ഗാലക്സി എസ്22 സീരീസ് സ്മാർട്ട്ഫോണുകളും ഇന്ത്യയിലെ വിലയും വിശദാംശങ്ങളും
സാംസങ് അടുത്തിടെയാണ് തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ അടങ്ങുന്ന ഗാലക്‌സി എസ്22 സീരീസ് അവതരിപ്പിച്ചത്. മൂന്ന് സ്മാർട്ട്ഫോണുകൾ അടങ്ങുന്ന ഈ സീരീസ് കമ്പനി ലോഞ്ച് ചെയ്തത് ഗാലക്‌സി അൺപാക്ക്ഡ് 2022 ഇവന്റിൽ വച്ചാണ്. ഗാലക്സി എസ്22, ഗാലക്സി എസ്22 പ്ലസ്, എസ്22 അൾട്ര എന്നീ സ്മാർട്ട്ഫോണുകളാണ് ഈ സീരീസിൽ സാംസങ് അവതരിപ്പിക്കുന്നത്. 120 ഹെർട്സിന്റെ ഉയർന്ന റിഫ്രഷ് റേറ്റും ഏറ്റവും പുതിയ ചിപ്സെറ്റുകളുമാണ് എസ്22 സീരീസിലെ സ്മാർട്ട്ഫോണുകളുടെ പ്രത്യേകത.ലോഞ്ച് വേളയിൽ, യുഎസിലും യുകെയിലും എസ്22 സീരീസ് സ്മാർട്ട്ഫോണുകളുടെ വില കമ്പനി പുറത്ത് വിട്ടിരുന്നു.

ഫെബ്രുവരി 17ന് ഗാലക്സി എസ്22 സീരീസ് സ്മാർട്ട്ഫോണുകൾ ( ഗാലക്സി എസ്22, ഗാലക്സി എസ്22 പ്ലസ്, എസ്22 അൾട്ര ) ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലോഞ്ച് തീയതി എതാണ്ട് ഉറപ്പിച്ചെങ്കിലും ഇന്ത്യയിലെ ഇവയുടെ വില സംബന്ധിച്ച യാതൊരു വിവരങ്ങളും കമ്പനി പുറത്ത് വിട്ടിരുന്നില്ല. ഇപ്പോഴിതാ എറ്റവും പുതിയ ചില റിപ്പോർട്ടുകൾ എസ് 22 സീരീസിലെ ഡിവൈസുകളുടെ ഇന്ത്യയിലെ വില വിവരങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ്. ഗാലക്സി എസ്22 സീരീസ് സ്മാർട്ട്ഫോണുകളുടെ ഇന്ത്യയിലെ വില വിവരങ്ങളേക്കുറിച്ച് കൂടുതൽ അറിയാൻ താഴേക്ക് വായിക്കുക.

സാംസങ് ഗാലക്സി എസ്22, എസ്22 അൾട്ര
മെസ്മാർട്ട്പ്രൈസ് വെബ്സൈറ്റാണ് സാംസങ് ഗാലക്സി എസ്22, എസ്22 അൾട്ര സ്മാർട്ട്ഫോണുകളുടെ ഇന്ത്യയിലെ വില സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. റിപ്പോർട്ട് അനുസരിച്ച് സാംസങ് ഗാലക്സി എസ്22വിന്റെ ബേസ് മോഡലിന് ഇന്ത്യയിൽ 69,900 രൂപ വില വരും. അതേ സമയം ഗാലക്സി എസ് 22 സീരിസിലെ ഹൈ എൻഡ് മോഡലായ ഗാലക്സി എസ്22 അൾട്രയ്ക്ക് 1,09,900 രൂപയും ഇന്ത്യയിൽ വില വരുമെന്നാണ് റിപ്പോർട്ട് പറയുന്നത്. എന്നാൽ സീരീസിലെ തന്നെ ഗാലക്സി എസ്22 പ്ലസ് മോഡലിന്റെ വില സംബന്ധിച്ച പരാമർശങ്ങൾ ഒന്നും റിപ്പോർട്ടിൽ ഇല്ല.

ഗാലക്സി എസ്22 ബേസ് മോഡൽ 8 ജിബി റാം ഫീച്ചർ ചെയ്യുന്നു. 128 ജിബി ഓൺബോർഡ് സ്റ്റോറേജും എസ്22 ബേസ് മോഡലിൽ നൽകിയിരിക്കുന്നു. 8 ജിബി റാം ഓപ്ഷൻ തന്നെയാണ് ഗാലക്‌സി എസ്22 അൾട്ര ബേസ് മോഡലിലും നൽകിയിരിക്കുന്നത്. 256 ജിബി ഇന്റേണൽ സ്റ്റോറേജും അൾട്ര ബേസ് മോഡലിൽ ലഭ്യമാക്കിയിരിക്കുന്നു. സ്റ്റോറേജ് വ്യത്യാസം ഉണ്ടെങ്കിലും താരതമ്യേനെ ഉയർന്ന വില വ്യത്യാസമാണ് കാണാൻ കഴിയുന്നത്. ഈ റിപ്പോർട്ടുകൾ ഔദ്യോഗികം അല്ലെന്ന കാര്യം യൂസേഴ്സ് മനസിലാക്കണം.

