സാംസങ് ഗാലക്സി എസ്25 സീരീസ് എത്തി! പവർ കുറയാതെ, തലയുയർത്തി ഗാലക്സി എസ്25, എസ്25+ മോഡലുകൾ
ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുടെ ലോകത്തേക്ക് പുതിയ ശക്തികേന്ദ്രങ്ങളായി സാംസങ് ഗാലക്സി എസ്25 സീരീസ് ലോഞ്ച് ചെയ്തിരിക്കുന്നു. സാംസങ് ഗാലക്സി എസ്25, ഗാലക്സി എസ്25+, ഗാലക്സി എസ്25 അൾട്ര എന്നിങ്ങനെ മൂന്ന് സ്മാർട്ട്ഫോണുകളാണ് എസ്25 സീരീസിൽ സാംസങ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും ശ്രദ്ധാകേന്ദ്രം സ്വാഭാവികമായും എസ്25 അൾട്ര ആണെങ്കിലും ഒപ്പമെത്തുന്ന എസ്25, എസ്25 പ്ലസ് മോഡലുകൾ ഒട്ടും മോശക്കാരല്ല. എസ്25 സീരീസിൽ പുതിയ സ്ലിം മോഡൽ സാംസങ് അവതരിപ്പിച്ചേക്കും എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ മൂന്ന് മോഡലുകൾ മാത്രമാണ് ലോകം കീഴടക്കാൻ എത്തിയിരിക്കുന്നത്.
ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും കനം കുറഞ്ഞതും ഏറ്റവും ഈടുനിൽക്കുന്നതുമായ ഗാലക്സി എസ് സീരീസാണ് എസ്25 സീരീസ് എന്ന് സാംസങ് പറയുന്നു. കൂടാതെ ഈ ഫോണുകളുടെ സുരക്ഷയ്ക്കായി ഈടുനിൽക്കുന്ന ടൈറ്റാനിയവും പുതിയ കോർണിങ് ഗൊറില്ല ആർമർ 2 പ്രൊട്ടക്ഷനും സാംസങ് നൽകിയിരിക്കുന്നു. വീഡിയോകളിലെ അനാവശ്യ ശബ്‌ദം നീക്കം ചെയ്യുന്നതിനായി ഓഡിയോ ഇറേസറും ഗാലക്സി എസ്25 സീരീസുസളിലെ മോഡലുകളിൽ ലഭ്യമാക്കിയിട്ടുണ്ട്.

ഗാലക്സി എസ്25, എസ്25 പ്ലസ് എന്നിവയുടെ പ്രധാന ഫീച്ചറുകൾ: ഗാലക്സി എസ്25 മോഡലിൽ 6.2- ഇഞ്ച് FHD+ ഡിസ്പ്ലേയും എസ്25 പ്ലസ് മോഡലിൽ 6.7- ഇഞ്ച് QHD+ ഡിസ്പ്ലേയും ആണ് ഉള്ളത്. സൂപ്പർസ്മൂത്ത് 120Hz റിഫ്രഷ് റേറ്റ് (1~120Hz), വിഷൻ ബൂസ്റ്റർ, അഡാപ്റ്റീവ് കളർ ടോൺ എന്നീ ഫീച്ചറുകൾ ഇരുമോഡലുകളിലും ഉണ്ട്.
4.47 GHz ഒക്ടാ കോർ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് കരുത്താക്കിയാണ് ഈ ഗാലക്സി എസ്25 സീരീസ് ഫോണുകൾ എത്തിയിരിക്കുന്നത്. അഡ്രിനോ 830 ജിപിയുവും ഇതിലുണ്ട്. എസ്25 മോഡൽ 12GB + 512GB, 12GB + 256GB, 12GB + 128GB എന്നിങ്ങനെ മൂന്ന് റാം+ സ്റ്റോറേജ് ഓപ്ഷനുകളിൽ ലഭ്യമാണ്. അതേസമയം എസ്25+ മോഡലിൽ 12GB + 512GB, 12GB + 256GB എന്നിങ്ങനെ രണ്ട് വേരിയന്റുകൾ ആണ് ലഭ്യമാകുക.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള One UI 7ൽ ആണ് ഗാലക്സി എസ്25, എസ്25+ എന്നിവയുടെ പ്രവർത്തനം. ഈ മോഡലുകൾക്ക് ഏഴ് OS അപ്‌ഗ്രേഡുകളും ഏഴ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും സാംസങ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ക്യാമറകളുടെ കാര്യത്തിൽ ഈ രണ്ട് മോഡലുകളും ഒരേ പോലെയാണ്.
ഗാലക്സി എസ്25, എസ്25+ എന്നിവ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമായാണ് എത്തുന്നത്. അതിൽ
50MP വൈഡ് ക്യാമറ (OIS F1.8, FOV 85˚), 12MP അൾട്രാ വൈഡ് ക്യാമറ (F2.2, FOV 120˚), 10MP ടെലിഫോട്ടോ ക്യാമറ (3x ഒപ്റ്റിക്കൽ സൂം, F2.4, FOV 36˚) എന്നിവ ഇടം പിടിച്ചിരിക്കുന്നു. ഫ്രണ്ടിൽ 12MP സെൽഫി ക്യാമറയാണ് (F2.2, FOV 80˚) ഉള്ളത്.
ബാറ്ററിയുടെ കാര്യത്തിലും ഗാലക്സി എസ്25, എസ്25+ മോഡലുകൾ തമ്മിൽ വ്യത്യാസപ്പെട്ടിട്ടുണ്ട്. സ്റ്റാന്റേർഡ് മോഡലിൽ 4,000mAh ബാറ്ററിയാണ് ഉള്ളത്. ഇത് 25W അഡാപ്റ്റർ, 3A യുഎസ്ബി-സി കേബിൾ എന്നിവ വഴിയുള്ള വയേർഡ് ചാർജിങ് (30 മിനിറ്റിനുള്ളിൽ 50% ചാർജ്), ഫാസ്റ്റ് വയർലെസ് ചാർജിങ് 2.0, വയർലെസ് പവർഷെയർ എന്നിവയുടെ പിന്തുണയോടെ എത്തുന്നു.

