സാംസങ് ഗാലക്സി എഫ്54 ഇന്ത്യയിലെത്തി; സന്തോഷിക്കാം, ചിലകാര്യങ്ങൾകൂടി അറിഞ്ഞുകൊണ്ട്!
സാംസങ് ആരാധകരിൽ ആവേശമുണർത്തി ഗാലക്സി എഫ് നിരയിലേക്ക് ഒരു സ്മാർട്ട്ഫോൺ കൂടി എത്തിയിരിക്കുകയാണ്. 30000 രൂപയിൽ താഴെയുള്ള വിഭാഗത്തിൽ ഇന്ത്യൻ ആരാധകരെ കൈയിലെടുക്കാനായി ഗാലക്സി എഫ്54 എന്ന മോഡലാണ് സാംസങ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. അത്യാവശ്യം മികച്ച ഫീച്ചറുകളുമായണ് ഈ സാംസങ് ഫോണിന്റെ വരവ്.
സാംസങ് അടുത്തിടെ പ്രഖ്യാപിച്ച ഓൾറൗണ്ടർ സ്മാർട്ട്ഫോണായ ഗാലക്‌സി എ34 നോട് അടുത്തു നിൽക്കുന്ന വിലയിലാണ് എഫ്54 എന്ന ഈ 5ജി ഫോണും എത്തുന്നത്. വലിയ ബാറ്ററി, ഡിസ്‌പ്ലേ, മിഡ് റേഞ്ച് എക്‌സിനോസ് ചിപ്പ് തുടങ്ങി മികച്ച ഫീച്ചറുകൾ ഗാലക്സി എഫ്54 സ്മാർട്ട്ഫോണിൽ സാംസങ് നൽകിയിട്ടുണ്ട്.

സാംസങ് ഗാലക്സി എഫ്54 5ജിയുടെ പ്രധാന സവിശേഷതകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് ഫുൾ HD+ അമോലെഡ് ഡിസ്പ്ലേയാണ് എഫ്54 ൽ ഉള്ളത്. സ്‌ക്രീനിൽ കേടുപാടുകൾ സംഭവിക്കാതിരിക്കാൻ കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 കോട്ടിംഗ് ഉണ്ട്. സാംസങ്ങിന്റെ ഏറ്റവും പ്രീമിയം സ്മാർട്ട്ഫോൺ ആയ എസ്23 യെ അനുസ്മരിപ്പിക്കുന്നതാണ് ഇതിന്റെ ഡിസൈൻ.
നൽകാവുന്നതിൽ മികച്ച ഡിസ്പ്ലേ ഫീച്ചറുകൾ എല്ലാം സാംസങ് എഫ്54 ൽ വാഗ്ദാനം ചെയ്യുന്നുണ്ട്. സാംസങ്ങിന്റെ തന്നെ എക്‌സിനോസ് 1380 ചിപ്‌സെറ്റാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. അടുത്തിടെ ലോഞ്ച് ചെയ്ത ഗാലക്‌സി എ 34 ൽ ഉള്ളതും ഇതേ ചിപ്സെറ്റ് തന്നെയാണ്.

ഫോട്ടോഗ്രാഫിക്കായി,പുതിയ ഗാലക്സി എഫ്54 പിൻ പാനലിൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണം നൽകിയിരിക്കുന്നു. സ്ഥിരതയുള്ള വീഡിയോകൾക്കായി ഒഐഎസ് പിന്തുണയുള്ള 108-മെഗാപിക്സൽ പ്രൈമറി സെൻസർ നൽകിയിരിക്കുന്നു. 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും 2 മെഗാപിക്സൽ മാക്രോ സെൻസറും ഇതിനൊപ്പം ഉണ്ട്. മുൻവശത്ത്, വൃത്താകൃതിയിലുള്ള കട്ട്-ഔട്ടിൽ 32-മെഗാപിക്സൽ സെൻസറും നൽകിയിട്ടുണ്ട്.
ബാറ്ററിയുടെ കാര്യത്തിൽ ഗാലക്സി എഫ്54 ഒട്ടും നിരാശപ്പെടുത്തില്ല. 6,000എംഎഎച്ച് ബാറ്ററി പിന്തുണയോടെയാണ് ഈ 5ജി ഫോൺ എത്തുന്നത്. ദിവസം മുഴുവൻ പ്രവർത്തിക്കാനുള്ള കരുത്ത് ഈ ബാറ്ററി എഫ്54 ന് നൽകുന്നുവെന്ന് കമ്പനി പറയുന്നു. 25W ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയാണ് ഇതിലുള്ളത്. വിപണിയിലെ മറ്റ് ഫോണുകൾ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ വളരെ കുറവാണിത്.
ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം എന്തെന്നാൽ എഫ്54 ന് ഒപ്പം ചാർജർ ഉണ്ടാകില്ല എന്നതാണ്. ഒന്നുകിൽ അധികതുക നൽകി ചാർജർ വാങ്ങേണ്ടിവരും. അല്ലെങ്കിൽ നിലവിലുള്ള ചാർജർ ഉപയോഗിക്കേണ്ടിവരും. കൂടാതെ ബോക്സിൽ ഫോൺ കേസും പ്രതീക്ഷിക്കേണ്ടതില്ല. മുൻകൂട്ടി സ്ഥാപിച്ച സ്ക്രീൻ പ്രൊട്ടക്ടറും ബേസിക് ഐപി റേറ്റിങ് സപ്പോർട്ടും എഫ്54 ൽ ഉണ്ടാകില്ല.

ഇൻ-ഡിസ്‌പ്ലേ സെൻസറിന് പകരം സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറാണ് പുതിയ സാംസങ് ഗാലക്‌സി എ54 സ്‌മാർട്ട്‌ഫോണിൽ കാണാൻ സാധിക്കുക. ഏറ്റവും പുതിയ ആൻഡ്രോയിഡ് 13 ഒഎസിലാണ് ഈ 5ജി ഫോൺ പ്രവർത്തിക്കുന്നത്. 4 വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്‌ഗ്രേഡുകളും 5 വർഷത്തെ സുരക്ഷാ പാച്ചുകളും നൽകുമെന്ന സാംസങ്ങിന്റെ വാഗ്ദാനം മികച്ചതാണ്.
മെറ്റിയർ ബ്ലൂ, സ്റ്റാർഡസ്റ്റ് സിൽവർ നിറങ്ങളിലെത്തുന്ന സാംസങ് ഗാലക്സി എഫ്54 ന്റെ 8ജിബി റാം 256 ജിബി സ്റ്റോറേജ് മോഡലിന് 29,999 രൂപയാണ് വില. എന്നാൽ വിൽപ്പന ആരംഭിക്കുന്നതിനോടനുബന്ധിച്ച് തിരഞ്ഞെടുത്ത ബാങ്ക് കാർഡുകളുടെ ഡിസ്കൗണ്ട് ഉപയോഗിച്ച് 27,999 രൂപ വിലയിൽ ഇപ്പോൾ സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ട് വഴിയും തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകൾ വഴിയും എഫ്54 ലഭ്യമാണ്.


Click it and Unblock the Notifications