അപകടം ഉണ്ടായാൽ വേണ്ടപ്പെട്ടവരെ അറിയിക്കും! ഗാലക്സി എസ്24 അൾട്രയിൽ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ ഉടനെത്തും
ഐഫോൺ 14 മോഡലുകളിലൂടെ പ്രശസ്തമായ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ സാംസങ് ഗാലക്സി സ്മാർട്ട്ഫോണുകളിലും ഉടൻ ലഭ്യമാകും. സാംസങ്ങിന്റെ ഗാലക്സി എസ്24 അൾട്ര, ഗാലക്സി Z ഫോൾഡ് 5 എന്നീ സ്മാർട്ട്ഫോണുകളിലാണ് ഈ ഫീച്ചർ ലഭ്യമാക്കുക. ഐഫോൺ മാത്രമല്ല ഗൂഗിൾ പിക്സൽ ഫോണുകളിലും ഈ ഫീച്ചർ ലഭ്യമാണ്.
അപകടങ്ങൾ ഉണ്ടായാൽ അത് തിരിച്ചറിയാനും എമർജൻസി കോണ്ടാക്ടായി സേവ് ചെയ്തിരിക്കുന്ന നമ്പരുകളിലേക്ക് സന്ദേശങ്ങൾ അയയ്ക്കാനും ക്രാഷ് ഡിറ്റക്ഷൻ ഫീച്ചറിന് സാധിക്കും. ആപ്പിൾ തങ്ങളുടെ ഡിവൈസുകളിൽ അവതരിപ്പിച്ച ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ ഇടയാക്കിയിരുന്നു. അതിനാൽത്തന്നെ സാംസങ് ഫോണുകളിലേക്ക് ഈ ഫീച്ചറെത്തുന്നത് ആവേശകരമാണ്.

സാംസങ്ങിന്റെ വൺയുഐ 6.1-ൽ "MoccaMobile" എന്ന മറഞ്ഞിരിക്കുന്ന സിസ്റ്റം ആപ്പ് കണ്ടെത്തി. ഈ ആപ്പിൽ കാർ ക്രാഷ് സെൻസർ ആരംഭിക്കുന്നതിനും നിർത്തുന്നതിനുമുള്ള കോഡ് അടങ്ങിയിരിക്കുന്നു, ഇത് സാംസങ്ങിന്റെ പ്രീമിയം സ്മാർട്ട്ഫോണുകളിൽ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ ഉടൻ അവതരിപ്പിക്കപ്പെടും എന്ന വാദങ്ങൾക്ക് ശക്തിപകരുന്നു.