സാംസങ് ഗാലക്സി എസ്25+ മോഡലിൽ 4,900mAh ബാറ്ററിയാണ് ഉളളത്. ഇത് വയേർഡ് ചാർജിങ് (45W അഡാപ്റ്റർ ഉപയോഗിച്ച് 30 മിനിറ്റിൽ 65% ചാർജ് ചെയ്യാം), ഫാസ്റ്റ് വയർലെസ് ചാർജിങ് 2.0, വയർലെസ് പവർഷെയർ എന്നിവയുടെ പിന്തുണയോടെ എത്തുന്നു. 5G, IP68 റേറ്റിങ് എന്നീ ഫീച്ചറുകൾ ഇരുമോഡലുകളിലും ഉണ്ട്.
സാംസങ് ഗാലക്സി എസ്25, എസ് 25+ എന്നിവ നേവി, സിൽവർ ഷാഡോ, ഐസിബ്ലൂ, മിന്റ് എന്നീ നിറങ്ങളിൽ ലഭ്യമാകും. ബ്ലൂബ്ലാക്ക്, കോറൽറെഡ്, പിങ്ക്‌ഗോൾഡ് എന്നിവ ഓൺലൈൻ എക്‌സ്‌ക്ലൂസീവ് നിറങ്ങളിൽ ഉൾപ്പെടുന്നു. സാംസങ് ഗാലക്സി എസ് 25 അൾട്രാ ടൈറ്റാനിയം സിൽവർബ്ലൂ, ടൈറ്റാനിയം ബ്ലാക്ക്, ടൈറ്റാനിയം വൈറ്റ്‌സിൽവർ, ടൈറ്റാനിയം ഗ്രേ എന്നീ നിറങ്ങളിൽ ലഭ്യമാകും. ടൈറ്റാനിയം പിങ്ക്‌ഗോൾഡ്, ടൈറ്റാനിയം ജെറ്റ്‌ബ്ലാക്ക്, ടൈറ്റാനിയം ജേഡ്‌ഗ്രീൻ എന്നിവ ഓൺലൈൻ എക്‌സ്‌ക്ലൂസീവ് നിറങ്ങളിൽ ഉൾപ്പെടുന്നു.
സാംസങ് ഗാലക്സി എസ്25 വില: 12ജിബി + 128ജിബി വേരിയന്റിന് 799.99 ഡോളർ (ഏകദേശം 69,160 രൂപ), 12ജിബി + 256ജിബി വേരിയന്റിന് 859.99 ഡോളർ (ഏകദേശം 74,350 രൂപ), 12ജിബി + 512ജിബി വേരിയന്റിന് 959 പൗണ്ട് (ഏകദേശം 1,02,170 രൂപ).
സാംസങ് ഗാലക്സി എസ്25+ വില: 12ജിബി + 256ജിബി വേരിയന്റിന് യുഎസ് ഡോളർ 999.99 (ഏകദേശം 86,455 രൂപ), എസ്25+ 12ജിബി + 512ജിബി വേരിയന്റിന് 1119.99 ഡോളർ (ഏകദേശം 96,830 രൂപ). ജനുവരി 22 മുതൽ ഫോണുകൾ പ്രീ-ഓർഡർ ചെയ്യാൻ ലഭ്യമാകും, ഫെബ്രുവരി 7 മുതൽ വിവിധ രാജ്യങ്ങളിൽ ഷിപ്പിംഗ് ആരംഭിക്കും.


Click it and Unblock the Notifications








