സാംസങ് ഗാലക്സി എം14 5ജിയ്ക്കും വില കുറഞ്ഞു; വാങ്ങാൻ 4 കാരണം, വാങ്ങാതിരിക്കാൻ ഒറ്റക്കാരണം!
സാംസങ്ങിന്റെ 5ജി ഫോണുകൾ ഇന്ത്യയിൽ തരംഗങ്ങൾ തീർത്ത് മുന്നേറുകയാണ്. പുത്തൻ ഫോണുകൾക്ക് വിൽപ്പന ആരംഭിക്കുമ്പോൾ തന്നെ വൻ ഡിസ്കൗണ്ടും ബാങ്ക് ഓഫറുകളും ലഭ്യമാക്കുന്നു. ഇത് കൂടാതെ ചില മോഡലുകൾക്ക് വൻ ഡിസ്കൗണ്ടുകളും സാംസങ് നൽകുന്നു. ഇതുവഴി നിരവധി പേർക്ക് കുറഞ്ഞ വിലയിൽ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കുന്നു.
ഈ മാസം ആദ്യം സാംസങ് പുറത്തിറക്കിയ ഗാലക്സി എഫ്34 ന്റെ വിൽപ്പന ഇപ്പോൾ പൊടിപൊടിക്കുകയാണ്. വിൽപ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് 2000 രൂപ ഡിസ്കൗണ്ടിൽ ഈ ഫോൺ വാങ്ങാൻ അവസരമുണ്ട്. ഗാലക്സി എഫ്34 6ജിബി റാം വേരിയന്റ് ഡിസ്കൗണ്ട് ഉൾപ്പെടെ 16,999 രൂപയ്ക്ക് ലഭ്യമാണ്.

സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി നിരവധി സ്മാർട്ട്ഫോൺ കമ്പനികളും ഇ-കൊമേഴ്സ് സ്ഥാപനങ്ങളും സ്മാർട്ട്ഫോണുകൾക്ക് വൻ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽത്തന്നെ സ്മാർട്ട്ഫോൺ വിപിണിയിൽ ഇപ്പോൾ ചെറിയ ഉണർവ് പ്രകടവുമാണ്. ഈ അനുകൂല അന്തരീക്ഷം ഉപയോഗപ്പെടുത്താൻ പുതിയ സ്മാർട്ട്ഫോണിന് മാത്രമല്ല, നേരത്തെ പുറത്തിറക്കിയ സ്മാർട്ട്ഫോണിനും സാംസങ് ആകർഷകമായ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.
സാംസങ് അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ച 5ജി ഫോണുകളിലൊന്നാണ് ഗാലക്സി M14. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഈ 5ജി ഫോണിന്റെ വിലയിൽ കമ്പനി കാര്യമായ കുറവ് വരുത്തിയിരിക്കുകയാണ്. 15,000 രൂപയിൽ താഴെ വിലയിൽ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും മികച്ച സ്മാർട്ട്ഫോണുകളിലൊന്ന് എന്ന വിശേഷണമുള്ള ഗാലക്സി എം14 14,990 രൂപ പ്രാരംഭ വിലയിൽ ആണ് ലോഞ്ച് ചെയ്തത്.
സാംസങ് പ്രഖ്യാപിച്ച വിലക്കുറവിന് പിന്നാലെ ഗാലക്സി എം14 ന്റെ വില 14,990 രൂപയിൽനിന്ന് 12,490 രൂപയായി കുറഞ്ഞിരിക്കുന്നു. വിപണിയിൽനിന്ന് ലഭിക്കുന്ന പ്രതികരണങ്ങൾ പരിശോധിച്ചാൽ ഗാലക്സി എം14 മികച്ചൊരു 5ജി ഫോൺ തന്നെയാണ്. ഈ ഫോൺ വാങ്ങാൻ താൽപര്യമുള്ള ഉപയോക്താക്കൾക്ക് ഉചിതമായ തീരുമാനം എടുക്കാൻ ഗാലക്സി എം14 5ജിയുടെ മികവുകളും ഏക ന്യൂനതയും പരിചയപ്പെടാം.
ഗാലക്സി എം14 നെ മികച്ച ഓപ്ഷനാക്കുന്ന നാല് കാരണങ്ങളിൽ ആദ്യത്തേത് അതിന്റെ മികച്ച ക്യാമറയാണ്. 20000 രൂപ വില വിഭാഗത്തിൽ എത്തുന്ന ചില സ്മാർട്ട്ഫോണുകളിൽ നൽകിയിരിക്കുന്നതിനെക്കാൾ മികച്ച ക്യാമറ ഈ ഫോണിലുണ്ട്. മനോഹരമായ ചിത്രങ്ങളാണ് എം14 ൽ ലഭിക്കുന്നത്. ഇതിനകം തന്നെ പുറത്തിറങ്ങിയ ഫോൺ ആയതിനാൽ സുഹൃത്തുക്കളുടെയും മറ്റും അഭിപ്രായം തേടി ഇക്കാര്യം ഉറപ്പുവരുത്താവുന്നതാണ്.
മികച്ച ബാറ്ററി ലൈഫ്: ഗാലക്സി എം14 നെ മികച്ച 5ജി ഫോൺ ആക്കുന്ന മറ്റൊരു കാരണം അതിലെ ശക്തമായ ബാറ്ററി ലൈഫാണ്. ഇതിലെ 6,000mAh ബാറ്ററി മികച്ച പ്രവർത്തനക്ഷമതയാണ് കാഴ്ചവയ്ക്കുന്നത് എന്നാണ് പ്രതികരണങ്ങളിൽനിന്ന് അറിയാൻ കഴിയുന്നത്. ശരാശരി ഉപയോഗം മാത്രമുള്ള ഉപയോക്താവിന് 2 ദിവസത്തെ ബാറ്ററിലൈഫ് ഗാലക്സി എം14 നൽകുന്നുണ്ടെന്നാണ് വിപണി റിപ്പോർട്ട്.
മികച്ച പ്രകടനം: 15000 രൂപയിൽ താഴെ വിലയിലെത്തുന്ന ഫോണുകളുമായി താരതമ്യപ്പെടുത്തിയാൽ മൊത്തത്തിൽ മികച്ച പെർഫോമൻസ് ഗാലക്സി എം14 വാഗ്ദാനം ചെയ്യുന്നു. മാലി ജി68 ജിപിയുവിനൊപ്പം എക്‌സിനോസ് 1330 ഒക്ടാ-കോർ ചിപ്സെറ്റാണ് സാംസങ് ഈ സ്മാർട്ട്ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഇതിലുണ്ട്.
മികച്ച ഡിസ്പ്ലേ: ഫുൾ എച്ച്‌ഡി+ റെസല്യൂഷനുള്ള 6.6 ഇഞ്ച് എൽസിഡി പാനൽ വാം-ടോൺ ഡിസ്‌പ്ലേയാണ് എം14 വാഗ്ദാനം ചെയ്യുന്നത്. 90Hz റിഫ്രഷ് റേറ്റും ഇതിലുണ്ട്. അതിനാൽത്തന്നെ പ്രശംസനീയമായ നിലവാരം കാഴ്ചവയ്ക്കാൻ ഇതിന് കഴിഞ്ഞിട്ടുണ്ട്. ആൻഡ്രോയിഡ് 13ൽ ആണ് ഗാലക്സി എം14യുടെ പ്രവർത്തനം.

