'ഭീകരനാണവൻ കൊടും ഭീകരൻ, അവന്റെ ഒരു പടം 24MP വരും'! സാംസങ് എസ്24 അൾട്രയെപ്പറ്റി പുതിയ വെളിപ്പെടുത്തൽ
സാംസങ് ഗാലക്സി എസ്24 അൾട്ര എന്ന സ്മാർട്ട്ഫോണിന്റെ വരവിനായുള്ള കാത്തിരിപ്പിലാണ് സ്മാർട്ട്ഫോൺ ആരാധകർ. ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾക്കിടയിൽ സാംസങ്ങിനെ താരമാക്കുന്നത് ഗാലക്സി എസ്23 അൾട്ര മോഡൽ ആണെന്ന് പറയാം. ഐഫോണുമായാണ് എസ്23 അൾട്ര ഏറ്റുമുട്ടുന്നത്. ക്യാമറ മികവിന്റെ കാര്യത്തിൽ ഐഫോണിനെക്കാൾ എസ്23 അൾട്രയെ ഇഷ്ടപ്പെടുന്നവർ ഏറെ.
ആളുകൾക്കിടയിൽ ഗാലക്സി എസ്23 മോഡലിനെ ജനപ്രിയമാക്കിയത് എസ്23യിലെ സൂമിങ് ശേഷിയും മികച്ച ഫോട്ടോകളുമായിരുന്നു. എസ്23 അൾട്രയിൽ നിന്ന് ഇപ്പോൾ എസ് 24 അൾട്ര (Samsung Galaxy S24 Ultra )യിലേക്ക് എത്തുമ്പോഴും ക്യാമറയുടെ കാര്യത്തിൽ പുലർത്തുന്ന ഈ മേധാവിത്വം സാംസങ് തുടരും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അടുത്തമാസം, അതായത് 2024 ജനുവരി രണ്ടാം ആഴ്ചയിൽ ഗാലക്സി എസ്24 അൾട്ര അടങ്ങുന്ന എസ്24 സീരീസ് ആഗോള തലത്തിൽ ലോഞ്ച് ചെയ്യും എന്നാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ലോഞ്ച് അടുത്തതോടെ ഫോണിനെപ്പറ്റിയുള്ള ആകാംക്ഷകളും വർധിച്ചു. കഴിഞ്ഞ തവണത്തെക്കാൾ എന്ത് മികവാണ് സാംസങ് ഇത്തവണ കൊണ്ടുവരാൻ പോകുന്നത് എന്നതാണ് പ്രധാന ആകാംക്ഷ.
എസ്24 അൾട്രയിലെ ക്യാമറയിലേക്ക് തന്നെയാണ് ആരാധകർ ഉറ്റുനോക്കുന്നത്. കാര്യങ്ങൾ ഇങ്ങനെയായിരിക്കേ ഇപ്പോൾ എസ്24 അൾട്രയിലെ ക്യാമറകളെപ്പറ്റി ചില വിവരങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ടിപ്‌സ്റ്റർ അഹമ്മദ് ക്വൈഡർ. ട്വിറ്ററിലൂടെ അദ്ദേഹം പുറത്തുവിട്ട വിവരങ്ങൾ ശരിയാണെങ്കിൽ എസ്24 അൾട്രയിലെ ഫോട്ടോകൾ ഡിഫോൾട്ടായി 24MP ആയിരിക്കും.