കൂടാതെ എസ്22 സീരീസിൽ ഇന്ത്യയിൽ ലഭ്യമാകുന്ന കളർ ഓപ്ഷനുകളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. സാംസങ് ഗാലക്സി എസ്22, ഗാലക്സി എസ്22 പ്ലസ് എന്നിവ മൂന്ന് കളർ വേരിയന്റുകളിലാകും ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുകയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബ്ലാക്ക്, വൈറ്റ്, ഗ്രീൻ എന്നീ കളർ വേരിയന്റുകളിലാവും എസ് 22, എസ്22 പ്ലസ് സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തുക. മറുവശത്ത് സാംസങ് ഗാലക്സി എസ്22 അൾട്ര രണ്ട് കളർ ഓപ്ഷനുകളിലാവും ഇന്ത്യയിൽ അവതരിപ്പിക്കപ്പെടുക. ഫാന്റം ബ്ലാക്കും വൈറ്റ് കളറിലും. സാംസങ് ഗാലക്സി എസ്22 അൾട്രയുടെ ഗ്രീൻ, പിങ്ക് ഗോൾഡ് കളർ ഓപ്ഷനുകൾ ഈ വർഷം അവസാനം ഇന്ത്യയിൽ അവതരിപ്പിക്കപ്പെടാനാണ് സാധ്യത കാണുന്നത്.

സാംസങ് ഗാലക്സി എസ്22 അൾട്ര സ്പെസിഫിക്കേഷനുകൾ
സാംസങ് ഗാലക്സി എസ്22 സീരീസിലെ ഹൈ എൻഡ് സ്മാർട്ട്‌ഫോൺ ആണ് സാംസങ് ഗാലക്സി എസ്22 അൾട്ര. എസ് പെൻ ഫീച്ചർ ചെയ്യുന്ന, എസ് സീരീസിലെ ആദ്യത്തെ സ്‌മാർട്ട്‌ഫോൺ കൂടിയാണിത്. സാംസങ് ഗാലക്സി എസ്22 അൾട്ര സ്മാർട്ട്ഫോൺ 6.8 ഇഞ്ച് എഡ്ജ് ക്യൂ എച്ച്ഡി പ്ലസ് ഡൈനാമിക് അമോലെഡ് 2 X ഡിസ്പ്ലേ ഫീച്ചർ ചെയ്യുന്നു. 120 ഹെർട്സ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റും സാംസങ് ഗാലക്സി എസ്22 അൾട്രയിൽ ഉണ്ട്. 12 ജിബി വരെയുള്ള റാമിനൊപ്പം 4nm പ്രൊസസറും സാംസങ് ഗാലക്സി എസ്22 അൾട്ര സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നു.

ക്വാഡ്രപ്പിൾ ക്യാമറ സജ്ജീകരണത്തോടെയാണ് സാംസങ് ഗാലക്സി എസ്22 അൾട്ര സ്മാർട്ട്ഫോൺ വരുന്നത്. 108 എംപി വൈഡ് ആംഗിൾ സെൻസറാണ് പ്രൈമറി ക്യാമറ. 12 എംപി അൾട്ര വൈഡ് ആംഗിൾ ലെൻസും 3 X ഓപ്റ്റിക്കൾ സൂം ഉള്ള 10 എംപി ടെലിഫോട്ടോ സെൻസറും 10 x ഒപ്റ്റിക്കൽ സൂം ഉള്ള മറ്റൊരു 10 എംപി ടെലിഫോട്ടോ ക്യാമറയും ഈ ഡിവൈസിലെ സെക്കൻഡറി ക്യാമറകളിൽ ഉൾപ്പെടുന്നു. സെൽഫികൾ എടുക്കാൻ 40 എംപി ഫ്രണ്ട് ഫേസിങ് ക്യാമറയും സാംസങ് ഗാലക്സി എസ്22 അൾട്ര സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നു.

രണ്ട് ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകളാണ് സാംസങ് ഗാലക്സി എസ്22 അൾട്രയിൽ നൽകിയിരിക്കുന്നത്. 256 ജിബിയും 512 ജിബിയും വീതമാണ് ഈ സ്റ്റോറേജ് ഓപ്ഷനുകൾ. 5,000 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയാണ് സാംസങ് ഗാലക്സി എസ്22 അൾട്രയിൽ നൽകിയിരിക്കുന്നത്. 45 വാട്ട് ഫാസ്റ്റ് ചാർജിംഗ് സാങ്കേതിക വിദ്യയും സാംസങ് ഗാലക്സി എസ്22 അൾട്ര സ്മാർട്ട്ഫോൺ സപ്പോർട്ട് ചെയ്യുന്നു. സാംസങ് ഗാലക്സി എസ്22 അൾട്ര സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 12 ബേസ് ചെയ്തിട്ടുള്ള വൺ യുഐ 4.1ൽ പ്രവർത്തിക്കുന്നു.അൾട്രാസോണിക് ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും സാംസങ് ഗാലക്സി എസ്22 അൾട്ര ഫീച്ചർ ചെയ്യുന്നു.


Click it and Unblock the Notifications








