ബജറ്റ് സ്മാർട്ട്ഫോൺ ആണ്, 6999 രൂപയ്ക്ക് വാങ്ങാം; സാംസങ് ഗാലക്സി M07 ലോഞ്ച് ചെയ്തു
ഇന്ത്യക്കാർ പൊതുവേ 5ജി സ്മാർട്ട്ഫോണുകളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഈ സമയത്തും വൻ കമ്പനികൾ എന്തുകൊണ്ടാണ് പുതിയ 4ജി സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്നത് എന്ന സംശയം അവശേഷിപ്പിച്ചുകൊണ്ട് സാംസങ് തങ്ങളുടെ പുതിയ ബജറ്റ് സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നു. വില കുറവാണ് 4ജി ഫോണുകളുടെ ഒരു നേട്ടമായി ഇപ്പോൾ ആകെ എടുത്തുപറയാനുള്ളത്. എന്നാൽ 7000 രൂപയിൽ താഴെ വിലയിൽ പോലും 5ജി ഫോണുകൾ ലഭിക്കുമെന്നിരിക്കെ വിലക്കുറവ് എന്ന പ്രയോഗത്തിന് 4ജി ഫോണുകളുടെ അവതരണത്തിൽ എന്ത് സ്ഥാനമാണ് ഉള്ളത് എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്.
സാംസങ് തങ്ങളുടെ M സീരീസിലേക്ക് പുതിയതായി ഗാലക്സി എം07 (Samsung Galaxy M07) എന്ന 4ജി സ്മാർട്ട്ഫോൺ ആണ് അവതരിപ്പിച്ചിരിക്കുന്നത്. മീഡിയടെക് ഹീലിയോ G99 ചിപ്സെറ്റ് ആണ് ഈ ബജറ്റ് 4ജി സ്മാർട്ട്ഫോണിന്റെ കരുത്ത്. നോച്ചിനുള്ളിൽ 8MP ക്യാമറയുള്ള 6.7 ഇഞ്ച് HD+ LCD സ്‌ക്രീനാണ് ഇതിനുള്ളത്.

50MP മെയിൻ ക്യാമറയും 2MP ഡെപ്ത് സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം, 6 OS അപ്‌ഡേറ്റുകൾ, 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകൾ എന്നീ ഫീച്ചറുകൾ ഈ ബജറ്റ് സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു ബജറ്റ് സാംസങ് ഫോണിന് ഇത്ര വലിയ ഒഎസ്, സുരക്ഷാ അപ്ഡേറ്റുകൾ ലഭിക്കുന്നത് ഇതാദ്യമാണ്.
സാംസങ് ഗാലക്‌സി M07 ഫീച്ചറുകൾ
90Hz റിഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് (720 x 1600 പിക്സലുകൾ) HD+ LCD സ്ക്രീൻ ആണ് ഇതിലുള്ളത്. ഒക്ട കോർ മീഡിയടെക് ഹീലിയോ G99 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.2GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ ഫോണിന്റെ കരുത്ത്.

ആം മാലി G57 MC2, 4GB LPDDR4X റാം, 64GB eMMC 5.1 സ്റ്റോറേജ്, മൈക്രോ എസ്ഡി വഴി 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ UI 7 -ൽ ആണ് പ്രവർത്തനം.
സാംസങ് ഗാലക്സി എം07 ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവുമായി എത്തുന്നു. അതിൽ f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP ഡെപ്ത് സെൻസർ, LED ഫ്ലാഷ് എന്നിവ അടങ്ങുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.0 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഇതിലുണ്ട്.
സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, 3.5mm ഓഡിയോ ജാക്ക്, അണ്ടർ -പോർട്ടഡ് സ്പീക്കർ, പൊടി, സ്പ്ലാഷ് പ്രതിരോധത്തിനായി IP54 റേറ്റിങ്, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-സി പോർട്ട് എന്നീ ഫീച്ചറുകളും ഉണ്ട്.

25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഈ സാംസങ് ഫോണിലുള്ളത്. എന്നാൽ ബോക്സിൽ ചാർജർ ഇല്ല. 167.4 x 77.4 x 7.6mm വലിപ്പവും 184 ഗ്രാം ഭാരവും ഗാലക്സി എം07ന് ഉണ്ട്. ബ്ലാക്ക് കളർ ഓപ്ഷനിലാണ് ഈ ഫോൺ വാങ്ങാൻ ലഭ്യമാകുക.
വിലയും ലഭ്യതയും
സാംസങ് ഗാലക്‌സി M07 മോഡലിന്റെ വില 7699 രൂപയാണ്, എന്നാൽ ആമസോണിൽ നിന്ന് ഓൺലൈനായി വാങ്ങുമ്പോൾ 6,999 രൂപ വിലയിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാനാകും. ഏറ്റവും കുറഞ്ഞ വിലയിൽ ഒരു പുതിയ സാംസങ് ബജറ്റ് സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്.


Click it and Unblock the Notifications








