ഇന്ത്യയിൽ സാംസങ് പുതിയ സ്മാർട്ട്ഫോൺ അധ്യായം തുറക്കുന്നു; ഡൈമെൻസിറ്റി 6300 കരുത്തുമായി ഗാലക്സി F70e 5G
സാംസങ് തങ്ങളുടെ ഗാലക്സി സ്മാർട്ട്ഫോണുകളുടെ നിരയിലേക്ക് ഒരു പുതിയ സീരീസ് കൂടി അവതരിപ്പിക്കാൻ പോകുന്നതായി കഴിഞ്ഞ ആഴ്ച ടീസറിലൂടെ അറിയിച്ചിരുന്നു. സാംസങ് ഗാലക്സി എഫ്70 സീരീസ് എന്നാണ് പുതിയതായി എത്താൻ പോകുന്ന സീരീസിന്റെ പേര് എന്ന് മാത്രമേ നേരത്തെ വ്യക്തമാക്കിയിരുന്നുള്ളൂ, ഇപ്പോൾ ഈ സീരീസിലെ ആദ്യ ഫോൺ ഏതെന്നും അത് എപ്പോൾ ലോഞ്ച് ചെയ്യും എന്നത് അടക്കമുള്ള വിവരങ്ങൾ സാംസങ് ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുന്നു. സാംസങ് ഗാലക്സി എഫ്70e 5ജി (Samsung Galaxy F70e 5G) എന്നാണ് ഗാലക്സി F70 സീരീസിലെ ആദ്യ ഫോണിന്റെ പേര്.
2025 ഫെബ്രുവരി 9ന് സാംസങ് ഗാലക്സി എഫ്70e 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് ഇപ്പോൾ കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇമേജിംഗ് മികവിന് ഈ ഫോൺ മുൻഗണന നൽകുമെന്നും ക്യാമറയായിരിക്കും ഈ ഫോണിന്റെ മുഖ്യ ആകർഷണമെന്നും ഇതിനകം സാംസങ് വെളിപ്പെടുത്തിയിട്ടുണ്ട്. 50MP മെയിൻ ക്യാമറയും 2MP ഡെപ്ത് സെൻസറും അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണമാണ് ഇതിൽ ഉണ്ടാകുക.

സെൽഫിക്കും മറ്റുമായി 8MP ഫ്രണ്ട് ക്യാമറയും ഗാലക്സി എഫ്70e 5ജിയിൽ ഉണ്ട് എന്ന് ഇന്ന് കമ്പനി സ്ഥിരീകരിച്ചു. ബജറ്റ് വിലയിൽ വാങ്ങാവുന്ന ഒരു മികച്ച 5ജി ഫോൺ എന്ന നിലയിലാകും ഗാലക്സി എഫ്70e എത്തുകയെന്ന് ഫീച്ചറുകൾ സൂചന നൽകുന്നു. 800 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസുള്ള 120 ഹെർട്‌സ് സ്‌ക്രീൻ ഈ ഫോണിൽ ഉണ്ടാകും, ഇത് ഒരു എൽസിഡി സ്‌ക്രീൻ ആകാനാണ് സാധ്യത.
മീഡിയടെക് ഡൈമെൻസിറ്റി 6300 SoC ആണ് ഈ പുതിയ ഗാലക്സി ഫോണിന് കരുത്ത് പകരുന്നത്. IP54 റേറ്റിങ് സഹിതമാണ് ഈ ഫോൺ എത്തുന്നത് എന്നതും സ്ഥിരീകരിച്ചിട്ടുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OneUI 8-ൽ ആണ് പ്രവർത്തനം. 6 പ്രധാന OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ മോഡലിന് ലഭിക്കും.

12 5G ബാൻഡുകളുടെ പിന്തുണ ഗാലക്സി എഫ്70e 5ജിയിൽ ഉണ്ടാകും, കൂടാതെ വോയ്‌സ് ഫോക്കസ്, നോക്‌സ് വോൾട്ട്, മറ്റ് ഫീച്ചറുകൾ എന്നിവയും ഇതിൽ ലഭിക്കും. മറ്റ് ഫീച്ചറുകൾ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ പുറത്തുവന്ന ലീക്ക് റിപ്പോർട്ടുകൾ പറയുന്നത് 6ജിബി റാമും 128ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള ഒന്നിലധികം വേരിയന്റുകളിൽ ഇത് പുറത്തിറങ്ങിയേക്കും എന്നാണ്.
വരാൻ പോകുന്ന ഈ സാംസങ് ഫോണിന്റെ ബാറ്ററി ശേഷി കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. 6,000 എംഎഎച്ച് ബാറ്ററിയാണിതിലുള്ളത്. 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണ ഇതിന് ഉണ്ടാകുമെന്ന് ലീക്ക് റിപ്പോർട്ടുകൾ പറയുന്നു. ഈ ഫോണിന്റെ വില 15,000 രൂപയിൽ താഴെയായിരിക്കുമെന്ന് സാംസങ് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.
സൈഡ് ഫിംഗർപ്രിന്റ് സെൻസർ, സ്റ്റോറേജ് വർധിപ്പിക്കാൻ മൈക്രോ എസ്ഡി സ്ലോട്ട്, പൊടി, വീഗൻ ലെതർ ഡിസൈൻ എന്നിവയും ഈ സാംസങ് ഫോണിൽ ഉണ്ടായിരിക്കും. ലൈം ഗ്രീൻ, സ്പോട്ട്‌ലൈറ്റ് ബ്ലൂ കളർ ഓപ്ഷനുകളിൽ സാംസങ് ഗാലക്സി 70e 5ജി എത്തുമെന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നുണ്ട്.

ഫെബ്രുവരി 9ലെ ലോഞ്ചിന് ശേഷം സാംസങ് ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഫ്ലിപ്കാർട്ട് എന്നിവ വഴി ഗാലക്സി 70e 5ജി വാങ്ങാനാകും എന്നതും സ്ഥിരീകരിച്ചിട്ടുണ്ട്. കൃത്യമായ വില ലോഞ്ചിന് ശേഷം മാത്രമേ അറിയാനാകൂ, അതേസമയം കൂടുതൽ ഫീച്ചറുകൾ ലോഞ്ചിന് മുൻപായി തന്നെ പുറത്തുവരും എന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








