സാംസംഗ് ഗാലക്‌സി നോട്ട് 2വിന് 1.6 ജിഗാഹെര്‍ട്‌സ് ക്വാഡ് കോര്‍ പ്രോസസര്‍

Posted By: Super

സാംസംഗ് ഗാലക്‌സി നോട്ട് 2വിന് 1.6 ജിഗാഹെര്‍ട്‌സ് ക്വാഡ് കോര്‍ പ്രോസസര്‍

ആപ്പിള്‍ ഏറ്റവും പുതുതായി ഇറക്കാനൊരുങ്ങുന്ന ഐഫോണ്‍ പിന്‍ഗാമി (ഐഫോണ്‍ 5)യുടെ എതിരാളിയായി സാംസംഗില്‍ നിന്ന് വരുന്ന സ്മാര്‍ട്‌ഫോണാണ് ഗാലക്‌സി നോട്ട് 2. ഗാലക്‌സി നോട്ടിന്റെ പുതുതലമുറയാണിത്. ഈ രണ്ട് ഉത്പന്നങ്ങളും ഏകദേശം ഒരേ സമയമാകും അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാലക്‌സി നോട്ട് 2 സംബന്ധിച്ച് പുറത്തുവന്ന ഏറ്റവും പുതിയ സൂചന ഇതില്‍ 1.6 ജിഗാഹെര്‍ട്‌സ് ക്വാഡ് കോര്‍ പ്രോസസറാണ് ഉള്‍പ്പെടുന്നതെന്നാണ്.

ജിടി-എന്‍7100 എന്ന കോഡ്‌നെയിമിലുള്ള ഫോണില്‍ 1.6 ജിഗാഹെര്‍ട്്്‌സ് പ്രോസസറാണ് വരുന്നതെന്നാണ് പുറത്തായ വിവരം. 2011ല്‍ പുറത്തിറക്കിയ ഗാലക്‌സി നോട്ടിന്റെ കോഡ് നെയിം ജിടി-എന്‍7000 ആയിരുന്നു. അതിനാല്‍ നോട്ടിന്റെ പിന്‍ഗാമിയാണ് ജിടി-എന്‍7100 കോഡ് നെയിമിലുള്ള ഉത്പന്നം എന്നാണ് കണക്കാക്കുന്നത്.

5.5 ഇഞ്ച് ഡിസ്‌പ്ലെയുള്ള ഫോണിന്റെ റെസലൂഷന്‍ 1280x720 പിക്‌സലാണെന്ന മറ്റൊരു റിപ്പോര്‍ട്ടും ഉണ്ട്. ആന്‍ഡ്രോയിഡ് 4.0.4 ഐസിഎസ് ഓപറേറ്റിംഗ് സിസ്റ്റമാകും ഈ ഫോണില്‍ വരിക. ഫോണ്‍ എന്നും ഫാബ്‌ലറ്റ് എന്നും ഗാലക്‌സി നോട്ടിനെ വിശേഷിപ്പിക്കുന്നുണ്ട്. സ്മാര്‍ട്‌ഫോണ്‍ വിഭാഗത്തിലാണ് ഇത് എത്തുന്നതെങ്കിലും സ്‌ക്രീന്‍ സൈസ് ഉള്‍പ്പടെയുള്ള ചില ഘടകങ്ങള്‍ ഇതിനെ സ്മാര്‍ട്‌ഫോണിനും ടാബ്‌ലറ്റിനും ഇടയിലുള്ള ഉത്പന്നമായി തോന്നിപ്പിക്കുന്നതാണ് ഫാബ്‌ലറ്റ് എന്ന വിശേഷണത്തിന് പിന്നില്‍.

ഗാലക്‌സി എസ്3 സ്മാര്‍ട്‌ഫോണിന്റെ ഡിസൈനാകും നോട്ട് 2വിനും സാംസംഗ് സ്വീകരിക്കുകയെന്നും അഭിപ്രായങ്ങളുണ്ട്. ഗാലക്‌സി എസ്3യിലെ സവിശേഷതകളായ സ്മാര്‍ട് സ്റ്റേ, എസ് ബീം, എസ് വോയ്‌സ് എന്നിവയും നോട്ട് 2വില്‍ വരുമോയെന്ന് വ്യക്തമല്ല.

ഗാലക്‌സി നോട്ട് 2 ഫാബ്‌ലറ്റില്‍ പ്രതീക്ഷിക്കുന്ന സൗകര്യങ്ങള്‍

 
  • 5.5 ഇഞ്ച് സൂപ്പര്‍ അമോലെഡ് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലെ

  • 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, വീഡിയോകോളിംഗിന് ഒരു ഫ്രന്റ് ക്യാമറയും

  • 1.6 ജിഗാഹെര്‍ട്‌സ് ക്വാഡ് കോര്‍ പ്രോസസര്‍

  • 4ജി എല്‍ടിഇ, എന്‍എഫ്‌സി, വൈഫൈ, എഡ്ജ്, ജിപിഎസ്, ബ്ലൂടൂത്ത് 4.0, യുഎസ്ബി കണക്റ്റിവിറ്റികള്‍

  • 16ജിബി, 32 ജിബി, 64 ജിബി സ്റ്റോറേജ് വേര്‍ഷനുകള്‍

ഓഗസ്റ്റ് 30ന് ജര്‍മ്മനിയില്‍ നടക്കുന്ന ഐഎഫ്എ 2012 പരിപാടിയില്‍ വെച്ചാകും സാംസംഗ് ഈ ഗാലക്‌സി നോട്ട് 2 ഫാബ്‌ലറ്റിനെ അവതരിപ്പിക്കുക.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot