ഇന്ത്യ പ്രണയിക്കാൻ പോകുന്നു, ഈ മോൺസ്റ്ററിനെ! സാംസങ് ഒളിപ്പിച്ച രഹസ്യം പരസ്യമാക്കി ആമസോൺ
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ എവിടെത്തിരിഞ്ഞാലും ചൈനീസ് സ്മാർട്ട്ഫോണുകളെ തട്ടിയിട്ട് നടക്കാൻ കഴിയാത്ത അവസ്ഥയാണ്. ദിവസവും പുതിയ സ്മാർട്ട്ഫോണുകൾ ലോഞ്ച് ആയിക്കൊണ്ടേയിരിക്കുന്നു. ഇന്ന് റിയൽമി ഫോൺ ആണെങ്കിൽ നാളെ ഓപ്പോ ഫോൺ, മറ്റന്നാൾ വിവോ ഫോൺ, അതിന്റടുത്ത ദിവസം ഐക്യൂ ഫോൺ എന്നിങ്ങനെ ദിവസവും ഏതെങ്കിലുമൊക്കെ ചൈനീസ് ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തുന്നു. ഈ മാസം ചുരുങ്ങിയത് 15 സ്മാർട്ട്ഫോണുകൾ എങ്കിലും ലോഞ്ചിന് ഒരുങ്ങുന്നുണ്ട്. എന്നാൽ ഏതൊക്കെ ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾ വന്നാലും സാംസങ് സ്മാർട്ട്ഫോണുകൾ കളത്തിലേക്ക് എത്തുമ്പോൾ വിപണിക്ക് ഒരു പ്രത്യേക ഉണർവും ഉഷാറുമാണ്.
വർഷങ്ങളുടെ പ്രവർത്തനങ്ങൾ കൊണ്ട് ഇന്തക്കാരുടെ ഇടയിൽ ഒരു നിലയും വിലയുമൊക്കെ ഉണ്ടാക്കിയെടുക്കാൻ സാംസങ് സ്മാർട്ട്ഫോണുകൾക്ക് കഴിയുന്നുണ്ട്. ഗാലക്സി എസ് 23 അൾട്ര, എസ് 24 അൾട്ര എന്നിവയൊക്കെ വർഷാ വർഷം ഉണ്ടാക്കി നൽകുന്ന മൈലേജ് വേറെയുമുണ്ട്. അതിനാൽ ഏതൊക്കെ ഫോണുകൾ ഒപ്പം ലോഞ്ച് ചെയ്താലും അവയെയൊക്കെ സൈഡാക്കി സാംസങ് ഗാലക്സി ഫോണുകൾ ശ്രദ്ധനേടുന്നു.

ജൂലൈയിൽ നിരവധി സ്മാർട്ട്ഫോണുകൾ ലോഞ്ചിന് ഒരുങ്ങുന്നതായി നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നു. എന്നാൽ അക്കൂട്ടത്തിൽ പുറത്തുവരാതിരുന്ന ഒരു സത്യം ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നു. സാംസങ് തങ്ങളുടെ ഗാലക്സി എം സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായി ഗാലക്സി എം35 5ജി ഉടൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്നതാണ് ആ സത്യം.
കഴിഞ്ഞ ദിവസം സാംസങ് ഇന്ത്യ തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെ ഒരു കുറിപ്പും ഫോണിന്റെ രൂപരേഖയും പങ്കുവച്ചിരുന്നു. ''റിസൾട്ട് പുറത്തുവന്നു, ഇന്ത്യ അതിൻ്റെ മോൺസ്റ്ററിനെ സ്നേഹിക്കുന്നുവെന്ന് വ്യക്തമാണ്!
ഏറ്റവും ജനപ്രിയമായ Monster ഫീച്ചർ തീരുമാനിക്കാൻ ഞങ്ങളെ സഹായിച്ചതിന് നന്ദി. കൂടുതൽ കാര്യങ്ങൾക്കായി കാത്തിരിക്കുക!''- ഇത്രയുമായിരുന്നു ആ കുറിപ്പിൽ ഉണ്ടായിരുന്നത്.