ഗാലക്സി എം14 വാങ്ങുന്നതിൽനിന്ന് ഉപയോക്താക്കളെ പിന്തിരിപ്പിക്കുന്ന ഘടകം: ഒട്ടനവധി മേന്മകൾ ചൂണ്ടിക്കാട്ടുന്നതോടൊപ്പം തന്നെ ഗാലക്സി എം14 ന്റെ ഒരു പോരായ്മയും ഇതിനോടകം നിരവധി പേർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അത് ചാർജിങ് സംബന്ധിച്ചുള്ളതാണ്. താങ്ങാനാകുന്ന വിലയിലാണ് എത്തുന്നത് എങ്കിലും ഈ ഫോണിന്റെ ബോക്സിൽ ചാർജർ ഉൾപ്പെടുന്നില്ല.
പ്രീമിയം ഫോണുകളിൽ നിന്ന് അഡാപ്റ്ററുകൾ ഒഴിവാക്കാനുള്ള സാംസങ്ങിന്റെ തീരുമാനം ബജറ്റ് ഉപകരണങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നതിനാൽ ചാർജർ വേണമെങ്കിൽ സ്വന്തമായി കണ്ടെത്തണം. അല്ലെങ്കിൽ ഒരു ചാർജർ വാങ്ങേണ്ടതുണ്ട്. ചാർജർ വാങ്ങാൻ പണം മുടക്കാൻ തയാറുള്ളവർക്ക് ഗാലക്സി എം14 മികച്ച ഒരു ഓപ്ഷനാണ്.ഇതിലെ 25W ഫാസ്റ്റ് ചാർജിങ് പിന്തുണ പ്രശംസനീയമാണ്.
ചാർജർ വാങ്ങാൻ താൽപര്യമില്ലാത്തവർക്ക് വീട്ടിലെ പഴയ സാംസങ് ഡിവൈസുകളുടെ ചാർജറുകൾ ഉപയാഗപ്പെടുത്താവുന്നതാണ്. അതായത് വീട്ടിലെ പഴയ ഫോണിന്റെ ചാർജർ ഉപയോഗിക്കാം. എങ്കിലും നോൺ-ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ വളരെ സാവധാനമാകും ചാർജ് ആകുക. 10W അഡാപ്റ്റർ ആണ് ഉപയോഗിക്കുന്നത് എങ്കിൽ ഫോൺ ചാർജ് ചെയ്യാൻ ഏകദേശം 2 മണിക്കൂർ സമയം വേണ്ടിവരും.


Click it and Unblock the Notifications








