എല്ലാരും ചൊല്ലിണതല്ലിവൻ കജ്ജൂക്കുള്ളൊരു കാര്യക്കാരൻ...! ഗാലക്സി എസ്24 സീരീസിന്റെ വില ചോർന്നു
അദ്ഭുതങ്ങൾ ഒളിപ്പിച്ചെത്തുന്ന സാംസങ് ഗാലക്സി എസ്24 സീരീസിനായുള്ള കാത്തിരിപ്പിലാണ് ലോകം. ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിലെ രാജാവായി വിലസുന്ന ഗാലക്സി എസ്24 സീരീസിന്റെ പിൻഗാമിയായി 2024 ജനുവരി 17 ന് സാംസങ് ഗാലക്സി എസ്24 അൾട്ര പുറത്തിറങ്ങും. എന്നാൽ ലോഞ്ച് വിവരം കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
സാംസങ് ഗാലക്സി എസ്24 സീരീസിലാണ് ഗാലക്സി എസ്24 അൾട്രയും എത്തുന്നത്. എസ്24 അൾട്രയുടെ വാർത്തകളറിയാൻ ലോകം കാത്തിരിക്കുന്നതിനാൽ ടിപ്സ്റ്റർമാർ ഓരോരോ വിവരങ്ങളായി ചോർത്തി ഇതിനകം ഈ ഫോണിന്റെയും ഫോൺ സീരീസിന്റെയും ഏതാണ്ട് എല്ലാ വിവരങ്ങളും ലഭ്യമായിട്ടുണ്ട്. അതിന് നന്ദി പറയേണ്ടത് ലീക്ക് റിപ്പോർട്ടുകളോടും ടിപ്സ്റ്റർമാരോടുമാണ്.

ഇപ്പോൾ സാംസങ് ഗാലക്സി എസ്24 ലോഞ്ച് അടുത്തിരിക്കെ ഈ സീരീസിന്റെ വില അടക്കമുള്ള വിവരങ്ങളും ടിപ്സ്റ്റർമാർ പുറത്തുവിട്ടിരിക്കുകയാണ്. ഗാലക്സി എസ്24 സീരീസിന്റെ യൂറോപ്യൻ വിലകൾ ലഭിച്ചതായി GalaxyClub (ഡച്ച്) അവകാശപ്പെട്ടു. എന്നാൽ ഈ വില അറിയും മുമ്പ് മനസിലാക്കേണ്ട ഒരു കാര്യം എന്തെന്നാൽ, സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വില സാധാരണയായി യൂറോപ്യൻ വിപണിയേക്കാൾ വളരെ കുറവായിരിക്കും.
ലീക്ക് റിപ്പോർട്ട് പ്രകാരം യൂറോപ്പിൽ, സാംസങ് ഗാലക്സി S24 ന്റെ അടിസ്ഥാന 8GB RAM + 128GB സ്റ്റോറേജ് മോഡലിന് 899 യൂറോ (ഏകദേശം 82,000 രൂപ) പ്രാരംഭ വില വരും. 256GB സ്റ്റോറേജ് മോഡലിന് 959 യൂറോ (ഏകദേശം 88,000 രൂപ) ആയിരിക്കും വില.

ഗാലക്സി എസ്24+ ന്റെ 12GB RAM + 256GB സ്റ്റോറേജ് മോഡലിന് 1,149 യൂറോ (ഏകദേശം 1,05,000 രൂപ) ചിലവാകും. എസ്24 സീരീസിലെ ഏറ്റവും ശ്രദ്ധേയ മോഡലായ സാംസങ് ഗാലക്സി എസ്24 അൾട്രയുടെ 12GB RAM + 256GB വേരിയന്റിന് 1,449 യൂറോ (ഏകദേശം 1,33,500 രൂപ) ആയിരിക്കും വില.
അതേപോലെ ഗാലക്സി എസ്24 അൾട്രയുടെ 12GB RAM + 512GB ഇന്റേണൽ സ്റ്റോറേജ് വേരിയന്റ് 1,569 യൂറോയ്ക്കും ( ഏകദേശം 1,44,500 രൂപ ), 12GB + 1TB വേരിയന്റ് 1,809 യൂറോ (ഏകദേശം 1,66,500 രൂപ) വിലയിലും അവതരിപ്പിക്കപ്പെടും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഗാലക്സി എസ്24 സീരീസിന്റെ യൂറോപ്പിലെ വിലയും ഇന്ത്യയിലെ വിലയും തമ്മിൽ കാര്യമായ അകലം ഉണ്ടാകും. ഇന്ത്യയിൽ, സാംസങ് ഗാലക്സി S23 സീരീസിന്റെ വില 74,999 രൂപയിൽ ആണ് ആരംഭിക്കുന്നത്. പുതിയതായി എത്തുന്ന എസ്24 ഇതിനെക്കാൾ 1000 രൂപ മാത്രം അധിക വിലയിലാകും സാംസങ് അവതരിപ്പിക്കുക എന്ന് കരുതപ്പെടുന്നു.

മത്സരാധിഷ്ഠിത വില നിർണയം നിലനിർത്താൻ സാംസങ് ശ്രമിക്കും എന്ന വിശ്വാസമാണ് ഈ പ്രതീക്ഷയ്ക്ക് അടിസ്ഥാനം. എന്നാൽ മത്സരം കുറച്ചുകൂടി കടുപ്പമാക്കി കഴിഞ്ഞ വർഷത്തെ അതേ വിലയിൽ പുതിയ എസ്24 സീരീസ് സാംസങ് അവതരിപ്പിക്കുമോ എന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്. അങ്ങനെ സാംസങ് തീരുമാനിച്ചാൽ അത് ആശ്ചര്യകരമാകും.
എന്നാൽ എഐ അടക്കമുള്ള പുതിയ ടെക്നോളജികൾ സാംസങ് ഗാലക്സി എസ്24 സീരീസിൽ അവതരിപ്പിക്കുമെന്ന് വാർത്തകൾ വന്നിട്ടുണ്ട്. ഇത് കൂടാതെ പുതിയ ഒട്ടനവധി ടെക്നോളജികൾ സാംസങ് എസ്24 സീരീസിൽ കൊണ്ടുവരുന്നുണ്ട്. അതിനാൽ വില കുറയ്ക്കാൻ സാധ്യതയില്ല, മറിച്ച് കൂടാനാണ് സാധ്യതയെന്ന് ചിലർ നിരീക്ഷിക്കുന്നു.
ജനുവരി 17 ന് ഗാലക്സി എസ്24 അവതരിപ്പിക്കും എന്ന് ലീക്ക് റിപ്പോർട്ടുകൾ പറയുന്നതിനാൽ അധികം വൈകാതെ തന്നെ ലോഞ്ച് തീയതി സാംസങ് ഔദ്യോഗികമായി പ്രഖ്യാപിക്കും എന്ന് പ്രതീക്ഷിക്കാം. അങ്ങനെയെങ്കിൽ ഗാലക്സി എസ്24 സീരീസിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇതിനോട് അനുബന്ധിച്ച് പുറത്തുവരും.


Click it and Unblock the Notifications








