വില വെറും 9499 രൂപ മാത്രം! സാംസങ് ഗാലക്സി F06 5G ഇന്ത്യയിൽ; 50 MP ക്യാമറ, 5000 mAh ബാറ്ററി, 12 5G ബാൻഡുകൾ...
ഇന്ത്യക്കാരുടെ 5ജി സ്മാർട്ട്ഫോൺ മോഹങ്ങൾക്ക് പിന്തുണയായി 10000 രൂപയിൽ താഴെ വിലയിൽ പുതിയ 5ജി സ്മാർട്ട്ഫോൺ അവതരിപ്പിച്ച് സാംസങ്. ഗാലക്സി എഫ് സീരീസിലേക്കുള്ള ഏറ്റവും പുതിയ കൂട്ടിച്ചേർക്കലായി സാംസങ് ഗാലക്സി എഫ്06 5ജി (Samsung Galaxy F06 5G) എന്ന മോഡലാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. സാധാരണക്കാർക്ക് അത്യാവശ്യം മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ബജറ്റ് 5ജി സ്മാർട്ട്ഫോൺ ആണ് ഇത്. 12 5ജി ബാൻഡുകളുടെ പിന്തുണ സഹിതമാണ് ഈ ഗാലക്സി എഫ്06 എത്തിയിരിക്കുന്നത്. അത് മാത്രമല്ല, ബജറ്റ് വിലയിലാണ് എത്തുന്നത് എങ്കിലും ഇതിലെ മറ്റ് ഫീച്ചറുകളും മികച്ചതാണ്.
12ജിബി വരെ റാം ഉപയോക്താക്കൾക്ക് ഇതിൽ ലഭ്യമാകും, കാരണം 6ജിബി വരെ റാമിന് പുറമേ 6ജിബി വെർച്വൽ റാം പിന്തുണയും ഇതിലുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 6300 SoC ആണ് ഈ ബജറ്റ് 5ജി സ്മാർട്ട്ഫോണിന്റെ കരുത്ത്. തിളങ്ങുന്ന ഒരു 'റിപ്പിൾ ഗ്ലോ' ഫിനിഷ് ഗാലക്സി എഫ്06 5ജിക്ക് ഉണ്ട്.

സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് അവരുടെ കവിളിലെ പുഞ്ചിരി മായാതെ തന്നെ, അതായത് അധികം ബുദ്ധിമുട്ടാതെ തന്നെ വാങ്ങാനാകുന്ന വിലയിൽ എത്തുന്നു എന്നതാണ് ഗാലക്സി എഫ്06 5ജിയുടെ വരവിനെ ശ്രദ്ധേയമാക്കിയിരിക്കുന്നത്. 4ജി ഫോണിൽ നിന്ന് 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് ഒരു മികച്ച ഓപ്ഷനായി ഇനി ഗാലക്സി എഫ്06 5ജിയും ഇന്ത്യൻ വിപണിയിലുണ്ടാകും.
ഗാലക്സി എഫ്06 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് (720 x 1600 പിക്സലുകൾ) HD+ LCD സ്ക്രീൻ ആണ് ഇതിലുള്ളത്. 60Hz റിഫ്രഷ് റേറ്റ്, 800 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിനുണ്ട്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ ഫോണിന്റെ കരുത്ത്.

ആം മാലി-G57 MC2 GPU, 4GB / 6GB LPDDR4X റാം, 6ജിബി വരെ വെർച്വൽ റാം, 128GB സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഗാലക്സി എഫ്06 5ജിയിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ UI 7ൽ ആണ് പ്രവർത്തനം. 4 OS അപ്‌ഗ്രേഡുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണിന് ലഭ്യമാകുമെന്ന് സാംസങ് സ്ഥിരീകരിച്ചിട്ടുണ്ട്.
ക്യാമറകളുടെ കാര്യത്തിലേക്ക് വന്നാൽ, f/1.8 അപ്പേർച്ചറുള്ള 50MP പിൻ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP ഡെപ്ത് സെൻസർ, LED ഫ്ലാഷ് എന്നിവയാണ് ഇതിന്റെ റിയർ ക്യാമറ വിഭാഗത്തിൽ ഉള്ളത്. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി നോച്ചിനുള്ളിൽ f/2.0 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഉണ്ട്.
ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA/NSA (12 5G ബാൻഡുകൾ), Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-സി പോർട്ട്, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, 3.5mm ഓഡിയോ ജാക്ക്, താഴെ-പോർട്ടഡ് സ്പീക്കർ എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററിയാണ് സാംസങ് ഗാലക്സി എഫ്06 5ജിയിൽ നൽകിയിരിക്കുന്നത്. എന്നാൽ പതിവ് പോലെ ബോക്സിനുള്ളിൽ ചാർജർ നൽകിയിട്ടില്ല എന്നകാര്യം കൂടി പ്രത്യേകം ശ്രദ്ധിക്കുക. 167.4x 77.4 x 8mm വലിപ്പവും 191 ഗ്രാം ഭാരവുമാണ് ഈ ഫോണിനുള്ളത്.
സാംസങ് ഗാലക്‌സി F06 5Gയുടെ 4GB+ 128GB മോഡലിന് 9,499 രൂപയും 6GB+ 128GB മോഡലിന് 10,999 രൂപയുമാണ് വില (ഇതിൽ 500 രൂപ ബാങ്ക് ക്യാഷ്ബാക്ക് ഇൻട്രൊഡക്റ്ററി ഓഫറും ഉൾപ്പെടുന്നു). ബഹാമ ബ്ലൂ, ലിറ്റ് വയലറ്റ് നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്. ഫെബ്രുവരി 20 മുതൽ റീട്ടെയിൽ സ്റ്റോറുകൾ, Samsung.com, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴി വാങ്ങാനാകും.


Click it and Unblock the Notifications








