മരണമാസ് വിലക്കുറവിൽ സാംസങ്ങിന്റെ ഒരു കൊലമാസ് ഫോൺ! ഗാലക്സി M15 5G പ്രൈം എഡിഷൻ ഇന്ത്യയിൽ
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ (Amazon Great Indian Festival sale 2024) സ്മാർട്ട്ഫോൺ വാങ്ങാൻ കാത്തിരിക്കുന്നവർക്ക് പുത്തൻ സമ്മാനവുമായി സാംസങ് രംഗത്ത്. ബജറ്റ് വിലയിൽ മികച്ചൊരു സ്മാർട്ട്ഫോൺ തേടുന്നവർക്ക് ആശ്വാസമായി സാംസങ് ഗാലക്സി എം15 5ജി പ്രൈം എഡിഷൻ (Samsung Galaxy M15 5G Prime Edition) ആണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. യഥാർഥത്തിൽ ഇത് സാംസങ് ഏപ്രിലിൽ അവതരിപ്പിച്ച ഗാലക്‌സി എം15 5ജിയുടെ അതേ ഫീച്ചറുകളുമായിട്ടാണ് വരുന്നത്. 8ജിബി റാം ഓപ്ഷനിലും ലഭ്യമാണെന്നതാണ് പ്രൈം എഡിഷന്റെ പ്രത്യേകത. എം15 5ജിയിൽ 6ജിബി റാം വരെയേ ലഭ്യമാകൂ.
സാംസങ് ഗാലക്‌സി M15 5G പ്രൈം എഡിഷന്റെ 4ജിബി + 128ജിബി മോഡലിന് 13,499 രൂപയും 6ജിബി + 128ജിബി മോഡലിന് 14,999 രൂപയും ടോപ്പ് എൻഡ് 8ജിബി + 128ജിബി മോഡലിന് 16,499 രൂപയും ആണ് വില. എന്നാൽ പുതിയതായി ലോഞ്ച് ചെയ്തിരിക്കുന്നതിനായും ഫെസ്റ്റിവൽ സെയിൽ കണക്കിലെടുത്തും ഇതിന് 3000 രൂപ ഡിസ്കൗണ്ട് ഒരുക്കിയിട്ടുണ്ട്.

കൂപ്പൺ ഓഫറിനൊപ്പം സാംസങ് ഗാലക്‌സി M15 5G പ്രൈം എഡിഷൻ വേരിയന്റുകൾ യഥാക്രമം 10,999 രൂപ, 11,999 രൂപ, 13,499 രൂപ വിലകളിൽ ലഭ്യമാകും. സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റിന് പുറമേ ആമസോൺ വഴിയും തെരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകൾ വഴിയും ഈ 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ലഭ്യമാകും. ഫെസ്റ്റിവൽ സെയിലിൽ ആമസോൺ ഈ ഫോൺ 10249 രൂപയ്ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
സാംസങ് ഗാലക്‌സി M15 5G പ്രൈം എഡിഷന്റെ പ്രധാന ഫീച്ചറുകൾ: മാലി-G57 MC2 GPU ഉള്ള ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6100+ 6nm പ്രൊസസർ ആണ് ഗാലക്സി എം15 5ജിയുടെ കരുത്ത്. 6.6 ഇഞ്ച് (1080 x 2340 പിക്സലുകൾ) FHD+ ഇൻഫിനിറ്റി-V സൂപ്പർ അമോലെഡ് സ്ക്രീൻ, 90Hz റിഫ്രഷ് റേറ്റ് എന്നിവ ഇതിലുണ്ട്.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 6ൽ ആണ് M15 5G പ്രൈം എഡിഷന്റെ പ്രവർത്തനം. 4 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 5 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും സാംസങ് ഈ ഫോണിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. 4GB / 6GB / 8GB LPDDR4x റാം, 128GB സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ വികസിപ്പിക്കാനുള്ള സൗകര്യം എന്നിവ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമായാണ് സാംസങ് ഈ പുതിയ 5ജി ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. അതിൽ
എഫ്/1.8 അപ്പേർച്ചറുള്ള 50എംപി മെയിൻ ക്യാമറ, എഫ്/2.2 അപ്പേർച്ചറുള്ള 5എംപി അൾട്രാ വൈഡ് ക്യാമറ, എഫ്/2.4 അപ്പേർച്ചറുള്ള 2എംപി മാക്രോ സെൻസർ, എൽഇഡി ഫ്ലാഷ് എന്നിവ അടങ്ങുന്നു. സെൽഫിക്കായി f/2.0 അപ്പേർച്ചർ ഉള്ള 13MP ഫ്രണ്ട് ക്യാമറയുമുണ്ട്.
5G SA / NSA, ഡ്യുവൽ 4G VoLTE, ബ്ലൂടൂത്ത് 5.3, ജിപിഎസ്+ ഗ്ലോനാസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, സൈഡ് മൗണ്ട് ഫിംഗർപ്രിൻ്റ് സെൻസർ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ/ മൈക്രോ എസ്ഡി), 3.5 എംഎം ഓഡിയോ ജാക്ക് തുടങ്ങിയ ഫീച്ചറുകളും സാംസങ് ഗാലക്‌സി M15 5G പ്രൈം എഡിഷൻ വാഗ്ദാനം ചെയ്യുന്നു.

25W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 6000mAh ബാറ്ററി M15 5G പ്രൈം എഡിഷനിലുണ്ട്. എന്നാൽ ഈ ഫോണിന്റെ ബോക്സിൽ ചാർജർ ഉൾപ്പെടുന്നില്ല എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ബ്ലൂ ടോപസ്, സെലസ്റ്റിയൽ ബ്ലൂ, സ്റ്റോൺ ഗ്രേ എന്നീ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. മുൻപ് ഇറങ്ങിയ ഗാലക്സി എം15 5ജിയെക്കാൾ 3000 രൂപ വിലക്കുറവിൽ വാങ്ങാം എന്നതാണ് ഇപ്പോൾ ഈ ഫോൺ വാങ്ങുന്നതുകൊണ്ടുള്ള നേട്ടം.


Click it and Unblock the Notifications








