സാംസങ്ങിന്റെ 'സിംഹക്കുട്ടി' വരുന്നു ഗാലക്സി M36 5G; വാങ്ങാൻ അത്യാവശ്യം അറിയേണ്ടതൊക്കെ പുറത്തുവന്നു
പുലിക്ക് പിറന്നത് പൂച്ചയാകുമോ എന്നൊരു ചൊല്ല് നമ്മുടെ നാട്ടിലുണ്ട്. സ്മാർട്ട്ഫോണുകളുടെ ലോകത്തേക്ക് വന്നാൽ അവിടുത്തെ സിംഹമാണ് സാംസങ് എന്ന് പറയാം. പുലിക്ക് പിറന്നത് പൂച്ചയാകില്ല എന്നത് പോലെ സാംസങ് ഇറക്കുന്ന ഒരു സ്മാർട്ട്ഫോൺ ഒരിക്കലും നിരാശപ്പെടുത്തില്ല എന്ന് കരുതുന്ന നിരവധി സാംസങ് ആരാധകർ ഉണ്ട്. അത്തരം സാംസങ് ആരാധകർക്കും സ്മാർട്ട്ഫോണുകളെ ഇഷ്ടപ്പെടുന്ന എല്ലാവർക്കും പ്രതീക്ഷ പകർന്നുകൊണ്ട് ഒരു പുതിയ സാംസങ് ഗാലക്സി 5ജി സ്മാർട്ട്ഫോൺ കൂടി ഇന്ത്യൻ വിപണിയിലേക്ക് എത്താൻ പോകുന്നു. ഗാലക്സി എം സീരീസിലെ അടുത്ത സ്മാർട്ട്ഫോണായി ഗാലക്സി എം36 5ജി (Samsung Galaxy M36 5G) ആണ് വരുന്നത്.
ഗാലക്സി എം36 5ജി വാങ്ങണമെങ്കിൽ ആദ്യം അറിഞ്ഞിരിക്കേണ്ടത് ലോഞ്ച് തിയതിയാണ്, സാംസങ് ഗാലക്സി എം36 5ജി ജൂൺ 27ന് ഉച്ചയ്ക്ക് 12 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് സാംസങ് കഴിഞ്ഞ ദിവസം ഔദ്യോഗികമായി തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. സാംസങ് ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന ഒരു മോഡൽ കൂടിയാണ് ഇത് എന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു. 20000 രൂപയിൽ താഴെ വിലയിൽ ഒരു കരുത്തൻ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാകും ഇത് എത്തുക.

ഗാലക്സി എം36 5ജിയുടെ വില സാംസങ് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇതിന്റെ മുൻഗാമിയായ ഗാലക്സി എം35 5ജി 19999 രൂപ വിലയിലാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്. ഗാലക്സി എം36 5ജിയും ആ പാരമ്പര്യം പിന്തുടരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആമസോണിൽ സാംസങ് ഗാലക്സി എം36 5ജിയുടെ മൈക്രോ സൈറ്റ് ദൃശ്യമായിട്ടുണ്ട്.
സാംസങ് ഗാലക്സി എം36 5ജിയുടെ ചില ഫീച്ചറുകളും മറ്റും ആമസോണിലെ മൈക്രോ സൈറ്റ് വെളിപ്പെടുത്തുന്നുണ്ട്. ഓറഞ്ച് ഹേസ്, വെൽവെറ്റ് ബ്ലാക്ക്, സെറീൻ ഗ്രീൻ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ ഫോൺ വാങ്ങാനാകും എന്നാണ് ടീസർ ചിത്രങ്ങളിൽ നിന്ന് മനസിലാക്കാനാകുന്നത്. കൂടാതെ നിരവധി AI ഫീച്ചറുകളും ഇതിലുണ്ടാകുമെന്ന് സാംസങ് സൂചന നൽകിയിട്ടുണ്ട്.

സാംസങ് ഗാലക്സി എം36 ക്യാമറ ഫീച്ചറുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഈ സാംസങ് 5ജി ഫോണിൽ ഉണ്ടാകുമെന്നും അതിൽ OIS പിന്തുണയോടെ 50 എംപി മെയിൻ ക്യാമറയും അതോടൊപ്പം 8 എംപി അൾട്രാ-വൈഡ് ക്യാമറയും 2 എംപി മാക്രോ ക്യാമറയും ഉണ്ടാകുമെന്ന് ആമസോണിലെ ഗാലക്സി എം36 5ജിയുടെ പേജ് വ്യക്തമാക്കുന്നുണ്ട്.
ഗാലക്സി എം36 5ജിയിൽ സെൽഫിക്കും മറ്റുമായി നോച്ചിനുള്ളിൽ 13MP ഫ്രണ്ട് ക്യാമറയായിരിക്കും ഉണ്ടാകുക എന്നകാര്യവും സംശയത്തിന് ഇടയില്ലാത്ത വിധം സാംസങ് വ്യക്തമാക്കിയിരിക്കുന്നു. കൂടാതെ റിയർ, ഫ്രണ്ട് ക്യാമറകൾ 4K വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്ക്കും എന്ന വിവരവും സ്ഥിരീകരിക്കപ്പെട്ടുകഴിഞ്ഞു. സ്‌ക്രീൻ സുരക്ഷയ്ക്കായി കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷൻ ഇതിലുണ്ട് എന്നതാണ് സ്ഥിരീകരിക്കപ്പെട്ട മറ്റൊരു ഫീച്ചർ.
സാംസങ്ങിന്റെ തന്നെ എക്സിനോസ് 1380 ചിപ്സെറ്റ് കരുത്തിലാണ് ഗാലക്സി എം36 5ജി എത്തുക, ഇക്കാര്യം ബെഞ്ച്മാർക്ക് ലിസ്റ്റിങ്ങിലൂടെ നേരത്തെ തന്നെ പുറത്തുവന്നിരുന്നതാണ്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള One UI 7 -ൽ ആണ് ഈ ഫോൺ എത്തുക എന്നതും ഇതോടൊപ്പം വ്യക്തമായിരുന്നു.

സാംസങ് ഗാലക്സി എം36 5ജിയുടെ മറ്റ് ഫീച്ചറുകൾ ലോഞ്ചിന് മുന്നോടിയായി വരുംദിവസങ്ങളിൽ സാംസങ് പുറത്തുവിടും എന്ന് പ്രതീക്ഷിക്കുന്നു. ഈ ഫോൺ വാങ്ങാൻ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം ഇത് എവിടെ ലഭ്യമാകും എന്നതാണ്, ലോഞ്ചിന് ശേഷം ആമസോൺ, സാംസങ് ഇന്ത്യയുടെ ഓൺലൈൻ സ്റ്റോർ എന്നിവ വഴി ഈ സ്മാർട്ട്ഫോൺ ഓൺലൈനായി വാങ്ങാനാകും എന്നതാണ് അതിനുള്ള ഉത്തരം.


Click it and Unblock the Notifications








