ആരാധകരേ ഇത് നിങ്ങൾക്ക് വേണ്ടിയുള്ളതാണ്! സാംസങ് ഗാലക്സി എസ്23 ഫാൻ എഡിഷൻ ഇന്ത്യയിലേക്ക് എത്തുന്നു
സാംസങ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സാംസങ് ഗാലക്സി എസ്23 എഫ്ഇ (ഫാൻ എഡിഷൻ) അടുത്തമാസം ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഇതിന് മുന്നോടിയായി ഗൂഗിൾ പ്ലേ കൺസോളിൽ രണ്ട് വ്യത്യസ്ത ചിപ്‌സെറ്റുകളോടെ ഈ സ്മാർട്ട്‌ഫോൺ കണ്ടെത്തി. ഗാലക്സി S23 FE സപ്പോർട്ടിങ് പേജും വെബ്‌സൈറ്റിൽ സജീവമായി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ എസ്23 ഫാൻ എഡിഷൻ മോഡലുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളും ലീക്ക് റിപ്പോർട്ടുകളും നിരന്തരം വന്നിരുന്നു. ഇതിന് പിന്നാലെയാണ് ലോഞ്ച് അടുത്തമാസം ഉണ്ടാകുമെന്ന വിവരവും ഇപ്പോൾ എത്തിയിരിക്കുന്നത്. വരാൻ പോകുന്ന എസ്23 ഫാൻ എഡിഷന്റെ ഫീച്ചറുകൾ സാംസങ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

എന്നാൽ ലോഞ്ചിന്റെ മുന്നോടിയായി പുറത്തുവിട്ട ടീസർ ചില വിവരങ്ങൾ ഉറപ്പിക്കുന്നുണ്ട്. ടീസറിൽ മൂന്ന് ക്യാമറ ലെൻസുകൾ കാണിക്കുന്നു, ഇത് ഗാലക്സി S23 FE യുടെ ക്യാമറ സജ്ജീകരണത്തിന്റെ സൂചന നൽകുന്നു. ഫോണിന്റെ നേരത്തെ ചോർന്ന ഡിസൈനും ചിത്രങ്ങളും ശരിവയ്ക്കുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ടീസറിലെ ഫോണിന്റെ രൂപം.
അടുത്തമാസം ഫോൺ ഇന്ത്യയിൽ അടക്കം ലോഞ്ച് ചെയ്യും എന്ന് ഉറപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും കൃത്യമായ തീയതി വെളിവായിട്ടില്ല. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ സാംസങ് ഗാലക്സി എസ്23 എഫ്ഇയുടെ ഫീച്ചറുകൾ സംബന്ധിച്ച് ലഭ്യമായിട്ടുള്ള വിവരങ്ങൾ എന്തൊക്കെയാണ് എന്ന് ഇവിടെ പരിചയപ്പെടാം.
സാംസങ് ഗാലക്സി എസ്23 എഫ്ഇ രണ്ട് വേരിയന്റുകളിൽ ലോഞ്ച് ചെയ്യും എന്നാണ് സൂചന. രണ്ട് വേരിയന്റിന്റെയും മോഡൽ നമ്പറുകൾ ഗൂഗിൾ പ്ലേ കൺസോളിൽ കണ്ടെത്തിയിരുന്നു. സാംസങ് r11q, ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 ജെൻ 1 ചിപ്‌സെറ്റാണ് ഉപയോഗിക്കുക. അതേസമയം r11s സാംസങ്ങിന്റെ തന്നെ എക്സിനോസ് 2200 ചിപ്സെറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.
ഈ രണ്ട് പ്രോസസറുകളിൽ ഏത് വേരിയന്റാണ് ഇന്ത്യയിൽ അവതരിപ്പിക്കുകയെന്ന് ഇപ്പോൾ വ്യക്തമല്ല. 8 ജിബി റാം, ആൻഡ്രോയിഡ് 13 ഒഎസ്, എഫ്‌എച്ച്‌ഡി + ഡിസ്‌പ്ലേ റെസല്യൂഷൻ എന്നിവ എസ് 23 എഫ്ഇയിൽ ഉണ്ടാകുമെന്ന് ലിസ്റ്റിംഗ് വ്യക്തമാക്കുന്നു. സിപിയുവും ജിപിയുവും ഒഴികെ, മറ്റെല്ലാ സവിശേഷതകളും രണ്ട് വേരിയന്റുകൾക്കും സമാനമാണ് എന്ന് ലിസ്റ്റിങ്ങിൽനിന്ന് മനസിലാക്കാം.
പ്രീമിയം എസ് 23 സീരീസിൽ കാണുന്നതുപോലെ, ഗാലക്‌സി എസ് 23 എഫ്ഇയിലും കർവ്ഡ് അരികുകളും നേർത്ത ബെസലുകളും ഉള്ള പഞ്ച്-ഹോൾ ഡിസ്‌പ്ലേ ഉണ്ട്. ഫോണിന്റെ TENAA ലിസ്റ്റിംഗാണ് ഡിസൈൻ ആദ്യം വെളിപ്പെടുത്തിയത്. കൂടാതെ ടിപ്‌സ്റ്റർ ഇവാൻ ബ്ലാസ് പുറത്തിറക്കിയ 360 ഡിഗ്രി വീഡിയോയും ഈ ഫോണിന്റെ ഡിസൈൻ വെളിപ്പെടുത്തി.

സാംസങ് പുറത്തിറക്കുന്ന മൂന്നാമത്തെ ഫാൻ എഡിഷൻ സ്മാർട്ട്‌ഫോൺ ആണ് ഗാലക്‌സി എസ് 23 എഫ്ഇ. 8 ജിബി റാമുമായി ഈ ഫോൺ എത്തുമെന്നും ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയായിരിക്കും പ്രവർത്തനമെന്നും ലിസ്റ്റിങ് വെളിപ്പെടുത്തുന്നു. മുൻ ലീക്ക് റിപ്പോർട്ടുകൾ പ്രകാരം ഹാൻഡ്‌സെറ്റിന് 6.3 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുണ്ട്.
എസ്23 എഫ്ഇയുടെ ഫ്രണ്ടിൽ 10 എംപി സെൽഫി ഷൂട്ടറും ബായ്ക്കിൽ 50 എംപി ട്രിപ്പിൾ ക്യാമറ സജ്ജീകരണവുമുണ്ടെന്ന് ലീക്ക് റിപ്പോർട്ടുകൾ പറയുന്നു. 25W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 4,500mAh ബാറ്ററി ഈ ഫോണിലുണ്ടാകും. ഗൂഗിൾ പ്ലേ കൺസോളിനു പുറമെ, NBTC, TDRA, Bluetooth SIG, BIS തുടങ്ങിയ സർട്ടിഫിക്കേഷൻ പ്ലാറ്റ്‌ഫോമുകളിലും S23 FE പ്രത്യക്ഷപ്പെട്ടു.
സാംസങ് ഗാലക്സി എസ്23 എഫ്ഇ സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ വില ഏകദേശം 50,000 രൂപയായിരിക്കുമെന്ന് ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിന് മുൻപ് സാംസങ് ഫാൻ എഡിഷൻ പുറത്തിറക്കിയത് ഗാലക്സ് എസ്21 സീരീസിന് ആയിരുന്നു. തുടർന്ന് വന്ന ഗാലക്‌സി എസ് 22 സീരീസിനൊപ്പം സാംസങ് എഫ്ഇ പതിപ്പ് പുറത്തിറക്കിയിരുന്നില്ല.


Click it and Unblock the Notifications