പ്രീ ബുക്കിങ് രണ്ടരലക്ഷം കടന്നു; വിൽപ്പന ആരംഭിക്കും മുമ്പ്തന്നെ എസ്24 സീരീസ് ഇന്ത്യയിൽ സൂപ്പർഹിറ്റ്! റെക്കോഡ്
ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ പ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട സ്മാർട്ട്ഫോൺ ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ, ഗാലക്സി എസ് സീരീസിലെ അൾട്ര മോഡൽ. സാംസങ്ങിന്റെ പ്രീമിയം സ്മാർട്ട്ഫോണുകളുടെ നിരയാണ് എസ് സീരീസിൽ അണിനിരക്കാറുള്ളത്. അതിൽത്തന്നെ ഏറ്റവും ശ്രദ്ധേയം ഏറ്റവും മികച്ച ഫീച്ചറുകളോടെ എത്തുന്ന അൾട്ര മോഡൽ ആണ്.
പുതിയ എസ് സീരീസ് ഫോണുകളുമായി സാംസങ് ഗാലക്സി എസ്24 സീരീസ് (Samsung Galaxy S24 series) ജനുവരി 17ന് ആഗോളതലത്തിൽ ലോഞ്ച് ചെയ്തു. സാംസങ് ഗാലക്സി എസ്24, ഗാലക്സി എസ്24 പ്ലസ്, ഗാലക്സി എസ്24 അൾട്ര എന്നിങ്ങനെ മൂന്ന് സ്മാർട്ട്ഫോണുകളാണ് എസ്24 സീരീസിൽ സാംസങ് അവതരിപ്പിച്ചത്.

ലോഞ്ച് ചെയ്തെങ്കിലും എസ്24 സീരീസ് ഫോണുകൾ ഇതുവരെ വിൽപ്പനയ്ക്ക് എത്തിയിരുന്നില്ല. ജനുവരി 31 മുതലാണ് ഇവയുടെ വിൽപ്പന ആരംഭിക്കുക. എന്നാൽ ജനുവരി 18 മുതൽ തന്നെ പ്രീ ബുക്കിങ് ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ വിൽപ്പന ആരംഭിക്കും മുമ്പ് തന്നെ എസ്24 സീരീസ് ഫോണുകൾ ഇന്ത്യയിൽ സൂപ്പർഹിറ്റ് ആയിരിക്കുകയാണ് എന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു.
പ്രീ ബുക്കിങ് ആരംഭിച്ച് വെറും മൂന്ന് ദിവസം കൊണ്ട് 250000ൽ അധികം ബുക്കിങ്ങാണ് എസ്24 സീരീസ് ഇന്ത്യയിൽ നേടിയിരിക്കുന്നത് എന്ന് സാംസങ് വെളിപ്പെടുത്തി. ഇത് റെക്കോഡ് നേട്ടമാണ്. ഇതുവരെ ഇറങ്ങിയിട്ടുള്ളതിൽ വച്ച് ഏറ്റവും വിജയകരമായ എസ് സീരീസ് എന്ന നേട്ടവും പുതിയ എസ്24 സീരീസ് നേടിയിരിക്കുന്നു എന്നാണ് റിപ്പോർട്ട്.

എസ് 24 സീരീസിന്റെ മുൻഗാമിയായ എസ്23 സീരീസ് ഫോണുകൾ ഇന്ത്യയിൽ മൂന്ന് ആഴ്ചകൊണ്ടാണ് 250000 പ്രീ ബുക്കിങ് പിന്നിട്ടത്. എസ്23 മൂന്നാഴ്ചകൊണ്ട് നേടിയത് എസ്24 മൂന്ന് ദിവസം കൊണ്ട് മറികടന്നിരിക്കുന്നു എന്നതാണ് ശ്രദ്ധേയം. സാംസങ്ങിന്റെ പുതിയ എഐ പ്രോജക്ടായ ഗാലക്സി എഐയുടെ ഫീച്ചറുകളുമായി എത്തുന്നു എന്നതാണ് പുതിയ എസ്24 സീരീസിന്റെ പ്രധാന പ്രത്യേകത.
നിലവിൽ മറ്റ് സ്മാർട്ട്ഫോണുകളിൽ കാണാൻ സാധിക്കാത്ത നിരവധി എഐ ഫീച്ചറുകൾ ഗാലക്സി എസ്24 സീരീസിൽ ഉണ്ട് എന്ന് ലോഞ്ച് ഇവന്റിൽ ലോകം കണ്ടു. അതിനാൽത്തന്നെയാകാം ഗാലക്സി എസ്24 സീരീസ് വിൽപ്പന ആരംഭിക്കും മുമ്പ് തന്നെ ഇത്രയധികം പ്രീ ബുക്കിങ് നേടിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
സ്മാർട്ട്ഫോണുകളിൽ എഐ സൃഷ്ടിക്കാൻ പോകുന്ന അദ്ഭുതങ്ങളുടെ പ്രധാന നാഴികക്കല്ലായിട്ടാണ് എസ്24 സീരീസ് വിലയിരുത്തപ്പെടുന്നത്. വിൽപ്പന ആരംഭിക്കുന്നതിന് മുന്നോടിയായി സാംസങ് ആകർഷകമായ ലോഞ്ച് ഓഫറുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. എസ്24 സീരീസ് വാങ്ങാൻ ബാങ്ക് ഡിസ്കൗണ്ടുകളും എക്സചേഞ്ച് ഓഫറുകളും നോ കോസ്റ്റ് ഇഎംഐ പ്ലാനും സാംസങ് വാഗ്ദാനം ചെയ്യുന്നു. അതും ബുക്കിങ് ഉയർത്താൻ സഹായിച്ചു എന്നുവേണം കരുതാൻ.

സാംസങ് ഗാലക്സി എസ്24 സീരീസിന്റെ ഇന്ത്യയിലെ വില. ഗാലക്സി എസ്24(Samsung Galaxy S24): 8ജിബി/ 256ജിബി വേരിയന്റിന് ഇന്ത്യയിൽ 79,999 രൂപ. 8 GB+ 512GB വേരിയന്റിന് 89,999 രൂപ. സാംസങ് ഗാലക്സി എസ് 24 പ്ലസ് (Samsung Galaxy S24+): 12GB+ 256GB മോഡലിന് 99,999 രൂപ.
സാംസങ് ഗാലക്സി എസ് 24 പ്ലസ് 12GB+ 512GB വേരിയന്റിന്റെ വില 109,999 രൂപയാണ്. സാംസങ് ഗാലക്സി എസ്24 അൾട്ര (Samsung Galaxy S24 Ultra): എസ്24 അൾട്ര മൂന്ന് സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാകും. അതിൽ 12GB+ 256 ജിബി അടിസ്ഥാന മോഡലിന് 129,999 രൂപയാണ് വില.
ഗാലക്സി എസ്24 അൾട്ര 12GB റാം+ 512GB ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 139,999 രൂപ. എസ്24 അൾട്ര 12GB+ 1TB വേരിയന്റിന് 159,999 രൂപ. ലോഞ്ച് ഓഫറുകൾ ലഭ്യമാകുന്നതിനാൽ ഇതിൽ പല മോഡലുകളും പതിനായിരത്തിലേറെ രൂപയുടെ വിലക്കുറവിൽ വാങ്ങാൻ സാധിക്കും. ഉദാഹരണത്തിന് 129,999 രൂപ വിലയുള്ള എസ്24 അൾട്ര തുടക്കത്തിൽ 1,16,999 രൂപയ്ക്ക് വാങ്ങാം.


Click it and Unblock the Notifications








