സാംസങ് ഗാലക്സി S25 അൾട്രയ്ക്ക് അനിയൻ; സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്, 200MP ക്യാമറ സഹിതം ഗാലക്സി S25 എഡ്ജ്
ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ആരാധകരുടെ ഇഷ്ട മോഡലും ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ലോകത്തെ രാജാവുമാണ് സാംസങ്ങിന്റെ ഗാലക്സി എസ് സീരീസിലെ അൾട്ര മോഡലുകൾ. ഈ വർഷം ജനുവരിയിൽ സാംസങ് തങ്ങളുടെ എസ്25 സീരീസ് പുറത്തിറക്കി. ഗാലക്സി എസ്25, ഗാലക്സി എസ്25 പ്ലസ്, ഗാലക്സി എസ്25 അൾട്ര എന്നിങ്ങനെ മൂന്ന് കിടിലൻ സ്മാർട്ട്ഫോണുകളാണ് എസ്25 സീരീസിൽ സാംസങ് അവതരിപ്പിച്ചത്. സാധാരണയായി ഇത്രയും മോഡലുകൾ മാത്രമേ എസ് സീരീസിൽ പതിവുള്ളൂ. എന്നാൽ ഇത്തവണ പതിവിന് വിപരീതമായി ഒരു പുതിയ എഡ്ജ് മോഡൽ കൂടി എസ്25 സീരീസിൽ ഉണ്ടാകും എന്ന് സാംസങ് പരിചയപ്പെടുത്തിയിരുന്നു.
ജനുവരിയിൽ നടന്ന സാംസങ് ഗാലക്‌സി അൺപാക്ക്ഡ് ഇവന്റിൽ തന്നെ സാംസങ് ഗാലക്സി എസ് 25 എഡ്ജ് (Samsung Galaxy S25 Edge) എന്ന മോഡൽ പ്രദർശിപ്പിച്ചു. ഗാലക്സി എസ്25 പ്ലസ് മോഡലിന് തൊട്ട് മുകളിലും എസ്25 അൾട്രയ്ക്ക് തൊട്ട് താഴെയുമായിട്ടാണ് എസ്25 എഡ്ജ് അവതരിപ്പിക്കുക എന്നാണ് വിവരം.

സാംസങ് ഗാലക്സി എസ്25 എഡ്ജ് മോഡൽ ഈ ഏപ്രിൽ 15ന് ലോഞ്ച് ചെയ്യും എന്നാണ് മുൻ ലീക്ക് റിപ്പോർട്ടുകൾ പറഞ്ഞിരുന്നത്. എന്നാലിപ്പോൾ ലഭ്യമായിരിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഈ ഫോണിന്റെ ലോഞ്ച് മേയ് 13ലേക്ക് നീട്ടിയിരിക്കുന്നു. നിർമാണത്തിലെ അപാകതയോ, കാലതാമസമോ അല്ല, മറിച്ച് സാംസങ്ങിന്റെ തലപ്പത്ത് ഉണ്ടായ ചില നേതൃമാറ്റങ്ങളാണ് ലോഞ്ച് നീട്ടാൻ കാരണമെന്നാണ് റിപ്പോർട്ട്.
സാംസങ്ങിന്റെ പ്രീമിയം നിരയിൽ വരുന്ന മോഡൽ എന്നതിനാൽത്തന്നെ മികച്ച ഫീച്ചറുകൾ എസ്25 എഡ്ജിൽ പ്രതീക്ഷിക്കുന്നു. ഇതിലെ ഫീച്ചറുകൾ കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ലീക്ക് റിപ്പോർട്ടുകൾ ലഭ്യമായതിനാൽ ഏകദേശ ധാരണ കിട്ടും. 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് (2400 x 1080 പിക്‌സൽ) FHD+ സൂപ്പർ AMOLED ഡിസ്‌പ്ലേ സഹിതമാകും എസ്25 എഡ്ജ് എത്തുക.
സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് തന്നെയാണ് എസ്25 സീരീസിൽ വരുന്ന ഈ എഡ്ജ് മോഡലിന്റെയും കരുത്ത്. 12GB റാമും, 256GB / 512GB ഓപ്ഷനുകളും ഉണ്ടാകും. ഡ്യുവൽ റിയർ ക്യാമറയാണ് ഇതിൽ ഉണ്ടാകുക എന്നാണ് റിപ്പോർട്ടുകൾ. അതിൽ ISOCELL HP2 സെൻസറുള്ള 200MP മെയിൻ ക്യാമറ ഉൾപ്പെടുന്നു.
200MP മെയിൻ ക്യാമറയ്ക്ക് അകമ്പടിയായി ഒരു 12MP അൾട്രാ വൈഡ് ക്യാമറയും ഗാലക്സി എസ്25 എഡ്ജിൽ പ്രതീക്ഷിക്കുന്നു. സാംസങ് ഗാലക്സി S25-ലേതിന് സമാനമായി, 25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 3900mAh ബാറ്ററിയാണ് ഈ എസ്25 എഡ്ജ് മോഡലിൽ ഉള്ളത് എന്ന് പറയപ്പെടുന്നു.
സാംസങ് ഗാലക്സി എസ്25 എഡ്ജിന്റെ വില 1,249 യൂറോയിൽ (USD 1385 / ഏകദേശം 1,17,680 രൂപ) ആരംഭിക്കുമെന്ന് ലീക്ക് റിപ്പോർട്ടുകൾ പറയുന്നു. അതായത് എസ്25 അൾട്രയെക്കാൾ തൊട്ട് താഴെയുള്ള വില. ഇന്ത്യയിൽ സാംസങ് ഗാലക്സി എസ്25 ന്റെ 12GB + 256G അടിസ്ഥാന വേരിയന്റ് 80,999 രൂപ വിലയിൽ എത്തുന്നു.

അതേപോലെ എസ്25 പ്ലസ് മോഡലിന്റെ 12GB + 256GB അടിസ്ഥാന വേരിയന്റ് 99,999 രൂപ മുതൽ വിലയിൽ ആണ് എത്തിയത്. ടോപ് മോഡലായ സാംസങ് ഗാലക്സി എസ്25 അൾട്രയുടെ 12GB + 256GB അടിസ്ഥാന വേരിയന്റിന്റെ വില ആരംഭിക്കുന്നത് 1,29,999 രൂപ പ്രാരംഭ വിലയിലാണ്.


Click it and Unblock the Notifications