സാംസങ് ഒരു പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കാൻ തയാറെടുക്കുന്നതായി ഈ കുറിപ്പ് സൂചന നൽകി. മോൺസ്റ്റർ എന്ന പ്രയോഗവും ഡിസൈനും നൽകിയ സൂചനകൾ പ്രകാരം വരാൻ പോകുന്നത് സാംസങ് ഗാലക്സി എം35 5ജി ആണ് എന്ന് ഏകദേശം വ്യക്തമായി. സസ്പെൻസ് നിലനിർത്തി, കൂടുതൽ കാര്യങ്ങൾ പുറത്തുപറയാൻ കമ്പനി തയാറായില്ല.
എന്നാൽ സാംസങ് സസ്പെൻസ് ഇട്ട് വച്ചിരുന്ന ഈ സ്മാർട്ട്ഫോൺ ലോഞ്ചിന്റെ വിവരങ്ങൾ മറ്റൊരു വഴിയിലൂടെ ചോരുകയും സസ്പെൻസ് പൊളിയുകയും ചെയ്തു. ആമസോൺ തങ്ങളുടെ ഈ വർഷത്തെ പ്രൈം ഡേ സെയിലിന്റെ തിയതികൾ പുറത്തുവിട്ടത് ഇതേ ദിവസം തന്നെയായിരുന്നു. പ്രൈം ഡേ എക്‌സ്‌ക്ലൂസീവ് ലോഞ്ചിൻ്റെ ഭാഗമായി ഗാലക്സി എം35 ലോഞ്ച് ചെയ്യുമെന്ന് ആമസോൺ ടീസർ സ്ഥിരീകരിക്കുന്നു.
അതോടെ സാംസങ് ഗാലക്സി എം35 5ജിയുടെ ലോഞ്ച് തീയതി സൂചന വെളിയിൽ വരുകയായിരുന്നു. ആമസോൺ പ്രൈം ഡേ 2024 സെയിൽ ജൂലൈ 20, 21 തീയതികളിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ ഓഫർ സെയിലിന്റെ ഭാഗമായി ഗാലക്സി എം35 5ജി അവതരിപ്പിക്കപ്പെടും എന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നതിനാൽ ഈ രണ്ട് തിയതികളിലൊന്നിൽ ഈ സാംസങ് 5ജി ഫോണിന്റെ ലോഞ്ച് ഉറപ്പിക്കാം.

ഇന്ത്യയിൽ ഡാർക്ക് ബ്ലൂ, ലൈറ്റ് ബ്ലൂ, ഗ്രേ എന്നീ മൂന്ന് നിറങ്ങളിൽ ഗാലക്സി എം35 5ജി ലഭ്യമാകുമെന്നാണ് സൂചന. മോൺസ്റ്റർ ഡ്യൂറബിലിറ്റി, മോൺസ്റ്റർ പ്രോസസർ, 6000mAh ബാറ്ററി തുടങ്ങിയവ ഈ സ്മാർട്ട്ഫോണിൽ ഉണ്ടാകും എന്ന് സാംസങ് ഇന്ത്യയുടെ ട്വിറ്റർ അക്കൗണ്ടിലെ ടീസർ സൂചിപ്പിക്കുന്നു.
സാംസങ് ഗാലക്സി എം35 5ജിയുടെ (Samsung Galaxy M35 5G) പ്രധാന ഫീച്ചറുകൾ: 6.6-ഇഞ്ച് FHD+ (1080×2340 പിക്സലുകൾ) സൂപ്പർ AMOLED ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 1000 nits വരെ പീക്ക് ബ്രൈറ്റ്നസ്, ഒക്ട കോർ എക്സിനോസ് 1380 പ്രോസസർ, മാലി-G68 MP5 GPU.

6GB / 8GB റാം, 128GB / 256GB ഇൻ്റേണൽ സ്റ്റോറേജ്, മൈക്രോ SD കാർഡ് വഴി 1TB വരെ വികസിപ്പിക്കാനുള്ള സൗകര്യം, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), ആൻഡ്രോയിഡ് 14, സൈഡ് മൗണ്ട് ഫിംഗർപ്രിൻ്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്.
OIS, f/1.8 അപ്പേർച്ചറുള്ള 50MP റിയർ ക്യാമറ, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ വൈഡ് ആംഗിൾ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP മാക്രോ ക്യാമറ, LED ഫ്ലാഷ്, f/2.2 അപ്പേർച്ചർ ഉള്ള 13MP ഫ്രണ്ട് ക്യാമറ, 5G SA /NSA, ഡ്യുവൽ 4G, 25W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 6000mAh ബാറ്ററി എന്നിവ ഇതിലുണ്ടാകും.


Click it and Unblock the Notifications