അതായത് നിലവിലെ 12MPയിൽ നിന്ന് ഇരട്ടിയിലേക്ക് സാംസങ് ഗാലക്സി എസ്24 അൾട്രയിലെ ഫോട്ടോകളുടെ പിക്സൽസൈസ് കുതിച്ചുചാടും. ഇതിന് അനുസരിച്ച് ഫോട്ടോയുടെ ക്ലാരിറ്റിയും കൂടും, ചിത്രങ്ങൾ കൂടുതൽ ഡീറ്റെയിൽസ് നിറഞ്ഞതാകും. പിക്സലുകളുടെ എണ്ണത്തിൽ മാത്രമല്ല, ഗുണനിലവാരത്തിന്റെ കാര്യത്തിലും ഒരു വൻ കുതിച്ചുചാട്ടമായിരിക്കും ഇത്.
ആപ്പിളിനെ കോപ്പിയടിക്കുന്നുവോ: എസ്24 സീരീസിൽ 24എംപി ഡിഫോൾട്ട് ഫോട്ടോകളായിരിക്കും എന്ന വാർത്ത ആപ്പിളിനെ സാംസങ് വീണ്ടും കോപ്പിയടിക്കുന്നുവോ എന്ന ചോദ്യമുയർത്തുന്നുണ്ട്. ഐഫോൺ 15 സീരീസിൽ 24എംപി ഡിഫോൾട്ട് ഫോട്ടോകൾ ആപ്പിൾ അവതരിപ്പിച്ചിരുന്നു. എന്നാൽ ആപ്പിളിനെക്കാൾ മികവ് ഗാലക്സി എസ്24 ന് ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
കാരണം ആപ്പിൾ 48MP ക്യാപ്‌ചറുകൾ 24MP ഔട്ട്‌പുട്ടിലേക്ക് പിക്‌സൽ-ബിൻ ചെയ്യുന്നു, അതേസമയം സാംസങ് കൂടുതൽ പിക്‌സലുകൾ ബിൻ ചെയ്യുന്നു. ഗാലക്‌സി എസ് 24 അൾട്ര 200MP സെൻസറുമായി എത്തുമെന്നാണ് കരുതപ്പെടുന്നത്. എസ് 23 അൾട്രയ്‌ക്ക് 200MP ക്യാമറ ഉണ്ടായിരുന്നു, ഇത് ഫുൾ-ഫാറ്റ് 200MP ക്ലിക്കുകളും 50MP മോഡും ഇൻ-ബിറ്റ്വീൻ ചോയിസായി വാഗ്ദാനം ചെയ്യുന്നു.

ഗാലക്‌സി എസ്24 അൾട്ര ക്യാമറയിൽ പ്രതീക്ഷിക്കുന്ന ചില സവിശേഷതകൾ- ഫോട്ടോ റീമാസ്റ്റർ: ഗാലക്സി ബുക്ക് 4 ലാപ്‌ടോപ്പുകളിൽ നിന്ന് സാംസങ് ഈ ഫീച്ചർ കടമെടുത്തേക്കാം. അങ്ങനെയെങ്കിൽ ഫോട്ടോകളിൽ എഐ അടിസ്ഥാനമാക്കിയുള്ള വൺ-ടാപ് നവീകരണം സാധ്യമാകും. ടിപ്‌സ്റ്ററുടെ വെളിപ്പെടുത്തൽ പ്രകാരം നിങ്ങൾ S24 അൾട്രയിൽ ഫോട്ടോകളിൽ ക്ലിക്ക് ചെയ്യുമ്പോൾ മൂന്ന് ഓപ്ഷനുകൾ ലഭിക്കും.
പോർട്രെയ്റ്റ്, റീമാസ്റ്റർ, ഡിലീറ്റ് എന്നിവയായിരിക്കും ആ മൂന്ന് ഓപ്ഷനുകൾ. ഇതിൽ ആദ്യത്തേത് ഫാക്സ് ബൊക്കെ ഇഫക്റ്റ് ചേർക്കാനും രണ്ടാമത്തേത് വൺടാപ് മെച്ചപ്പെടുത്തലിനും വേണ്ടിയുള്ളതാകാം. ND ഫിൽട്ടർ: ഫോട്ടോകളുടെ എക്‌സ്‌പോഷർ നിയന്ത്രിക്കാനുള്ള ഒരു സോഫ്റ്റ്‌വെയർ തന്ത്രമായിരിക്കാം ഇത്. ഇത് ഇതിനകംതന്നെ S23 അൾട്രായുടെ ഫീച്ചർ സെറ്റിന്റെ ഭാഗമായിരുന്നു, എന്നാൽ "എക്സ്പേർട്ട് റോ ലാബ്സ്" വിഭാഗത്തിൽ മറച്ചിരുന്നു.
കമ്പനി ഔദ്യോഗികമായി ഒന്നും വെളിപ്പെടുത്താത്തതിനാൽ തന്നെ ഫോണിനെപ്പറ്റി മാത്രമല്ല, ക്യാമറയെപ്പറ്റിയുമുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. എങ്കിലും ഇതിനകം പുറത്തുവന്ന വിവിധ ലീക്ക് റിപ്പോർട്ടുകൾ എസ്24 അൾട്രയെപ്പറ്റിയുള്ള ഒരു ഏകദേശ ചിത്രം നൽകുന്നുണ്ട്. (എസ്24 സീരീസിനെപ്പറ്റി ഇതിനകം പുറത്തുവന്ന ലീക്ക് വിവരങ്ങൾ അറിയാൻ ഞങ്ങളുടെ പഴയ ആർട്ടിക്കിളുകൾ നോക്കുക, പുതിയ വിവരങ്ങൾ അറിയാൻ ഇനിയും പിന്തുടരുക).


Click it and Unblock the Notifications








