കണ്ടാൽ പത്രാസുകാരൻ, പക്ഷേ...! സാംസങ് ഗാലക്സി F05 ഇന്ത്യയിൽ ലോഞ്ച് ചെയ്തു
സാംസങ് തങ്ങളുടെ F സീരീസിലേക്ക് ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി അവതരിപ്പിച്ചിരിക്കുന്നു. കഴിഞ്ഞയാഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഗാലക്സി M05ന്റെ റീബ്രാൻഡഡ് പതിപ്പ് എന്ന് തോന്നിപ്പിക്കും വിധത്തിൽ ഗാലക്സി F05 (Samsung Galaxy F05) എന്ന പുത്തൻ സ്മാർട്ട്ഫോണാണ് അവതരിപ്പിച്ചിരിക്കുന്നത്. ഫീച്ചറുകളുടെ കാര്യത്തിൽ മാത്രമല്ല വിലയുടെ കാര്യത്തിലും ഈ രണ്ട് ഫോണുകളും സാമ്യത പുലർത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. എന്നാൽ എം05നെക്കാൾ പ്രീമിയം ലുക്കിലാണ് പുതിയ എഫ്05 എത്തിയിരിക്കുന്നത്. അതിന് കാരണം M05ലുള്ള പ്ലാസ്റ്റിക് ബാക്കിന് പകരം ലെതർ ഫിനിഷാണ് എഫ്05ൽ നൽകിയിരിക്കുന്നത്. അതിനാൽ ഇത് കൈകളിൽ പിടിക്കുമ്പോൾ പ്രീമിയം എക്സ്പീരിയൻസ് ലഭിക്കുന്നു.
എം05 സ്മാർട്ട്ഫോണുമായി സാദൃശ്യമുണ്ടെങ്കിലും ഗാലക്സി എഫ്04ന്റെ പിൻഗാമി എന്ന നിലയ്ക്കാണ് ഗാലക്സി എഫ്05 ലോഞ്ച് ചെയ്തിരിക്കുന്നത്. ഗാലക്സി എഫ്04 മോഡലിൽ ഹീലിയോ പി35 ചിപ്സെറ്റ് ആയിരുന്നു, എന്നാലിപ്പോൾ എത്തിയിരിക്കുന്ന പുതിയ മോഡൽ മീഡിയടെക് ഹീലിയോ ജി85 ചിപ്സെറ്റ് കരുത്തിലാണ് എത്തുന്നത്. അതിനാൽ തന്നെ മുൻ മോഡലിനെക്കാൾ മികച്ച പെർഫോമൻസ് ഈ ഫോൺ കാഴ്ചവയ്ക്കും.

അതേപോലെ ഡിസ്പ്ലേയുടെ കാര്യത്തിലും എഫ്04ൽ നെക്കാൾ മുന്നിൽ പുതിയ എഫ്05 ആണ്. എഫ്04ന്റെ ഡിസ്പ്ലേ വലിപ്പം 6.5 ആയിരുന്നു. എന്നാൽ പുതിയ മോഡലിൽ ഇത് 6.7 ഇഞ്ചായി ഉയർത്തിയിട്ടുണ്ട്. ഫ്രണ്ട് റിയർ ക്യാമറകളും ചാർജിങ് വേഗതയും മുൻഗാമിയെക്കാൾ കൂടുതൽ മികച്ചതാക്കിയിട്ടുണ്ട്. എന്നാൽ ബാറ്ററി കപ്പാസിറ്റിയിൽ മാറ്റമില്ല. ഈ ഫോണിന്റെ ഫീച്ചറുകൾ വിശദമായി പരിചയപ്പെടാം.
സാംസങ് ഗാലക്സി F05 ന്റെ പ്രധാന ഫീച്ചറുകൾ: ഒക്ടാകോർ മീഡിയടെക് ഹീലിയോ G85 12nm പ്രൊസസർ (ഡ്യുവൽ 2GHz Cortex-A75 + Hexa 1.8GHz 6x Cortex-A55 CPU) ആണ് ഈ ഫോണിന്റെ കരുത്ത്. 6.7 ഇഞ്ച് (720 x 1600 പിക്സലുകൾ) HD+ LCD സ്ക്രീൻ, 60Hz റിഫ്രഷ് റേറ്റ് എന്നിവ ഈ ഗാലക്സി ഫോൺ വാഗ്ദാനം ചെയ്യുന്നു.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള OneUI കോർ 6.0 ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 1000MHz വരെ ARM Mali-G52 ജിപിയു, 4GB LPDDR4X റാം, 64GB eMMC 5.1 സ്റ്റോറേജ് എന്നിവയും ഈ ഫോണിലുണ്ട്. മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് 1TB വരെ വികസിപ്പിക്കാൻ സാധിക്കും.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് സാംസങ് ഗാലക്സി എഫ്05ൽ നൽകിയിരിക്കുന്നത്. അതിൽ എഫ്/1.8 അപ്പേർച്ചറുള്ള 50എംപി മെയിൻ ക്യാമറ, എഫ്/2.4 അപ്പേർച്ചറുള്ള 2എംപി ഡെപ്ത് സെൻസർ, എൽഇഡി ഫ്ലാഷ് എന്നിവ ഉൾപ്പെടുന്നു. സെൽഫിക്കും മറ്റുമായി f/2.0 അപ്പേർച്ചർ ഉള്ള 8MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഉണ്ട്.
ഗാലക്‌സി F04ൽ 13MP + 2MP റിയർ ക്യാമറയും 5MP ഫ്രണ്ട് ക്യാമറയുമാണ് ഉണ്ടായിരുന്നത്. അതുമായി താരതമ്യപ്പെടുത്തുമ്പോൾ എഫ്05 ഏറെ മികച്ചതാണ്. ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി) സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്കാനർ, 3.5 എംഎം ഓഡിയോ ജാക്ക് തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.

ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, USB ടൈപ്പ്-സി, 25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയാണ് ഗാലക്സി എം05ന്റെ മറ്റ് പ്രധാന ഫീച്ചറുകൾ. ഇതൊരു 4ജി സ്മാർട്ട്ഫോൺ ആണ് എന്ന് ഇതിൽ നിന്ന് വ്യക്തമാണ്.
സാംസങ് ഗാലക്സി എഫ്05ൻ്റെ സിംഗിൾ 4GB + 64GB മോഡലിന് 7999 രൂപയാണ് വില. ട്വിലൈറ്റ് ബ്ലൂ നിറത്തിലാണ് ഈ ഫോൺ എത്തുന്നത്. സെപ്റ്റംബർ 20 മുതൽ സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകളിൽ നിന്നും ഈ ഫോൺ വാങ്ങാൻ സാധിക്കും. പ്രീമിയം ലുക്ക് ഒക്കെയുണ്ടെങ്കിലും ഇത് ഒരു 4ജി സ്മാർട്ട്ഫോൺ ആണ് എന്നകാര്യം പ്രത്യേകം ഓർക്കുക.


Click it and Unblock the Notifications








