ഇത് യൂത്ത് ഫോൺ; സാംസങ് ഗാലക്സി F70 സീരീസ് ഫെബ്രുവരിയിൽ ഇന്ത്യയിൽ എത്തും
സാംസങ് തങ്ങളുടെ സ്മാർട്ട്ഫോൺ നിരയിലേക്ക് പുതിയ ഗാലക്സി 70 സീരീസ് (Samsung Galaxy F70 Series) അവതരിപ്പിക്കാൻ പോകുന്നു. പുതിയ സീരീസ് അവതരിപ്പിക്കാൻ പോകുന്ന വിവരം കമ്പനി നിലവിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ക്യാമറ പെർഫോമൻസിലും കണ്ടന്റ് ക്രിയേഷനിലും താൽപര്യമുള്ള യുവ തലമുറയുടെ ട്രെൻഡിന് ഒപ്പം നിൽക്കുന്ന ഒരു സ്മാർട്ട്ഫോൺ ആണ് ഈ സീരീസിൽ എത്താൻ പോകുന്നത് എന്ന് കമ്പനി പറയുന്നുണ്ട്. മിഡ്റേഞ്ച് സെഗ്മെന്റിൽ താങ്ങാനാകുന്ന വിലയിൽ ഈ പുതിയ സാംസങ് ഫോൺ എത്തും എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഡിജിറ്റൽ എക്‌സ്‌പ്രഷനുള്ള ക്യാമറ-കേന്ദ്രീകൃത ഡിസൈനാണ് ഗാലക്സി 70 സീരീസിന് ഉള്ളത്.
പുതിയ തലമുറ ഫോട്ടോകൾ മുതൽ സ്റ്റോറികൾ വരെയുള്ള ഡിജിറ്റൽ കണ്ടന്റുകളിലൂടെ തങ്ങളെ സ്വയം പ്രകടിപ്പിക്കുന്നതിനും ഡിജിറ്റൽ ഐഡന്റിറ്റി നിർമ്മിക്കുന്നതിലും താൽപര്യപ്പെടുന്നു. യുവതയുടെ ഈ ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു സ്മാർട്ട്ഫോൺ ആണ് ഗാലക്സി എഫ്70 സീരീസിൽ എത്തുന്നത് എന്ന് സാംസങ് അറിയിക്കുന്നുണ്ട്.

ഉപയോക്താക്കൾക്ക് ഈ എഫ്70 സീരീസ് ഫോണിൽ ഏറ്റവും ഇഷ്ടപ്പെടുക ക്യാമറയായിരിക്കും. ആ ഒരു നിലയിലാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇമേജിംഗ് കഴിവുകൾക്ക് മുൻഗണന നൽകുക എന്നതാണ് എഫ്70 സീരീസ് ലക്ഷ്യമിടുന്നത്. സന്തോഷ നിമിഷങ്ങൾ പകർത്താനും ഇമോഷൻസ് ഫലപ്രദമായി പ്രകടിപ്പിക്കാനും ഉപയോക്താക്കളെ സഹായിക്കുന്നതിന് ഉദ്ദേശിച്ചുള്ള തങ്ങളുടെ സാങ്കേതിക നവീകരണത്തിന്റെ തുടർച്ചയായ തന്ത്രങ്ങളുടെ ഫലമാണ് ഈ ഫോൺ എന്ന് സാംസങ് പറയുന്നു.
പുതിയ ഗാലക്സി 70 സീരീസ് വരുന്നു എന്നിതനപ്പുറം കൂടുതൽ വിവരങ്ങളൊന്നും വരാൻ പോകുന്ന ഫോണിനെക്കുറിച്ച് സാംസങ് വെളിപ്പെടുത്തിയിട്ടില്ല. ഇതിലെ നിർദ്ദിഷ്ട ടെക്നോളജി, ഫീച്ചറുകൾ എന്നിവ ലഭ്യമല്ലെങ്കിലും, ഗാലക്‌സി എഫ്70 സീരീസ് ഹാർഡ്‌വെയർ ഫീച്ചറുകളെ എഐ-കരുത്തുമായി സംയോജിപ്പിക്കുമെന്ന് സാംസങ് സ്ഥിരീകരിച്ചു. എഐ സഹായത്തോടെ ക്യാമറ മികവ് കൂടുതൽ വർധിപ്പിക്കും.
ഉപയോക്താക്കൾക്ക് മികച്ച ഫോട്ടോകൾ എടുക്കാൻ സൗകര്യം ഉറപ്പാക്കുന്നതിന് പുറമേ അവ സോഷ്യൽ മീഡിയയ്ക്കും കണ്ടന്റ് ക്രിയേഷനും അനുയോജ്യമായ വിധത്തിൽ പ്രോസസ്സിംഗ്, എഡിറ്റിംഗ് എന്നിവ നടത്താൻ ആവശ്യമായ സജ്ജീകരണങ്ങൾ ഈ ഗാലക്സി എഫ്70 സീരീസ് ഫോൺ വാഗ്ദാനം ചെയ്യും. 30,000 രൂപയിൽ താഴെ വിലയിലാകും ഈ സീരീസിലെ സ്മാർട്ട്ഫോണുകൾ എത്തുകയെന്ന് സാംസങ് പറയുന്നു.
ഗാലക്സി എഫ്70 സീരീസിന്റെ ആദ്യ ഫോണിന്റെ ലോഞ്ച് ടൈംലൈനായി സാംസങ് പറയുന്നത് ഫെബ്രുവരിയാണ്. ഈ സീരീസിലെ ഏറ്റവും വില കുറഞ്ഞ മോഡൽ 10,000 മുതൽ 15,000 രൂപ വിലയുള്ള സെഗ്മെന്റിൽ അവതരിപ്പിക്കപ്പെടും. വരാൻ പോകുന്ന ഈ ഗാലക്സി എഫ്70 സീരീസിനെക്കുറിച്ച് ഫെബ്രുവരി 2 ന് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്ന് സാംസങ് അറിയിച്ചിട്ടുണ്ട്.
ഉടൻ തന്നെ ഗാലക്സി എ സീരീസിലും പുതിയ സ്മാർട്ട്ഫോൺ സാംസങ് അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ ഗാലക്സി എ06 5ജിയുടെ പിൻഗാമിയായി പുതിയ ഗാലക്സി എ07 5ജി ഫെബ്രുവരിയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരികരിച്ചുകഴിഞ്ഞു. ഇതിന്റെയും ലോഞ്ച് തിയതി നിലവിൽ വെളിപ്പെടുത്തിയിട്ടില്ല.
സാംസങ്ങിന്റെ പ്രശസ്തമായ എ സീരീസിലേക്കുള്ള പുതിയ എൻട്രിലെവൽ സ്മാർട്ട്ഫോൺ ആണ് ഗാലക്സി എ07 5ജി. ഇത് 50MP മെയിൻ ക്യാമറ അടക്കമുള്ള ഫീച്ചറുകൾ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 6000mAh ബാറ്ററി, 6.7 ഇഞ്ച് HD+ ഡിസ്പ്ലേ ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഈ ഫോണിൽ ഉണ്ട്. ഇതിന്റെ ലോഞ്ച് തിയതിയും അധികം വൈകാതെ പ്രഖ്യാപിക്കും.


Click it and Unblock the Notifications








