ഐഫോൺ ആരാധകരും ഇത് വാങ്ങിപ്പോകും; ഗാലക്സി എസ്24 ഫാൻ എഡിഷൻ കെങ്കേമമാക്കി സാംസങ്
പുതിയ ഐഫോൺ സീരീസ് അടുത്തമാസം ലോഞ്ച് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഐഫോൺ ആരാധകർ വളരെ പ്രതീക്ഷയിലാണ്. എന്നാൽ ഐഫോൺ ആരാധകർക്ക് മാത്രമല്ല സാംസങ് ആരാധകർക്കും സന്തോഷിക്കാനുള്ള വക ഒരുങ്ങുന്നുണ്ട്. ആപ്പിളിന്റെ ഐഫോണുകളോട് കിടിപിടിക്കും വിധത്തിൽ സാംസങ് ഗാലക്സി എസ് സീരീസിൽ അൾട്ര മോഡലുകൾ പുറത്തിറക്കാറുണ്ട്. ഇക്കൊല്ലത്തെ എസ് സീരീസ് ലോഞ്ച് എന്ന നിലയിൽ എസ്24 സീരീസ് ജനുവരിയിൽ പുറത്തിറങ്ങിക്കഴിഞ്ഞു. ഇപ്പോൾ സാംസങ് എസ്24 സീരീസിന്റെ ഫാൻ എഡിഷൻ ഫോൺ (Samsung Galaxy S24 FE) പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ്.
സാംസങ്ങിന്റെ പ്രീമിയം ഫോണുകൾ അണിനിരക്കുന്ന എസ്24 സീരീസിന്റെ ബദലായി സാംസങ് അവതരിപ്പിക്കുന്ന സ്പെഷൽ ഫോൺ ആണ് ഗാലക്സി എസ്24 എഫ്ഇ. ഗാലക്സി എസ്24 സീരീസ് ഫോണുകളിലെ ഫീച്ചറുകളോട് ചേർന്നുനിൽക്കുന്ന ഫീച്ചറുകൾ കുറഞ്ഞ വിലയിൽ ആസ്വദിക്കാൻ സാധിക്കും എന്നതാണ് ഈ ഫാൻ എഡിഷൻ ഫോണിന്റെ പ്രത്യേകത.

ഐഫോൺ ആരാധകർക്ക് പുതിയ ഐഫോൺ വാങ്ങണമെങ്കിൽ നല്ലൊരു തുക ചെലവഴിക്കേണ്ടിവരും. അത്രയധികം തുക ഫോണിനായി ചെലവഴിക്കാൻ കഴിയാത്ത ഐഫോൺ ആരാധകർക്കും വാങ്ങാവുന്ന വിധത്തിൽ കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ ഗാലക്സി എസ്24 എഫ്ഇ വാഗ്ദാനം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. ഈ ആഴ്ചയുടെ തുടക്കത്തിൽ സാംസങ് ഗാലക്സി എസ്24 എഫ്ഇയുടെ സപ്പോർട്ടിങ് പേജ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
അതിനാൽ സാംസങ് ഈ ഫാൻ എഡിഷൻ ഫോണിനായുള്ള പണികൾ അതിവേഗം മുന്നോട്ട് കൊണ്ടുപോകുന്നുണ്ട് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ഇതിനകം വിവിധ ലീക്ക് റിപ്പോർട്ടുകളിലൂടെ ഗാലക്സി എസ്24 എഫ്ഇയുടെ ഫീച്ചറുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇപ്പോൾ ഏറ്റവും പുതിയതായി വന്നിരിക്കുന്ന ലീക്ക് റിപ്പോർട്ട് ഈ ഫോണിന്റെ ഡിസ്പ്ലേ, ബാറ്ററി എന്നിവയെപ്പറ്റിയുള്ള വിവരങ്ങൾ നൽകുന്നു.

