സെൽഫിയെടുക്കാൻ ഇതിലും മികച്ച ഫോണുകളില്ല; അറിയേണ്ടതെല്ലാം വിശദമായി
സെൽഫികളെടുക്കാത്തവരായി ആരാണുള്ളതല്ലേ. എവിടെയപ്പോയാലും എങ്ങോട്ട് തിരിഞ്ഞാലും സെൽഫികളെടുക്കുന്ന ഒരുപാട് പേരെ നമുക്കറിയാം. വിപണിയിൽ മികച്ച സ്മാർട്ട്ഫോണുകൾ ഒരുപാടുണ്ടെങ്കിലും നല്ല സെൽഫി ക്യാമറകളുള്ള ഫോണുകൾ വിരളവുമാണ്. ഓരോ ദിവസവും പുറത്തിറങ്ങുന്ന പുതിയ പുതിയ ഫോണുകളിൽ നിന്ന് നല്ല സെൽഫി ക്യാമറയുള്ള ഫോൺ സെലക്റ്റ് ചെയ്യുന്നതും ദുഷ്കരമായ കാര്യമാണ്.
സെൽഫി ക്യാമറ മാത്രം നോക്കി സ്മാർട്ട്ഫോൺ വാങ്ങുന്നതും പ്രായോഗികമല്ല. അത്യാവശ്യം ഫീച്ചറുകളും നല്ലൊരു റിയർ ക്യാമറ സെറ്റപ്പും ശേഷിയുള്ള ഫ്രണ്ട് ക്യാമറയുമടങ്ങുന്ന സ്മാർട്ട്ഫോൺ സെലക്റ്റ് ചെയ്യുന്നതാണ് ഉത്തമം. നല്ല ഫീച്ചറുകളും നല്ല ക്യാമറയുമൊക്കെ ഒരുമിച്ച് വേണമെങ്കിൽ അത്യാവശ്യം കാശ് മുടക്കണമെന്നതും ഒരു യാഥാർഥ്യമാണ്. ഫ്ലാഗ്ഷിപ്പ് സെഗ്മെന്റിലാണ് ഏറ്റവും മികച്ച സെൽഫി ക്യാമറകൾ ഉള്ളതെന്നാണ് കവി പറഞ്ഞ് വരുന്നത്. ഞങ്ങൾ സെലക്റ്റ് ചെയ്ത മികച്ച 5 സെൽഫി ക്യാമറ ഫോണുകൾ (Top 5 Selfie Camera Smartphones) പരിചയപ്പെടാം.

സാംസങ് ഗാലക്സി എസ്23 (Samsung Galaxy S23) : ആൻഡ്രോയിഡ് ഫോണുകളുടെ രാജാവ് ഏറ്റവും മികച്ച സെൽഫി ഡിവൈസുകളിൽ ഒന്ന് കൂടിയാണ്. എഐ സപ്പോർട്ടുള്ള 32 എംപി സെൽഫി സെൻസറും നവീനമായ ഓട്ടോഫോക്കസ് സംവിധാനവും ഇമേജ് സ്റ്റെബിലൈസേഷൻ സാങ്കേതികവിദ്യയും ഏറ്റവും മികച്ച ചിത്രങ്ങൾ പകർത്താനും സഹായിക്കുന്നു. ലോ ലൈറ്റ് കണ്ടീഷൻസിൽ പോലും ബ്ലർ ആയിപ്പോകാത്ത, ഷാർപ്പായ ചിത്രങ്ങളാണ് സാംസങ് ഗാലക്സി എസ്23 ഉറപ്പ് നൽകുന്നത്. ധാരാളം കസ്റ്റമൈസിങ് ഓപ്ഷനുകളും ഡിവൈസിലുണ്ട്.
