ഇനി ഏതൊക്കെ 5G ഫോണുകളുടെ ചീട്ട് കീറുമെന്ന് കണ്ടറിയണം! സാംസങ് ഗാലക്സി S25 FE ലോഞ്ച് ചെയ്തു
സാംസങ്, ആപ്പിൾ പോലുള്ള ബ്രാൻഡുകളുടെ പ്രീമിയം മോഡലുകളോട് പിടിച്ചുനിൽക്കാൻ മറ്റ് ബ്രാൻഡുകളുടെ പ്രീമിയം മോഡലുകൾക്ക് കഴിയാറില്ല എന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു. ഇത് ഒരു പരിധി വരെ മാത്രം ശരിയുമാണ്. എന്നാൽ ഈ പ്രീമിയം മോഡലുകൾക്ക് വളരെ വലിയ വില നൽകേണ്ടിവരും. അതിനാൽ കുറഞ്ഞ വിലയിൽ സ്മാർട്ട്ഫോൺ തേടുന്നവർ തങ്ങളുടെ ബജറ്റിന് അനുയോജ്യമായ വിധത്തിൽ മറ്റ് ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകളിൽ നിന്ന് തങ്ങൾക്ക് അനുയോജ്യമായത് തെരഞ്ഞെടുക്കുന്നു. ഒരു 50000 രൂപ ബജറ്റിൽ സ്മാർട്ട്ഫോൺ നോക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇപ്പോൾ ധാരാളം ഓപ്ഷനുകൾ ലഭ്യമാണ്. എന്നാൽ അതിൽനിന്ന് ഏത് തെരഞ്ഞെടുക്കണം എന്ന കാര്യത്തിൽ ഇനി വളരെ ആലോചിക്കേണ്ടിവരും.
സാംസങ് തങ്ങളുടെ പ്രീമിയം സ്മാർട്ട്ഫോൺ സീരീസായ ഗാലക്സി എസ്25 സീരീസിനോട് അനുബന്ധമായി ഗാലക്സി എസ്25 FE (Samsung Galaxy S25 FE) എന്ന സ്മാർട്ട്ഫോൺ ഇന്ന് ആഗോള തലത്തിൽ ലോഞ്ച് ചെയ്തിരിക്കുന്നു. ഇതോടെ പല സ്മാർട്ട്ഫോണുകളുടെയും ചീട്ട് കീറും. കാരണം, മികച്ച വിലയിൽ പ്രീമിയം ഫീച്ചറുകളോടെയും ബ്രാൻഡ് പേരോടെയും ഒരു കിടിലൻ ഫോൺ എത്തിയിരിക്കുമ്പോൾ ആളുകൾക്ക് എങ്ങനെ ഈസിയായി ഒരു സ്മാർട്ട്ഫോൺ തെരഞ്ഞെടുക്കാൻ സാധിക്കും.

പ്രീമിയം മോഡലുകൾ വാങ്ങാൻ കഴിയാത്ത ഉപയോക്താക്കളെ ലക്ഷ്യമിട്ട് താരതമ്യേന കുറഞ്ഞ വിലയിലും മികച്ച ഫീച്ചറുകളോടെയുമാണ് ഫാൻ എഡിഷനുകൾ അവതരിപ്പിക്കപ്പെടാറുള്ളത്. ഇവിടെ സാംസങ്ങും ഒരു കരുത്തൻ സ്മാർട്ട്ഫോൺ തന്നെയാണ് ഫാൻ എഡിഷനായി എസ്25 എഫ്ഇ എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്നത്. എക്സിനോസ് 2400 ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്.
സാംസങ് ഗാലക്സി എസ്25 എഫ്ഇയുടെ പ്രധാന ഫീച്ചറുകൾ
120Hz റിഫ്രഷ് റേറ്റുള്ള 6.7-ഇഞ്ച് (2340×1080 പിക്സലുകൾ) FHD+ ഇൻഫിനിറ്റി-ഒ ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ, 1900 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. 3.1GHz GPU ഡെക്കാ-കോർ സാംസങ് എക്സിനോസ് 2400 4nm പ്രൊസസർ സാംസങ് എക്സ്ക്ലിപ്സ് 940 GPU സഹിതം ഇതിൽ നൽകിയിരിക്കുന്നു.

8GB റാം, 128GB/ 256GB /512GB സ്റ്റോറേജ് ഓപ്ഷനുകൾ സഹിതമാണ് ഗാലക്സി എസ്25 എഫ്ഇ എത്തിയിരിക്കുന്നത്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ UI-8ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 7 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 7 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും സാംസങ് ഇതിന് വാഗ്ദാനം ചെയ്യുന്നുണ്ട്. ജെമിനി ലൈവ്, നൗ ബാർ, സർക്കിൾ ടു സെർച്ച്, ജനറേറ്റീവ് എഡിറ്റ്, ഓഡിയോ ഇറേസർ, മറ്റ് AI ഫീച്ചറുകൾ എന്നിവയും ഇതിലുണ്ട്.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഗാലക്സി എസ്25 എഫ്ഇയിൽ സാംസങ് നൽകിയിരിക്കുന്നു. അതിൽ 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 12MP 123˚ അൾട്രാ വൈഡ് സെൻസർ (f/2.2 അപ്പേർച്ചർ, OIS), 8MP ടെലിഫോട്ടോ ക്യാമറ (3X ഒപ്റ്റിക്കൽ സൂം, f/2.4 അപ്പേർച്ചർ) എന്നിവ അതിൽ അടങ്ങുന്നു. സെൽഫിക്കും മറ്റുമായി f/2.2 അപ്പേർച്ചറുള്ള 12MP ഫ്രണ്ട് ക്യാമറയുമുണ്ട്.
IP68, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി Atmos, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ, ഡ്യുവൽ സിം, 5G SA/NSA, 4G VoLTE, Wi-Fi 6E 802.11ax (2.4/5GHz), ബ്ലൂടൂത്ത് 5.4, GPS + GLONASS, USB ടൈപ്പ്-C 3.2 Gen 1, NFC എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

45W വയർഡ് ഫാസ്റ്റ് ചാർജിംഗ്, 15W വയർലെസ് ചാർജിംഗ്, വയർലെസ് പവർ ഷെയർ എന്നിവയ്ക്കുള്ള പിന്തുണയോടെ 4,900mAh ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത്. 161.3×76.6×7.4 mm വലിപ്പവും 190 ഗ്രാം ഭാരവുമാണ് ഇതിനുള്ളത്. ഐസിബ്ലൂ, ജെറ്റ്‌ബ്ലാക്ക്, നേവി, വൈറ്റ് കളർ ഓപ്ഷനുകളിൽ എസ്25 എഫ്ഇ ലഭ്യമാകും.
വിലയും ലഭ്യതയും
സാംസങ് ഗാലക്‌സി S25 FE 5ജിയുടെ 128GB അടിസ്ഥാന മോഡലിന് 649.99 ഡോളർ (ഏകദേശം 57,290 രൂപ) ആണ് വില. ഇതിന്റെ 256GB മോഡലിന് 709.99 ഡോളർ (ഏകദേശം 62,575 രൂപ) വില നിശ്ചയിച്ചിരിക്കുന്നു. യൂറോപ്പിൽ 929 യൂറോ (ഏകദേശം 95,320 രൂപ) വിലയുള്ള 512GB മോഡലും ലഭ്യമാണ്. സെപ്റ്റംബർ 4 മുതൽ ആണ് വിൽപ്പന ആരംഭിക്കുക.


Click it and Unblock the Notifications








