ഇന്ത്യയിൽ വിൽക്കുന്ന ഗാലക്സി എസ്24 സീരീസ് നോയിഡയിൽ നിർമിച്ചത്; വില 79,999 രൂപ മുതൽ
ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുടെ ജാതകം തിരുത്തിക്കുറിക്കാൻ ശേഷിയുള്ള എഐ കഴിവുകളോടെ ഏറ്റവും പുതിയ സാംസങ് ഗാലക്സി എസ് സീരീസ് ഫോണുകൾ ഇന്ത്യയിലും ലോഞ്ച് ചെയ്യപ്പെട്ടിരിക്കുകയാണ്. ഗാലക്സി എസ്24, ഗാലക്സി എസ്24 പ്ലസ്, ഗാലക്സി എസ്24 അൾട്ര എന്നിങ്ങനെ മൂന്ന് ഫോണുകളാണ് ഗാലക്സി എസ്24 സീരീസിൽ എത്തിയിരിക്കുന്നത്.
സാംസങ് ഗാലക്സി എസ്24 (Samsung Galaxy S24 series) സീരീസിലെ മൂന്ന് ഫോണുകളിൽ ഏറ്റവും ഉയർന്ന മോഡലായ ഗാലക്സി എസ്24 അൾട്രയിലാണ് ഏവരുടെയും ശ്രദ്ധ. എന്നാൽ ഈ സീരീസിലെ മറ്റ് ഫോണുകളും പ്രമുഖ ബ്രാൻഡുകളുടെ പ്രീമിയം സ്മാർട്ട്ഫോണുകളെ നേരിടാൻ തക്ക ശേഷിയോടെയാണ് എത്തിയിരിക്കുന്നത്.

സാംസങ് ഗാലക്സി എസ്24, ഗാലക്സി എസ്24 പ്ലസ്, ഗാലക്സി എസ്24 അൾട്ര എന്നിവ ഇന്ന് രാത്രി 10 മണി മുതൽ പ്രീ-ഓർഡറിന് ലഭ്യമാകും. ജനുവരി 31 മുതൽ ആണ് ഈ ഫോണുകളുടെ വിൽപ്പന ആരംഭിക്കുക. ഇന്ത്യയിൽ വിൽക്കുന്ന എല്ലാ സാംസങ് ഗാലക്സി എസ് 24 സീരീസ് മോഡലുകളും നോയിഡ ഫാക്ടറിയിൽ നിർമ്മിച്ചതാണെന്ന് കമ്പനി സ്ഥിരീകരിച്ചു.
സാംസങ്ങിന്റെ പ്രീമിയം സ്മാർട്ട്ഫോൺ സീരീസാണ് ഗാലക്സി എസ്. അതിനാൽത്തന്നെ ആപ്പിളിന്റെ ഐഫോണുകൾ പോലെ ഉയർന്ന വിലയിലാണ് ഗാലക്സി എസ് സീരീസ് ഫോണുകളും വിൽപ്പനയ്ക്ക് എത്തുന്നത്. പുതിയ ഗാലക്സി എസ്24 സീരീസ് ഫോണുകളുടെ ഇന്ത്യയിലെ വില ഇപ്പോൾ ലഭ്യമായിട്ടുണ്ട്. ഗാലക്‌സി എസ് 24 ന്റെ 256 ജിബി സ്റ്റോറേജുള്ള അടിസ്ഥാന മോഡലിന് 79,999 രൂപയാണ് വില.

സാംസങ് ഗാലക്സി എസ്24 സീരീസിലെ ഫോണുകളുടെ ഇന്ത്യയിലെ വില വിശദമായി പരിചയപ്പെടാം. ഗാലക്സി എസ്24 ന്റെ (Samsung Galaxy S24) 8ജിബി/ 256ജിബി വേരിയന്റിന് ഇന്ത്യയിൽ 79,999 രൂപ വില നിശ്ചയിച്ചിരിക്കുന്നു. ഇതിന്റെ 8 GB റാം+ 512GB സ്റ്റോറേജ് വേരിയന്റിന് 89,999 രൂപ ആണ് വില.
സാംസങ് ഗാലക്സി എസ് 24 പ്ലസ് (Samsung Galaxy S24+): 12GB റാം+ 256GB ഇന്റേണൽ സ്റ്റോറേജ് മോഡലിന് 99,999 രൂപയാണ് എംആർപി. എന്നാൽ ലഭ്യമാകുന്ന ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ ഇത് 86,999 രൂപ വിലയിൽ ലഭ്യമാകും. എസ്24 പ്ലസിന്റെ 12GB+ 512GB വേരിയന്റിന്റെ എംആർപി 109,999 രൂപയാണ്. ഇത് 87,999 രൂപയ്ക്ക് വാങ്ങാം.
സാംസങ് ഗാലക്സി എസ്24 അൾട്ര (Samsung Galaxy S24 Ultra): എസ്24 അൾട്ര മൂന്ന് സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാകും. അതിൽ 12GB+ 256 ജിബി അടിസ്ഥാന മോഡലിന് 129,999 രൂപ ആണ് എംആർപി. എന്നാൽ ഇത് തുടക്കത്തിൽ 1,16,999 രൂപ വിലയിൽ വാങ്ങാൻ വിവിധ ഓഫറുകൾ സഹായിക്കും.

ഗാലക്സി എസ്24 അൾട്രയുടെ 12GB റാം+ 512GB ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 139,999 രൂപ ആണ് ഇന്ത്യയിലെ എംആർപി. എന്നാലിത് തുടക്കത്തിൽ 1,17,999 രൂപ വിലയിൽ വാങ്ങാൻ അവസരം ഉണ്ടാകും. അതേപോലെ, ഗാലക്സി എസ്24 അൾട്രയുടെ ഏറ്റവും ഉയർന്ന 12GB+ 1TB വേരിയന്റിന്റെ എംആർപി 159,999 രൂപ ആണ്.
ഗാലക്‌സി എസ് 24 ആംബർ യെല്ലോ, കോബാൾട്ട് വയലറ്റ്, ഓനിക്സ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ലഭ്യമാകും, ഗ്യാലക്‌സി എസ് 24+ കോബാൾട്ട് വയലറ്റ്, ഒനിക്‌സ് ബ്ലാക്ക് ഷേഡുകളിൽ വരുന്നു, ഗാലക്‌സി എസ് 24 അൾട്രാ ടൈറ്റാനിയം ഗ്രേ, ടൈറ്റാനിയം വയലറ്റ്, ടൈറ്റാനിയം ബ്ലാക്ക്, ടൈറ്റാനിയം ഗ്രേ നിറങ്ങളിൽ ലഭ്യമാകും.
ഓഫറുകൾ: എച്ച്‌ഡിഎഫ്‌സി കാർഡ് ഉപയോക്താക്കൾക്ക് 5,000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൗണ്ട് ലഭിക്കും. കൂടാതെ തിരഞ്ഞെടുത്ത സ്മാർട്ട്‌ഫോണുകൾ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോൾ 12,000 രൂപ വരെ ബോണസും സാംസങ് ഫിനാൻസ്+ വഴി 11 മാസത്തെ നോ കോസ്റ്റ് ഇഎംഐ പ്ലാനും സാംസങ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ 256ജിബിയിൽ നിന്ന് 512ലേക്ക് സൗജന്യ സ്‌റ്റോറേജ് അപ്‌ഗ്രേഡും വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications








