ഇനി രണ്ടും കൂടി ഒന്നിച്ച് ആവാം! സാംസങ് ഗാലക്സി F15 5G എയർടെൽ എഡിഷൻ ഇന്ത്യയിൽ
ഇനി സ്മാർട്ട്ഫോൺ വാങ്ങുന്നതും അതിലേക്കുള്ള ടെലിക്കോം സേവനദാതാവിനെ കണ്ടെത്തുന്നതും ഒന്നിച്ച് നടത്താം. കാരണം സ്മാർട്ട്ഫോൺ രംഗത്തെ പ്രമുഖ ബ്രാൻഡുകളിലൊന്നായ സാംസങ്ങും ടെലിക്കോം രംഗത്തെ വമ്പനായ എയർടെലും സഹകരിച്ചുകൊണ്ട് പുതിയ സാംസങ് ഗാലക്സി F15 5G എയർടെൽ എഡിഷൻ (Samsung Galaxy F15 5G Airtel Edition) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇന്ത്യയിൽ ഇതിനകം ലോഞ്ച് ചെയ്യപ്പെട്ട് മോഡൽ ആണ് സാംസങ് ഗാലക്സി F15 5G. എന്നാലിപ്പോൾ മുൻപ് ലോഞ്ച് ചെയ്യപ്പെട്ടപ്പോൾ ഉണ്ടായിരുന്നതിനെക്കാൾ വളരെ കുറഞ്ഞ വിലയിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാം എന്നതാണ് ഇപ്പോഴത്തെ ലോഞ്ച് കൊണ്ട് സ്മാർട്ട്ഫോൺ പ്രേമികൾക്ക് ഉണ്ടാകുന്ന ഗുണം.
അതായത് മുൻപ് ഇന്ത്യയിൽ ലോഞ്ച് ചെയ്തപ്പോൾ സാംസങ് ഗാലക്സി എഫ്15 5ജിയുടെ 4ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 15,999 രൂപയും 6ജിബി റാമും 128ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള മോഡലിന് 16,999 രൂപയും ആയിരുന്നു വില. എന്നാലിപ്പോൾ ഇതിനെക്കാൾ കുറഞ്ഞ വിലയിൽ ഈ സ്മാർട്ട്ഫോൺ എയർടെൽ എഡിഷനായി വാങ്ങാൻ സാധിക്കും.

സാംസങ് ഗാലക്സി F15 5G എയർടെൽ എഡിഷന്റെ 4GB + 128GB അടിസ്ഥാന വേരിയന്റിന് 12,999 രൂപയാണ് വില. ഇതിന്റെ 6GB + 128GB വേരിയന്റ് 14,499 രൂപ വിലയിലും 8GB + 128GB വേരിയന്റ് 15,999 രൂപ വിലയിലും ഇപ്പോൾ വാങ്ങാൻ സാധിക്കും. ഇത് കൂടാതെ ചില ലോഞ്ച് ഓഫറുകളും ലഭ്യമാണ്.
സാംസങ് ഗാലക്സി എഫ്15 5ജി എയർടെൽ എഡിഷന് ഫ്ലിപ്പ്കാർട്ടിൽ, എയർടെൽ വക 750 രൂപ ഡിസ്കൗണ്ട് ഉണ്ട്, കൂടാതെ 50 ജിബി സൗജന്യ ഡാറ്റയും ലഭിക്കും. എന്നാൽ അതിനായി ഈ സ്മാർട്ട്ഫോൺ വാങ്ങുന്നവർ കുറഞ്ഞത് 199 രൂപയുടെ പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യണം.

ഇത് കൂടാതെ, സാംസങ് ഗാലക്സി എഫ്15 5ജി എയർടെൽ എഡിഷന് ഐസിഐസിഐ, എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡുകൾക്കൊപ്പം 1000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ഉണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ വില 11,249 രൂപയായി കുറയും. സാംസങ് ഗാലക്സി എഫ് 15 എയർടെൽ എഡിഷൻ ആക്ടിവേഷൻ തീയതി മുതൽ 18 മാസത്തേക്ക് എയർടെൽ 5Gയിൽ ലോക്ക് ചെയ്യപ്പെട്ടിരിക്കുന്നു.
ഉപയോക്താക്കൾക്ക് വേണമെങ്കിൽ നിശ്ചിത കാലാവധിക്ക് മുൻപ് തന്നെ ഈ ലോക്ക് അൺലോക്ക് ചെയ്യാം. പക്ഷേ അതിന് ചെറിയ ഫീസ് എയർടെലിന് നൽകേണ്ടിവരും. ഫീച്ചറുകളുടെ കാര്യത്തിൽ ഈ സാംസങ് ഗാലക്സി F15 5G എയർടെൽ എഡിഷൻ മുൻപ് ലോഞ്ച് ചെയ്യപ്പെട്ട ഗാലക്സി F15 5ജിക്ക് സമാനമാണ്.
സാംസങ് ഗാലക്സി F15 5G എയർടെൽ എഡിഷന്റെ പ്രധാന ഫീച്ചറുകൾ: മീഡിയടെക് ഡൈമെൻസിറ്റി 6100+ പ്രോസസർ ആണ് ഈ സാംസങ് 5ജി സ്മാർട്ട്ഫോണിന്റെ കരുത്ത്. 6.5 ഇഞ്ച് FHD+ sAMOLED ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. ഒപ്പം 90Hz റിഫ്രഷ് റേറ്റും ഈ ഡിസ്പ്ലേ വാഗ്ദാനം ചെയ്യുന്നു.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള OneUI 6 കസ്റ്റം സ്‌കിനിലാണ് സാംസങ് ഫോൺ പ്രവർത്തിക്കുന്നത്. നാല് വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 5 അഞ്ച് വർഷത്തെ സുരക്ഷാ പാച്ചുകളും ഈ ഫോണിന് സാംസങ് വാഗ്ദാനം ചെയ്യുന്നു. 5ജി, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, കോളുകൾക്കുള്ള നോയ്‌സ് ക്യാൻസലേഷൻ ഫീച്ചർ, 5ജി എന്നിവയും ഇതിലുണ്ട്.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് സാംസങ് ഈ ഫോണിൽ നൽകിയിരിക്കുന്നത്. 50എംപി മെയിൻ ക്യാമറ, 5എംപി സെൻസർ, 2എംപി സെൻസർ എന്നിവ ഇതിൽ ഇടം പിടിച്ചിരിക്കുന്നു. സെൽഫികൾക്കായി 13MP ഫ്രണ്ട് ക്യാമറയും ഗാലക്സി എഫ്15 5ജി വാഗ്ദാനം ചെയ്യുന്നു. 25W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററിയാണ് ഗാലക്സി എഫ്15 5ജിയിൽ പായ്ക്ക് ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications








