അന്തസുള്ള പ്രമുഖൻ! ഗാലക്സി A35ന് 5000 രൂപയും A55ന് 6000 രൂപയും ഡിസ്കൗണ്ട് പ്രഖ്യാപിച്ച് സാംസങ്
സ്മാർട്ട്ഫോൺ രംഗത്തെ പ്രമുഖനായ സാംസങ്ങിന്റെ രണ്ട് കിടിലൻ മിഡ് റേഞ്ച് സ്മാർട്ട്ഫോണുകൾ ഇപ്പോൾ യഥാക്രമം 5000 രൂപ, 6000 രൂപ ഡിസ്കൗണ്ടുകളിൽ സ്വന്തമാക്കാൻ അവസരം. ഈ വർഷം മാർച്ചിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത സാംസങ് ഗാലക്സി എ35 5ജി (Samsung Galaxy A35 5G), ഗാലക്‌സി എ55 (Samsung Galaxy A55 5G) എന്നിവയാണ് ഇപ്പോൾ വൻ വിലക്കുറവോടു കൂടി വാങ്ങാൻ ലഭ്യമായിരിക്കുന്നത്. ബാങ്ക് ഡിസ്കൗണ്ട് വഴി എ35 5ജിക്ക് 5000 രൂപയും എ55 5ജിക്ക് 6000 രൂപയും ഡിസ്കൗണ്ട് ആണ് ലഭ്യമായിരിക്കുന്നത്.
ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് സാംസങ് ഗാലക്സി എ35 5ജിയുടെ 8GB + 128GB അടിസ്ഥാന വേരിയന്റിന് 30,999 രൂപയും 8GB + 256GB വേരിയന്റിന് 33,999 രൂപയും ആയിരുന്നു വില. ഇപ്പോൾ 5000 രൂപ ഡിസ്കൗണ്ട് ലഭ്യമാകുന്നതിനാൽ അടിസ്ഥാന മോഡലിന്റെ വില 25999 രൂപയായി കുറയുന്നു. ഉയർന്ന മോഡൽ 28,999 രൂപയ്ക്കും വാങ്ങാം.

അതേപോലെ സാംസങ് ഗാലക്സി എ55 5ജിയുടെ 8GB + 128GB അടിസ്ഥാന മോഡൽ 39,999 രൂപ വിലയിലും 8GB + 256GB വേരിയന്റ് 42,999 രൂപ വിലയിലും 12GB + 256GB ടോപ് വേരിയന്റ് 45,999 രൂപ വിലയിലുമാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്. ഇപ്പോൾ ഈ ഫോണിന് 6000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നു.
അതിനാൽ ബാങ്ക് ഡിസ്കൗണ്ടിന്റെ സഹായത്താൽ സാംസങ് ഗാലക്സി എ55 5ജിയുടെ അടിസ്ഥാന മോഡൽ ഇപ്പോൾ 33,999 രൂപ വിലയിൽ സ്വന്തമാക്കാൻ സാധിക്കുന്നു. സാംസങ്ങിന്റെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റിൽ ഈ ഫോണുകൾ ഡിസ്കൗണ്ടുകൾ സഹിതം ലിസ്റ്റ് ചെയ്തിട്ടുണ്ട്. പരിമിത കാലയളവിലേക്ക് ആയിരിക്കാം ഈ ഡിസ്കൗണ്ട് ലഭ്യമാകുക എന്നകാര്യം ശ്രദ്ധിക്കുക.

സാംസങ് സ്മാർട്ട്ഫോണുകൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്. നാല് വർഷത്തെ OS അപ്‌ഗ്രേഡുകൾ, IP67 റേറ്റിംഗ്, 120Hz സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, OIS പിന്തുണയുള്ള 50MP പ്രൈമറി ക്യാമറ എന്നിങ്ങനെ നിരവധി ഫീച്ചറുകൾ ഈ സാംസങ് ഗാലക്സി സ്മാർട്ട്ഫോണുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഗാലക്സി എ35 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.6 ഇഞ്ച് FHD+ (2340 x 1080 പിക്സലുകൾ) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ എച്ച്ഡിആർ ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, ഒക്ട കോർ എക്സിനോസ് 1380 പ്രോസസർ, 8ജിബി റാം, 128ജിബി /256ജിബി ഇൻ്റേണൽ സ്റ്റോറേജ് എന്നിവ എ35 5ജിയിലുണ്ട്.
f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, OIS, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ വൈഡ് ആംഗിൾ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 5MP മാക്രോ സെൻസർ, LED ഫ്ലാഷ് എന്നിവയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറയും f/2.2 അപ്പേർച്ചറുള്ള 13MP ഫ്രണ്ട് ക്യാമറയും അടങ്ങുന്നതാണ് ഈ ഫോണിലെ ക്യാമറ സൗകര്യങ്ങൾ.

ഗാലക്സി A55 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.6 ഇഞ്ച് FHD+ (2340 x 1080 പിക്സലുകൾ) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ എച്ച്ഡിആർ ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷൻ, എഎംഡി Xclipse 530 ജിപിയു ഉള്ള 2.75GHz ഒക്ടാ കോർ എക്സിനോസ് 1480 പ്രോസസർ എന്നിവ ഇതിലുണ്ട്.
8GB/12GB റാം, 128GB/ 256GB ഇൻ്റേണൽ സ്റ്റോറേജ് ഓപ്ഷനുകളും മൈക്രോ SD കാർഡ് വഴി സ്റ്റോറേജ് 1TB വരെ വികസിപ്പിക്കാനുള്ള സൗകര്യവും ലഭിക്കും. 50MP മെയിൻ ക്യാമറ, 12MP അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 5MP മാക്രോ സെൻസർ, LED ഫ്ലാഷ് എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറയും 32MP ഫ്രണ്ട് ക്യാമറയും ഈ ഫോൺ നൽകുന്നു.
ഗാലക്സി എ55 5ജി, എ35 5ജി എന്നിവയുടെ മറ്റ് ഫീച്ചറുകളെല്ലാം ഏതാണ്ട് ഒരുപോലെ തന്നെയാണ്. 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററി ഇവയിലുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 6.1ൽ ആണ് പ്രവർത്തനം. നാല് വർഷ ഒഎസ് അപ്‌ഗ്രേഡുകളും അഞ്ച് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി ഉറപ്പുനൽകുന്നുണ്ട്.
5G SA / NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ടൈപ്പ്-C, IP67 റേറ്റിങ്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ/ മൈക്രോ എസ്ഡി), യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ് തുടങ്ങിയവയൊക്കെയാണ് ഈ ഫോണുകളിലെ മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








