അൽപ്പം കാത്തിരുന്നാൽ, സാംസങ് ഗാലക്സി A35 5G വാങ്ങാം, മറക്കാതെ ഈ പേര് കുറിച്ചുവച്ചോ!
സാംസങ് ഇന്ത്യ അടക്കമുള്ള വിപണികളിലേക്ക് ഒരു കിടിലൻ 5ജി സ്മാർട്ട്ഫോൺ അവതരിപ്പിക്കാൻ തയാറെടുക്കുന്നു. സാംസങ് ഗാലക്സി A35 5G ( Samsung Galaxy A35 5G) എന്ന സ്മാർട്ട്ഫോൺ ആണ് സാംസങ് ആരാധകർക്ക് ആവേശം പകർന്ന് ഗൂഗിൾ പ്ലേ കൺസോൾ ഡാറ്റാബേസിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
അധികം വൈകാതെ സാംസങ് ഗാലക്സി A35 5G ലോഞ്ച് ചെയ്യും എന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ഡിസ്‌പ്ലേ, പ്രോസസർ, മെമ്മറി, സോഫ്‌റ്റ്‌വെയർ മുതലായ പ്രധാന സ്‌പെസിഫിക്കേഷനുകൾക്ക് ശേഷം ഈ സ്മാർട്ട്ഫോണിന്റെ ഡിസൈനും ഇപ്പോൾ വ്യക്തമായിട്ടുണ്ട്. മറ്റ് നിരവധി സർട്ടിഫിക്കേഷനുകളിലും ബെഞ്ച്മാർക്ക് സൈറ്റുകളിലും ഈ സ്മാർട്ട്ഫോൺ കണ്ടിരുന്നു.

കൂടാതെ Samsung.com-ൽ ഇതിന് ഒരു സപ്പോർട്ടിങ് പേജും ലഭിച്ചിട്ടുണ്ട്. അധികം വൈകാതെ ഗാലക്സി A35 5G ആഗോളതലത്തിൽ ലോഞ്ച് ചെയ്യുമെന്ന് ഈ വിവരങ്ങൾ സൂചിപ്പിക്കുന്നു. ഗൂഗിൾ പ്ലേ കൺസോൾ ലിസ്റ്റിംഗിൽ SM A356E എന്ന കോഡിൽ ഈ സാംസങ് ഫോൺ കണ്ടെത്തിയതായി മൈസ്മാർട്ട് പ്രൈസ് (MySmartPrice) റിപ്പോർട്ട് ചെയ്തു.
ഗൂഗിൾ പ്ലേ കൺസോൾ ലിസ്റ്റിംഗിലെ ചിത്രത്തിൽ നിന്ന്, സാംസങ് ഗാലക്സി A35 5G സ്മാർട്ട്ഫോണിന് ഫ്രണ്ടിൽ ഒരു പഞ്ച് ഹോൾ കട്ട്ഔട്ട് ഉണ്ടെന്ന് കാണാം. പുറകിൽ, മുകളിൽ ഇടത് മൂലയിൽ ലംബമായി ക്രമീകരിച്ചിരിക്കുന്ന 3 ക്യാമറ സെൻസറുകളും കാണാം. അതിനാൽ ഇത് ട്രിപ്പിൾ ക്യാമറ യൂണിറ്റുമായാണ് എത്തുന്നത്.
സാംസങ്ങിന്റെ എക്സിനോസ് 1380 ചിപ്സെറ്റിലാണ് (2.4GHz-ൽ 4x Cortex A78, 2.0GHz-ൽ 4x Cortex A55, ARM Mali G68 GPU) ഗാലക്സി A35 5G എത്തുക. ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്ന മോഡലിന് 6 ജിബി റാം ഉണ്ട്. കൂടാതെ ഇതിന് ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള വൺ യുഐ ഉണ്ട്.
1080×2340 പിക്സൽ ഡിസ്പ്ലേ റെസലൂഷൻ, 450 പിപിഐ പിക്സൽ സാന്ദ്രത എന്നിവയും സാംസങ് ഗാലക്സി എ35 5ജിയിൽ ഉണ്ടെന്ന് ലിസ്റ്റിങ് വെളിപ്പെടുത്തുന്നു. തായ്‌ലൻഡിൻ്റെ NBTC, പെറുവിലെ MTC, കൊറിയൻ NRRA, യുഎസിൻ്റെ FCC, ഇന്ത്യയുടെ BIS, ബ്ലൂടൂത്ത് SIG, Geekbench, Samsung.com തുടങ്ങിയ സൈറ്റുകളിലെ ലിസ്റ്റിംഗുകളിൽനിന്ന്, ഈ സ്മാർട്ട്ഫോണിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടുണ്ട്.
സാംസങ് ഗാലക്സി എ35 5ജിയിൽ പ്രതീക്ഷിക്കുന്ന പ്രധാന ഫീച്ചറുകൾ: A35-ന് FHD+ റെസല്യൂഷനോടുകൂടിയ 6.5 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയും 120Hz റിഫ്രഷ് റേറ്റും ഉണ്ടാകും. Exynos 1380 ചിപ്‌സെറ്റ് ആണ് ഈ 5ജി സ്മാർട്ട്ഫോണിന്റെ കരുത്ത്. 8GB വരെ റാമിനൊപ്പം, 256GB വരെ സ്റ്റോറേജ് ലഭിക്കും.

സാംസങ് ഗാലക്സി എ35 5ജിയുടെ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റിനെ നയിക്കുന്നത് 48എംപി മെയിൻ സെൻസർ ആയിരിക്കും. ഫ്രണ്ട് ക്യാമറ കട്ട്ഔട്ടിൽ 32എംപി സെൻസറാണ് പ്രതീക്ഷിക്കുന്നത്. ഒഎസ് വൺയുഐ കസ്റ്റം വേർഷൻ ആയിരിക്കാം. 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയും ഈ സാംസങ് ഫോണിൽ ഉണ്ടാകും എന്ന് അനുമാനിക്കപ്പെടുന്നു.
ഇതിനകം ലീക്കായ ചിത്രങ്ങൾ നൽകുന്ന വിവരങ്ങൾ പ്രകാരം സാംസങ് ഗാലക്സി എ35 5ജിയുടെ എഡ്ജുകൾ ഫ്ലാറ്റ് ഡിസൈനിലായിരിക്കാം എത്തുക. സിം കാർഡ് മുകളിലും യുഎസ്ബി സി പോർട്ടും മൈക്ക് ഹോളം സ്പീക്കർ ഗ്രില്ലും താഴെയും ആയിരിക്കും കാണപ്പെടുക. ഇതിന്റെ വില വിവരങ്ങൾ ലഭ്യമല്ല. ലോഞ്ച് തീയതിയോട് അടുത്ത് കൂടുതൽ വിവരങ്ങൾക്കൊപ്പം വിലയും അറിയാൻ കഴിഞ്ഞേക്കും.


Click it and Unblock the Notifications








