്നു. നാല് തലമുറ വരെ ഒഎസ് അപ്‌ഗ്രേഡുകളും അഞ്ച് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി ഉറപ്പുനൽകുന്നുണ്ട്.
ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, IP67 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, 5G SA / NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ടൈപ്പ്-C തുടങ്ങിയവയൊക്കെയാണ് ഈ ഫോണുകളിലെ മറ്റ് പ്രധാന ഫീച്ചറുകൾ.

വിലയും ലഭ്യതയും: ഗാലക്സി എ35 5ജിയുടെ 8GB + 128GB വേരിയന്റിന് 30,999 രൂപയും 8GB + 256GB വേരിയന്റിന് 33,999 രൂപയും ആണ് വില. ഗാലക്സി A54 5ജിയുടെ 8GB + 128GB അടിസ്ഥാന മോഡലിന്റെ വില 39,999 രൂപയിൽ ആരംഭിക്കുന്നു.
ഗാലക്സി A54 5ജിയുടെ 8GB + 256GB വേരിയന്റിന്റെ വില 42,999 രൂപയായും 12GB + 256GB ടോപ് വേരിയന്റിന്റെ വില 45,999 രൂപയായും നിശ്ചയിച്ചിരിക്കുന്നു. സാംസങ് എക്സ്ക്ലൂസീവ്, പാർട്ണർ സ്റ്റോറുകൾ, Samsung.com, മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ എന്നിവയിൽ നിന്ന് മാർച്ച് 14 മുതൽ ഈ ഫോണുകൾ ലഭ്യമാണ്.
വിൽപ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് ആകർഷകമായ ലോഞ്ച് ഓഫറുകളും ഈ ഫോണുകൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. തിരഞ്ഞെടുത്ത ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് നടത്തിയാൽ 3,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ടും 1899 രൂപ വിലയുള്ള സിലിക്കൺ കെയ്‌സ് സൗജന്യമായും ലഭിക്കും. മാർച്ച് 14ന് ഉച്ചയ്ക്ക് 12 മുതലാണ് ഈ ഓഫറുകൾ ലഭ്യമാകുക.


Click it and Unblock the Notifications








