പാവങ്ങളുടെ S25 അൾട്രയും പ്ലസും ഇവൻ തന്നെ! വില 10000 രൂപയിൽ താഴെ, ആവേശമായി സാംസങ് ഗാലക്സി F06 5G
ഇന്ത്യയിലെ ബജറ്റ് സ്മാർട്ട്ഫോൺ പ്രേമികൾക്കും സാംസങ് ആരാധകർക്കും ആവേശം പകർന്ന് സാംസങ്ങിന്റെ പുതിയ വെളിപ്പെടുത്തൽ എത്തിയിരിക്കുന്നു. ഉടൻ തന്നെ ഇന്ത്യയിൽ 10000 രൂപയിൽ താഴെ വിലയിൽ പുതിയ 5ജി സ്മാർട്ട്ഫോൺ ഇറക്കും എന്ന് സാംസങ് സ്ഥിരീകരിച്ചു. ബജറ്റ് 5ജി സ്മാർട്ട്ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് ഗാലക്സി എഫ്06 5ജി (Samsung Galaxy F06 5G) എന്ന മോഡലാണ് പുറത്തിറക്കുക. തങ്ങളുടെ എഫ് സീരീസിൽ F16 5G എന്ന ഒരു പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിക്കുമെന്ന് ടീസർ പുറത്തുവിട്ട് കഴിഞ്ഞ ദിവസം സാംസങ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഗാലക്സി F06 5ജി അവതരിപ്പിക്കുന്നതും സ്ഥിരീകരിച്ചിരിക്കുന്നത്.
രണ്ട് പുതിയ എഫ് സീരീസ് 5ജി ഫോണുകൾ എത്തുന്നു എന്നത് സാംസങ് ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. ഇപ്പോൾ ഗാലക്സി എഫ്06 5ജിയുടെ വരവ് സ്ഥിരീകരിച്ചുകൊണ്ട് സാംസങ് പുറത്തുവിട്ട ടീസറിൽ വരാൻ പോകുന്ന ഫോണിന്റെ ക്യാമറ യൂണിറ്റ് കാണാൻ സാധിക്കും. വലിയ സെൻസറും അതിനു താഴെ ചെറിയ സെൻസറും ഉള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിൽ ഉണ്ടാകുകയെന്ന് ചിത്രം വെളിപ്പെടുത്തുന്നു.

50MP + 2MP ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമായിരിക്കും സാംസങ് പുതിയ ഗാലക്സി എഫ്06 5ജിയിൽ സജ്ജീകരിക്കുക എന്ന് ഓൺലൈൻ റിപ്പോർട്ടുകൾ പറയുന്നു ഇത്. ഫ്ലാറ്റ് എഡ്ജുകളാണ് ഈ ഫോണിനുള്ളത് എന്ന് ടീസർ വെളിപ്പെടുത്തുന്നുണ്ട്. ബജറ്റ് വിലയിലാണ് എത്തുന്നത് എങ്കിലും ഈ 5ജി ഫോൺ വേഗതയേറിയതും സ്റ്റൈലിഷുമായിരിക്കുമെന്ന് കമ്പനി പറയുന്നു.
അടുത്തിടെ സാംസങ് ഇന്ത്യ സപ്പോർട്ട് പേജിൽ SM-E066B/DS എന്ന മോഡൽ നമ്പറിൽ സാംസങ് ഗാലക്സി എഫ്06 കണ്ടെത്തിയിരുന്നു. നോച്ച് ഡിസ്‌പ്ലേ, 25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവ സഹിതമാണ് ഈ സാംസങ് ബജറ്റ് 5ജി ഫോൺ എത്തുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പുതിയ സാംസങ് എഫ് സീരീസ് ഫോണുകൾ അവതരിപ്പിക്കാൻ പോകുന്ന കാര്യവും അവയുടെ പേരും വെളിപ്പെടുത്തിയെങ്കിലും ലോഞ്ച് തിയതി സാംസങ് പുറത്തുവിട്ടിട്ടില്ല. എങ്കിലും ഈ മാസം അവസാനത്തോടെ ലോഞ്ച് ഉണ്ടാകും എന്നാണ് ലീക്ക് റിപ്പോർട്ടുകൾ പറയുന്നത്. ലോഞ്ചിന് ശേഷം സാംസങ് ഇന്ത്യ ഓൺലൈൻ സ്റ്റോറിന് പുറമേ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓൺലൈനായി ഈ ഫോണുകൾ ലഭ്യമാകും.
സാംസങ് ഗാലക്സി എഫ്16 5ജി: മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്സെറ്റ്, 8GB റാം, ആൻഡ്രോയിഡ്14 അടിസ്ഥാനമാക്കിയുള്ള വൺ UI 6 എന്നിവ വരാൻ പോകുന്ന ഗാലക്സി എഫ്16 5ജിയിൽ ഉണ്ടാകും എന്ന് റിപ്പോർട്ടുകൾ പറയുന്നു. 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും 6 OS അപ്‌ഡേറ്റുകളും ഈ ഫോണിന് സാംസങ് വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്.
ലഭ്യമായ വിവരങ്ങൾ പ്രകാരം കഴിഞ്ഞ വർഷം ഒക്ടോബറിൽ ലോഞ്ച് ചെയ്ത ഗാലക്സി A16 ന്റെ ഫീച്ചറുകൾക്ക് സമാനമായ ഫീച്ചറുകളാണ് ഇതുവരെ ഗാലക്സി എഫ്16 5ജിയിലും കണ്ടെത്തിയിരിക്കുന്നത്. എന്നാൽ സാംസങ് ഔദ്യോഗികമായി ഈ ഫോണിന്റെ ഫീച്ചറുകൾ ഒന്നും വെളിപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ലോഞ്ച് ഈ മാസം തന്നെ ഉണ്ടാകും എന്നതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടേക്കാം.

ഗാലക്സി F05, ഗാലക്സി F15 എന്നിവയുടെ പിൻഗാമികളായിട്ടാണ് ഗാലക്സി F06, F16 എന്നിവ എത്താൻ പോകുന്നത്. ഗാലക്സി എഫ്06 10000 രൂപയിൽ താഴെ വിലയിൽ എത്തുമെന്ന് സാംസങ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗാലക്സി എഫ്16 5ജിയുടെ വില വെളിപ്പെടുത്തിയിട്ടില്ല. ഗാലക്സി എഫ്15 മോഡൽ 15999 രൂപ പ്രാരംഭ വിലയിലാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. അതിന്റെ പിൻഗാമിയായ ഗാലക്സി എഫ്16 5ജിയും ഏതാണ്ട് അതേ വിലയിൽ തന്നെയാകും എത്തുക.


Click it and Unblock the Notifications