ആപ്പിൾ ഐഫോൺ 14 (Apple iPhone 14) : സ്മാർട്ട്ഫോൺ വിപണിയിൽ പകരം വയ്ക്കാനില്ലാത്ത ഡിവൈസുകൾ മറ്റാരും നൽകാത്ത വിധത്തിലുള്ള സെൽഫി പെർഫോമൻസും ഉറപ്പ് നൽകുന്നു. സെൽഫികളും വീഡിയോ കോളുകളും പകർത്താനായി 12 എംപി വരുന്ന ഫ്രണ്ട് ഫേസിങ് ക്യാമറയാണ് ഐഫോൺ 14 മോഡലിൽ നൽകിയിരിക്കുന്നത്. എഫ് / 1.9 അപ്പേർച്ചറും ഈ ട്രൂഡെപ്ത് ക്യാമറയിൽ ലഭ്യമാണ്. 12 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പും ഐഫോണിലുണ്ട്.
ഗൂഗിൾ പിക്സൽ 7 എ (Google Pixel 7a) : 13 എംപി ക്യാമറ സെൻസറുകളാണ് ഗൂഗിളിന്റെ പുത്തൻ സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. എഫ് / 2.2 അപ്പേർച്ചർ, ഫിക്സഡ് ഫോക്കസ്, 95 ഡിഗ്രി അൾട്ര വൈഡ് ഫീൽഡ് ഓഫ് വ്യൂ എന്നിവയെല്ലാം ഈ സെൽഫി സെൻസറിന്റെ സവിശേഷതയാണ്. 30 എഫ്പിഎസിൽ 4കെ വീഡിയോ റെക്കോർഡിങിനും 1080പി വീഡിയോ റെക്കോർഡിങിനും ഗൂഗിൾ പിക്സൽ 7 എയിലെ സെൽഫി ക്യാമറ സപ്പോർട്ട് നൽകുന്നു.
വൺപ്ലസ് 11 (OnePlus 11) : ഫീച്ചർ റിച്ചായ സെൽഫി ക്യാമറ സെറ്റപ്പുമായാണ് ഡിവൈസ് വരുന്നത്. എഫ് / 2.2 അപ്പേർച്ചറുള്ള 16 എംപി ക്യാമറ ഒഐഎസ് സപ്പോർട്ടും ഓഫർ ചെയ്യുന്നു. ടൈം ലാപ്സ്, ഫേസ് അൺലോക്ക്, നൈറ്റ്സ്കേപ്പ് സെൽഫി, സെൽഫി എച്ച്ഡിആർ, ഡ്യുവൽ വ്യൂ വീഡിയോ എന്നിവയെല്ലാം വൺപ്ലസ് 11 സ്മാർട്ട്ഫോണിന്റെ സവിശേഷതകളാണ്. 30 എഫ്പിഎസിൽ 1080 പി, 720പി വീഡിയോസ് റെക്കോർഡ് ചെയ്യാനും സാധിക്കും.
ഷവോമി 13 പ്രോ (Xiaomi 13 Pro) : 32 എംപിയുടെ സെൽഫി സെൻസറുമായാണ് സ്മാർട്ട്ഫോൺ വിപണിയിലേക്ക് വരുന്നത്. എഫ് / 2.0 അപ്പേർച്ചർ, ഡൈനാമിക് ഫ്രെയിമിങ്, നൈറ്റ് മോഡ്, എച്ച്ഡിആർ, പോർട്രെയ്റ്റ് മോഡ് എന്നിങ്ങനെ എണ്ണം പറഞ്ഞ ഫീച്ചറുകളും സ്മാർട്ട്ഫോണിലെ സെൽഫി സെൻസർ പായ്ക്ക് ചെയ്യുന്നു. 50 എംപി പ്രൈമറി സെൻസർ, 50 എംപി ഫ്ലോട്ടിങ് ടെലിഫോട്ടോ സെൻസർ, 50 എംപി വൈഡ് ആംഗിൾ സെൻസർ എന്നിവയും ഫോണിലുണ്ട്.


Click it and Unblock the Notifications








