എസ്23 അൾട്രയിൽ പരീക്ഷിച്ച തന്ത്രം എസ്24ൽ സാംസങ് പുതുക്കും, പെർഫോമൻസ് പറക്കും! കണക്കുകൾ പുറത്ത്
സാംസങ്ങിന്റെ എസ്24 അൾട്രയ്ക്കായുള്ള കാത്തിരിപ്പിലാണ് സ്മാർട്ട്ഫോൺ ലോകം. ആപ്പിളിന്റെ ഐഫോൺ 15 നിരയിലെ ഏറ്റവും കരുത്തനായ ഐഫോൺ 15 പ്രോ മാക്സ്, ഗൂഗിളിന്റെ പുതിയ പിക്സൽ 8 സീരീസിലെ കരുത്തനായ പിക്സൽ 8 പ്രോ എന്നിവയ്ക്ക് ബദലായോ അവയ്ക്കും മുകളിലോആണ് ഗാലക്സി എസ്23 അൾട്രയുടെ സ്ഥാനം.
ആപ്പിളിന്റെയും ഗൂഗിളിന്റെയും ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങിയത് കഴിഞ്ഞ രണ്ട് മാസങ്ങളിലായാണ്. അതായത് സെപ്റ്റംബറിൽ ഐഫോൺ 15 സീരീസും ഒക്ടോബറിൽ പിക്സൽ 8 സീരീസും. ഈ രണ്ടു ഫോണുകളുടെയും പെർഫോമൻസ് ചർച്ച ചെയ്യുകയും താരതമ്യം ചെയ്യുകയും ചെയ്യുന്ന അവസരത്തിലെല്ലാം എസ്23 അൾട്രയുടെ പേരും ഉയർന്നുവരുന്നു.

എസ്23 അൾട്രയുടെ മികവാണ് ഇന്നും അതിനെ പുതിയ ഫോണുകളുടെ കൂട്ടത്തിൽ പോലും ചർച്ചചെയ്യും വിധത്തിൽ ശക്തമാക്കി നിർത്തുന്നത്. കമ്പനിയുടെ ഇൻ-ഹൗസ് എക്‌സിനോസ് ചിപ്‌സെറ്റുകൾ ഉപേക്ഷിച്ച് ഈ വർഷം ഗാലക്‌സിക്കായി ഒരു കസ്റ്റം സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 മൊബൈൽ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് സാംസങ് ഗാലക്‌സി എസ് 23 സീരീസ് പുറത്തിറക്കി.
സാംസങ് ഗാലക്‌സി എസ് 23, ഗാലക്‌സി എസ് 23+, ഗാലക്‌സി എസ് 23 അൾട്രാ എന്നിവയാണ് ഇത്തരത്തിൽ പുറത്തിറങ്ങിയത്. ഇപ്പോൾ എവിടെയും ചർച്ച ഗാലക്സി എസ്24 സീരീസിന്റെ വരവിനെപ്പറ്റിയാണ്. എസ്23 സീരീസിൽ അവതരിപ്പിച്ചതുപോലെതന്നെ ക്വാൽക്കോമിന്റെ ഉടൻ ലോഞ്ച് ചെയ്യുന്ന സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് കരുത്തിലാണ് പുതിയ എസ്24 സീരീസും എത്തുകയെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
എസ് 24 സീരീസിൽ പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് ഉണ്ടാകുമെന്നാണ് വിശ്വസനീയമായ റിപ്പോർട്ടുകളെങ്കിലും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരേണ്ടതുണ്ട്. റിപ്പോർട്ടുകൾ പ്രകാരം എസ്23 അൾട്രയേക്കാൾ മികച്ചതായിരിക്കും എസ്24 അൾട്ര. ഗീക്ക്ബെഞ്ചിന്റെ വൾക്കൻ ടെസ്റ്റ് ഇത് അടിവരയിട്ട് ഉറപ്പിക്കുന്നുണ്ട്.
സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റിന്റെ അഡ്രിനോ 750 ജിപിയു സ്‌നാപ്‌ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റിലെ അഡ്രിനോ 740-നേക്കാൾ കൂടുതൽ വേഗതയുള്ളതായിരിക്കുമെന്ന് ഗീക്ക്ബെഞ്ചിന്റെ ടെസ്റ്റ് താരതമ്യം വ്യക്തമാക്കുന്നു. ഗാലക്സി എസ്24പ്ലസിന്റെ (എന്ന് പറയപ്പെടുന്നു) ഗീക്ക്ബെഞ്ച് 6 വൾക്കൻ ടെസ്റ്റിൽ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് ശ്രദ്ധേയമായ 17,031 പോയിന്റുകൾ നേടി.
ഈ സ്കോർ ഗാലക്സി എസ്23 അൾട്രയെക്കാൾ 81.6 ശതമാനം കൂടുതലാണ്. നിലവിലുള്ള ഗാലക്സി എസ്23 അൾട്രയുടെ കസ്റ്റം സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 മൊബൈൽ പ്ലാറ്റ്‌ഫോം അതേ പ്ലാറ്റ്‌ഫോമിൽ 9,379 പോയിന്റുകളാണ് നേടിയത്. ഗീക്ക്ബെഞ്ച് വൾക്കൻ ബെഞ്ച്മാർക്ക് പ്രാഥമികമായി ഗ്രാഫിക്സ് പ്രകടനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

അതിനാൽ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ് ഗ്രാഫിക്സ് പ്രകടനത്തിൽ മുൻഗാമികളെക്കാൾ കേമനാണെന്ന് ഉറപ്പായി. സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റുള്ള ഗ്യാലക്‌സി എസ് 24 അൾട്രാ അതിന്റെ മുൻഗാമിയെ ഉയർന്ന മാർജിനിൽ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗാലക്‌സി എസ്24, ഗാലക്‌സി എസ്24+, ഗാലക്‌സി എസ്24 അൾട്ര സ്‌മാർട്ട്‌ഫോണുകൾ 2024 ജനുവരിയിൽ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അലൂമിനിയത്തിന് പകരം ടൈറ്റാനിയം ഫ്രെയിമുകൾക്കൊപ്പം പുതിയ സീരീസ് എത്തിയേക്കാം. ഗ്യാലക്‌സി എസ് 24, എസ് 24 + എന്നിവ കാനഡ, യു എസ് തുടങ്ങിയ ചിലയിടങ്ങളിൽ എക്‌സിനോസ് ചിപ്പ് അവതരിപ്പിക്കുമെന്ന് മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നു. അതേസമയം ഗാലക്‌സി എസ് 24 അൾട്ര എല്ലാ വിപണികളിലും സ്‌നാപ്ഡ്രാഗൺ ചിപ്പുമായി വരും.


Click it and Unblock the Notifications