വരാൻ പോകുന്ന ഗാലക്സി എസ്24 എഫ് 120Hz റിഫ്രഷ് റേറ്റും 1,900 nits പീക്ക് ബ്രൈറ്റ്നസും ഉള്ള 6.7 ഇഞ്ച് AMOLED ഡിസ്‌പ്ലേ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആൻഡ്രോയിഡ് ഹെഡ്‌ലൈൻസ് റിപ്പോർട്ട് ചെയ്തു. ഇത് ശരിയാണ് എങ്കിൽ ഗാലക്സി എസ്24 സീരീസിലെ എസ്24 മോഡലിനെക്കാൾ ബ്രൈറ്റ്നസും എസ്24 പ്ലസ് മോഡലിന്റെ അതേ വലിപ്പവും എസ്24 എഫ്ഇയ്ക്ക് ഉണ്ടാകും.
ഇന്ത്യയിൽ അവതരിപ്പിക്കപ്പെടുന്ന ഗാലക്സി എസ്24 ഫാൻ എഡിഷൻ മോഡലിൽ എസ്24, എസ്24 പ്ലസ് മോഡലുകളിലുള്ള അതേ എക്‌സിനോസ് 2400 ചിപ്സെറ്റ് ആകും ഉണ്ടാകുകയെന്നും റിപ്പോർട്ടുകൾ പറയുന്നു. ബാറ്ററിയുടെ കാര്യമെടുത്താൽ ഗാലക്സി എസ്24 എഫ്ഇയിൽ 4,565mAh ബാറ്ററിയാകും ഉണ്ടാകുകയെന്ന് ലീക്ക് റിപ്പോർട്ടുകൾ അവകാശപ്പെടുന്നു, ഇത് ഗാലക്സി എസ്24, ഗാലക്സി എസ്24 പ്ലസ് മോഡലുകൾക്ക് ഇടയിൽ നിൽക്കും.
ക്യാമറയുടെ കാര്യമെടുത്താൽ ഗാലക്സി എസ്24 എഫ്ഇയുടെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ 50MP പ്രൈമറി സെൻസർ, 12MP അൾട്രാ വൈഡ് ക്യാമറ, 3x ഒപ്റ്റിക്കൽ സൂം ഉള്ള 8MP ക്യാമറ എന്നിവയും 10എംപി ഫ്രണ്ട് ക്യാമറയും എത്തിയേക്കും. ലീക്ക് റിപ്പോർട്ടുകൾ പറയുന്ന ഈ ഫീച്ചറുകൾ ശരിയാണെങ്കിൽ കഴിഞ്ഞ തവണ പുറത്തിറങ്ങിയ ഫാൻ എഡിഷൻ ഫോണിനെക്കാൾ ഒരുപാട് മെച്ചപ്പെട്ടതാണ് പുതിയ ഫോൺ.

നീല, പച്ച, കറുപ്പ്, ഗ്രാഫൈറ്റ്, മഞ്ഞ എന്നീ അഞ്ച് നിറങ്ങളിൽ ഗാലക്സി എസ്24 എഫ്ഇ എത്തുമെന്നാണ് സൂചന. കൂടാതെ ഇതിൽ അലുമിനിയം ഫ്രെയിമും കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് + പ്രൊട്ടക്ഷനും ഉണ്ടാകുമെന്ന് റിപ്പോർട്ട് പറയുന്നു. പ്രീമിയം സാംസങ് ഫോണുകളിൽ കാണുന്ന പോർട്രെയിറ്റ് സ്റ്റുഡിയോ, സർക്കിൾ ടു സെർച്ച്, ജനറേറ്റീവ് എഡിറ്റ്, സ്‌കെച്ച് ടു ഇമേജ്, ലൈവ് ട്രാൻസ്‌ലേറ്റ് എന്നിവയുൾപ്പെടെയുള്ള ഗാലക്‌സി എഐ ഫീച്ചറുകളും ഈ ഫോണിലുണ്ടാകും.


Click it and Unblock the Notifications








