സ്ലിം ബ്യൂട്ടി! 200MP ക്യാമറ സഹിതം സാംസങ് ഗാലക്സി S25 എഡ്ജ് എത്തി
സ്മാർട്ട്ഫോൺ ആരാധകരുടെ മനം കവരുന്ന ഫീച്ചറുകളും ഡിസൈനുമായി സാംസങ്ങിന്റെ പ്രീമിയം സ്മാർട്ട്ഫോൺ സീരീസായ ഗാലക്സി എസ് സീരീസിൽ ഒരു പുതിയ ഫോൺ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. ഗാലക്സി എസ് സീരീസിലെ ആദ്യത്തെ സ്ലീക്ക് ഫോൺ എന്ന പ്രത്യേകതയുമായി സാംസങ് ഗാലക്സി എസ് 25 എഡ്ജ് (Samsung Galaxy S25 Edge) ആണ് ഇന്ത്യയിലും ആഗോളതലത്തിലും ഇന്ന് ലോഞ്ച് ചെയ്തിരിക്കുന്നത്. ടൈറ്റാനിയം ഫ്രെയിമുമായി എത്തുന്ന ഈ എസ് സീരീസ് സ്ലിം ഫോണിന് വെറും 5.8 എംഎം കനവും വെറും 163 ഗ്രാം ഭാരവുമാണ് ഉള്ളത്.
പ്രീമിയം മോഡലിൽ അവതരിപ്പിക്കപ്പെട്ട സ്മാർട്ട്ഫോൺ എന്ന നിലയിൽ മികച്ച ഒഎസ് പിന്തുണ സാംസാങ് ഈ ഫോണിന് വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ എഐ അടക്കം ഏറ്റവും മികച്ച ഫീച്ചറുകളും ഇതിൽ ലഭിക്കും. സ്ലിം ഫോൺ എന്ന നിലയിൽ ആണ് എത്തുന്നത് എങ്കിലും ഈടിലും വെള്ളം, പൊടി എന്നിവയെ പ്രതിരോധിക്കുന്നതിലും ഉൾപ്പെടെ മികവ് ഈ പുതിയ മോഡലിന് ഉണ്ട്.

ലോ ലൈറ്റിലും മികച്ച ചിത്രങ്ങൾ എടുക്കാൻ ശേഷിയുള്ള 200 എംപി മെയിൻ ക്യാമറയാണ് ഇതിലുള്ളത്. ഇത് ഗാലക്‌സി എസ് 25 നെ അപേക്ഷിച്ച് 40% മെച്ചപ്പെട്ട തെളിച്ചം വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല, ഓട്ടോഫോക്കസുള്ള 12 എംപി അൾട്രാ-വൈഡ് സെൻസറും ഇതിനോടൊപ്പമുണ്ട്. ഇത് മികച്ച മാക്രോഫോട്ടോഗ്രഫി വാഗ്ദാനം ചെയ്യുന്നു.
സാംസങ് ഗാലക്സി എസ്25 എഡ്ജിന്റെ പ്രധാന ഫീച്ചറുകൾ: 1-120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് (3120 x 1440 പിക്സലുകൾ) QHD+ ഇൻഫിനിറ്റി-ഒ ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേ ആണ് ഇതിലുള്ളത്. കോർണിംഗ് ഗൊറില്ല ഗ്ലാസ് സെറാമിക് 2 പ്രൊട്ടക്ഷൻ സഹിതമാണ് ഇതിലെ ഡിസ്പ്ലേ എത്തിയിരിക്കുന്നത്.

4.47 GHz ഒക്ട-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. അഡ്രിനോ 830 ജിപിയു, 12GB റാം, 256GB / 512GB സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. സീരീസിലെ മറ്റ് മോഡലുകളിലേതുപോലെ ഏഴ് ഒഎസ് അപ്‌ഗ്രേഡുകളും ഏഴ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും സാംസങ് ഈ മോഡലിനും വാഗ്ദാനം ചെയ്യുന്നു.
ക്യാമറകളുടെ കാര്യമെടുത്താൽ, മറ്റ് മോഡലുകളിൽ നിന്ന് വ്യത്യസ്തമായി ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് എസ്25 എഡ്ജിൽ ഉള്ളത്. അതിൽ f/1.7 അപ്പേർച്ചറുള്ള 200MP മെയിൻ ക്യാമറ, OIS, 2x ഒപ്റ്റിക്കൽ ക്വാളിറ്റി സൂം, f/2.2 അപ്പേർച്ചറുള്ള 12MP 120° അൾട്രാ വൈഡ് സെൻസർ, OIS, 4K 60 fps, 8K 30fps, LED ഫ്ലാഷ് എന്നിവ അടങ്ങുന്നു. ഫ്രണ്ടിൽ f/2.2 അപ്പേർച്ചറുള്ള 12MP ക്യാമറയാണ് ഉള്ളത്.
IP68 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ / eSIM), 5G SA/NSA, 4G VoLTE, Wi-Fi 7 802.11be (2.4/5GHz), ബ്ലൂടൂത്ത് 5.4, GPS + GLONASS, USB-C, NFC എന്നീ ഫീച്ചറുകളും ഉണ്ട്. 25W ഫാസ്റ്റ് ചാർജിംഗ്, Qi വയർലെസ് ചാർജിംഗ്, വയർലെസ് പവർഷെയർ പിന്തുണകളുള്ള 3900mAh ബാറ്ററിയാണ് ഇതിലുള്ളത്.

സാംസങ് ഗാലക്സി എസ്25 എഡ്ജിന്റെ 12GB+256GB വേരിയന്റിന് 1,099.99 ഡോളർ (ഏകദേശം 93,330 രൂപ) ആണ് വില. 12GB+512GB വേരിയന്റിന് 1,219.99 ഡോളർ (ഏകദേശം 1,03,510 രൂപ) വില നിശ്ചയിച്ചിരിക്കുന്നു. (ഇന്ത്യയിലെ വില ഉടൻ ലഭ്യമാകും). 2025 മെയ് 30 മുതൽ ഇത് വിൽപ്പനയ്ക്കെത്തും. അതിന് മുൻപ് പ്രീ ബുക്ക് ചെയ്യാൻ സൗകര്യമുണ്ട്. ടൈറ്റാനിയം സിൽവർ, ടൈറ്റാനിയം ജെറ്റ്ബ്ലാക്ക്, ടൈറ്റാനിയം ഐസിബ്ലൂ കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാം.


Click it and Unblock the Notifications








