ഇനി ഇഷ്ടം കൂടും! മൃദുഭാവത്തിൽ സാംസങ് ഗാലക്സി എസ്24ന്റെ പുതിയ വേരിയന്റ് ഇന്ത്യയിൽ
പ്രപഞ്ചം ഇളക്കി മറിച്ച് ലോഞ്ച് ചെയ്യപ്പെട്ട സാംസങ് എസ്24 സീരീസിലെ സ്റ്റാന്റേർഡ് മോഡലായ സാംസങ് ഗാലക്സി എസ്24 (Samsung Galaxy S24) ന്റെ പുതിയ സ്റ്റോറേജ് വേരിയന്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇപ്പോൾ 128ജിബി ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനിലും ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലഭ്യമാകും.
സാംസങ് ഗാലക്സി എസ്24 സീരീസ് ഈ വർഷം ആദ്യം ലോഞ്ച് ചെയ്യുമ്പോൾ അതിലെ എസ്24 മോഡൽ 256 ജിബി, 512 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ആണ് ലഭ്യമായിരുന്നത്. ഇതിൽ 256ജിബി വേരിയന്റിന് 79,999 രൂപയും 512ജിബി വേരിയന്റിന് 89,999 രൂപയുമായിരുന്നു വില.

അതിനാൽ, നിലവിൽ ലഭ്യമായിട്ടുള്ള സാംസങ് ഗാലക്സി എസ്24 ന്റെ കുറഞ്ഞ വില 79999 രൂപയാണ്. എന്നാൽ ഇതിനെക്കാൾ കുറഞ്ഞ വിലയിൽ ഈ പ്രീമിയം സാംസങ് ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇനി 128ജിബി സ്റ്റോറേജ് വേരിയന്റിനെ ആശ്രയിക്കാം. 74,999 രൂപ വിലയിലാണ് സാംസങ് ഗാലക്സി എസ്24ന്റെ പുതിയ 128ജിബി സ്റ്റോറേജ് വേരിയന്റ് ലോഞ്ച് ചെയ്തിരിക്കുന്നത്.
പുതിയതായി ലോഞ്ച് ചെയ്തിരിക്കുന്നതിനാൽ സാംസങ് ഗാലക്സി എസ്24 ന്റെ 128ജിബി സ്റ്റോറേജ് മോഡലിന് ബാങ്ക് ഓഫറും ലഭ്യമാക്കിയിട്ടുണ്ട്. എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴി ഈ ഫോൺ പർച്ചേസ് ചെയ്യുമ്പോൾ 5,000 രൂപ ഫ്ലാറ്റ് ഡിസ്കൗണ്ട് ലഭ്യമാകും. അതായത് ലോഞ്ച് ഓഫർ പ്രയോജനപ്പെടുത്തിയാൽ 70000 രൂപയിൽ താഴെ വിലയിൽ ഈ ഫോൺ സ്വന്തമാക്കാം.

ബാങ്ക് ഡിസ്കൗണ്ട് കൂടാതെ 10000 രൂപ വരെ എക്സ്ചേഞ്ച് ബോണസും പുതിയ ഗാലക്സി എസ്24ന്റെ 128ജിബി വേരിയന്റിന് ലഭ്യമാകും. സ്റ്റോറേജ് ഓപ്ഷൻ മാറ്റി നിർത്തിയാൽ പുതിയ ഗാലക്സി എസ്24 ലെ ഫീച്ചറുകൾ മറ്റ് വേരിയന്റുകളിലേതിന് സമാനമാണ്. എക്സിനോസ് 2400 ചിപ്സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്.
സാംസങ് ഗാലക്സി എസ്24 ന്റെ പ്രധാന ഫീച്ചറുകൾ: എഐ അടക്കം ഉൾപ്പെടുത്തിക്കൊണ്ട് സ്മാർട്ട്ഫോൺ ഉപയോഗം അടുത്ത ലെവലിലേക്ക് ഉയർത്തുന്ന നിരവധി ഫീച്ചറുകളുമായാണ് സാംസങ് ഗാലക്സി എസ്24 സീരീസ് എത്തിയത്. അതിൽ ഏറ്റവും ശക്തനായ സ്മാർട്ട്ഫോൺ എസ്24 അൾട്രയാണെങ്കിലും സീരീസിലെ മറ്റ് ഫോണുകളും ഒട്ടും മോശമല്ല.
6.2 ഇഞ്ച് ഫുൾ-എച്ച്‌ഡി + ഡൈനാമിക് അമോലെഡ് സ്‌ക്രീനുമായാണ് ഗാലക്‌സി എസ് 24 എത്തിയിട്ടുള്ളത്. 120 ഹെർട്‌സ് വരെ റിഫ്രഷ് റേറ്റ്, 2600nits വരെ ബ്രൈറ്റ്നസ്, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടറ് 2 പ്രൊട്ടക്ഷൻ എന്നിവയും ഇതിലുണ്ട്. Xclipse 940 GPU ഉള്ള എക്‌സിനോസ് 2400 ചിപ്‌സെറ്റാണ് ഇന്ത്യയിൽ ലഭ്യമായിട്ടുള്ളത്. റാം 8ജിബിയാണ്.

ക്യാമറയുടെ കാര്യത്തിലേക്ക് വന്നാൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിൽ സാംസങ് ഒരുക്കിയിട്ടുള്ളത്. 50 മെഗാപിക്‌സൽ പ്രൈമറി ക്യാമറ, 12 മെഗാപിക്‌സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 30 എക്‌സ് ഡിജിറ്റൽ സൂം, 3x ഒപ്റ്റിക്കൽ സൂം ഉള്ള 10 മെഗാപിക്‌സൽ ടെലിഫോട്ടോ സെൻസർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഫ്രണ്ട് ക്യാമറ 12എംപിയാണ്.
25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,000mAh ബാറ്ററിയാണ് ഗാലക്സി S24 പായ്ക്ക് ചെയ്യുന്നത്. ക്വി വയർലെസ് ചാർജിംഗും വയർലെസ് പവർഷെയറും ഇതിലുണ്ട്. IP68 റേറ്റിങ്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, 5G, 4G LTE, ബ്ലൂടൂത്ത് 5.3, വൈഫൈ 6e, NFC എന്നിവയൊക്കെയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