സാംസങ് സ്മാർട്ട്ഫോണുകളിലെ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ ഏത് വിധത്തിലാണ് പ്രവർത്തിക്കുക എന്നകാര്യം വ്യക്തമല്ല. ആൻഡ്രോയിഡ് പോലീസിൻ്റെ മിഷാൽ റഹ്മാൻ ആണ് മറഞ്ഞിരിക്കുന്ന ഈ ഫീച്ചറിന്റെ സെൻസർ ആദ്യമായി ടാസ്‌കർ ആപ്പിൽ കണ്ടെത്തിയത്. ഹാൻഡ്‌സെറ്റ് വഹിക്കുന്ന എല്ലാ സെൻസറുകളുടെയും പട്ടികയിൽ 'പ്രത്യേക ട്രിഗർ' മോഡ് ഉള്ള കാർ ക്രാഷ് ഡിറ്റക്റ്റ് വേക്കപ്പ് എന്ന സെൻസർ കണ്ടെത്തുകയായിരുന്നു.
ഇത് ഒരു സംയോജിത വെർച്വൽ സെൻസറാണ്, അതായത് ഇത് ഒന്നിലധികം ഫിസിക്കൽ സെൻസറുകളിൽ നിന്ന് ഡാറ്റ കടമെടുത്ത് ഒരു കാർ ക്രാഷ് സംഭവിച്ചാൽ അത് തിരിച്ചറിയാൻ പ്രോസസ്സ് ചെയ്യുന്നു. സാംസങ് ഗാലക്‌സി എസ് 24 സീരീസിലും സമാനമായ ഒരു സെൻസർ ഡെവലപ്പർ കണ്ടെത്തി.
നിലവിൽ തങ്ങളുടെ സ്മാർട്ട്ഫോണുകളിൽ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ അവതരിപ്പിക്കുന്നത് സംബന്ധിച്ച യാതൊരു ഔദ്യോഗിക സ്ഥിരീകരണവും സാംസങ് നടത്തിയിട്ടില്ല. എങ്കിലും ലഭ്യമാകുന്ന സൂചനകൾ വിലയിരുത്തിയാൽ അധികം വൈകാതെ സാംസങ് ഗാലക്സി പ്രീമിയം സ്മാർട്ട്ഫോണുകളിൽ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ ലഭ്യമാകും എന്നുതന്നെയാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ഐഫോൺ 14 സീരീസ് പുറത്തിറക്കിയ ലോഞ്ചിങ് ചടങ്ങിൽ ആപ്പിൾ ഏറെ പ്രാധാന്യത്തോടെ പരിചയപ്പെടുത്തിയ ഫീച്ചർ ആയിരുന്നു ക്രാഷ് ഡിറ്റക്ഷൻ. വാഹനാപകടങ്ങൾ തിരിച്ചറിഞ്ഞ് എമർജൻജി സമ്പരിലേക്ക് സന്ദേശം അയച്ച് സഹായം അഭ്യർഥിക്കുന്ന സംവിധാനമാണ് ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ. ഐഫോൺ 14 നൊപ്പം പുറത്തിറക്കിയ ആപ്പിൾ വാച്ചിലും ഈ ക്രാഷ് ഡിറ്റക്ഷൻ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്.
ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ ഉള്ള ആപ്പിൾ ഡിവൈസുകൾ തങ്ങളുടെ ഉടമകളെ അപകടങ്ങളിൽ നിന്ന് രക്ഷിക്കുന്നതിൽ പലപ്പോഴും നിർണായക പങ്ക് വഹിച്ചു. ഇത് ക്രാഷ് ഡിറ്റക്ഷൻ ഫീച്ചറിന്റെയും ഒപ്പം ആപ്പിളിന്റെയും പ്രശസ്തി വർധിപ്പിച്ചു. എന്നാൽ യഥാർഥത്തിൽ ഈ ഫീച്ചർ ആദ്യമായി അവതരിപ്പിച്ചത് ആപ്പിൾ ആയിരുന്നില്ല.
ഒരു കാർ അപകടമുണ്ടായാൽ പ്രാഥമിക സഹായം എത്തിക്കുക എന്നതാണ് ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ പിക്സൽ 4എ, പിക്സൽ 6എ, പിക്സൽ 7, പിക്സൽ 7 പ്രോ, പിക്സൽ 7എ, പിക്സൽ 8, പിക്സൽ 8 പ്രോ എന്നീ ഫോണുകളിൽ കാർ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ ലഭ്യമാണ്.
ഇന്ത്യയിൽ 112 എന്ന എമർജൻസി നമ്പരിലേക്കാണ് ഗൂഗിൾ കാർ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ പ്രകാരമുള്ള അടിയന്തര സന്ദേശം എത്തുക. അപകടശേഷം ഫോൺ സ്വയം എമർജൻസി നമ്പരിലേക്ക് കോൾ ചെയ്യുമ്പോൾ "എനിക്ക് കുഴപ്പമില്ല" എന്ന് പറയുന്ന ഒരു ഓപ്ഷൻ ഫോണിൽ ഉണ്ട്. അപകടത്തിൽ കാര്യമായ പരുക്കില്ലെങ്കിൽ ഉടമയ്ക്ക് ഇതുപയോഗിച്ച് കോൾ ക്യാൻസൽ ചെയ്യാം.
എമർജൻസി ഡയൽ സ്റ്റോപ്പ് ചെയ്യാൻ ഫോൺ ഉടമയ്ക്ക് 60 സെക്കൻഡ് സമയമാണ് ലഭിക്കുക. "എനിക്ക് കുഴപ്പമില്ല" എന്ന ഓപ്ഷൻ ടാപ്പുചെയ്യുമ്പോൾ, മൂന്ന് ഓപ്‌ഷനുകൾകൾ കാണും: "ക്രാഷ് ഇല്ല", "മൈനർ ക്രാഷ്", "കോൾ 112". എമർജൻസി ഡയൽ ഉപയോഗിച്ച് മുന്നോട്ട് പോകുകയും ആരോടും സംസാരിക്കാൻ കഴിയുകയും ചെയ്യുന്നില്ലെങ്കിൽ, മെഡിക്കൽ/ഫയർ/പോലീസ് സഹായം തിരഞ്ഞെടുക്കാൻ ആവശ്യപ്പെടും.


Click it and Unblock the Notifications








