പുതിയ S26 അൾട്ര വന്നിട്ടും സാംസങ് വില കുറച്ചില്ലെങ്കിലെന്താ, S25 അൾട്ര വിലക്കുറവിൽ കിട്ടും!
സാംസങ് തങ്ങളുടെ ഗാലക്സി എസ് സീരീസിലെ പുതിയ മോഡലുകൾ അടങ്ങുന്ന എസ്26 സീരീസ് കഴിഞ്ഞ ദിവസം ആഗോളതലത്തിൽ ലോഞ്ച് ചെയ്തു. പുതിയ മോഡലുകൾ ഇറങ്ങുന്നതിന് പിന്നാലെ മുൻപൊക്കെ പഴയ മോഡലുകൾക്ക് വില കുറയുക ഒരു സ്വാഭാവിക നടപടിയായിരുന്നു. എന്നാൽ സ്മാർട്ട്ഫോൺ വിലകൾ ആകെ മാറിമറിഞ്ഞ പുതിയ സാഹചര്യത്തിൽ അത്തരം രീതികൾക്കും മാറ്റം വന്നിട്ടുണ്ട്. പുതിയ ഗാലക്സി എസ്26 അൾട്ര (Samsung Galaxy S26 Ultra 5G) വന്നിട്ടും മുൻ മോഡലായ ഗാലക്സി എസ്25 അൾട്ര (Samsung Galaxy S25 Ultra 5G) യുടെ വില സാംസങ് കുറച്ചിട്ടില്ല.
പുതിയ മോഡലിറങ്ങുന്നതിന് പിന്നാലെ വിലക്കുറവിൽ പഴയ സാംസങ് ഗാലക്സി എസ്25 അൾട്ര വാങ്ങാൻ കൊതിച്ചിരിക്കുന്ന നിരവധി പേരുണ്ട്. സാംസങ് നിരാശപ്പെടുത്തിയാലും ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ഔദ്യോഗിക വെബ്സൈറ്റിലെക്കാൾ വിലക്കുറവിൽ ഗാലക്സി എസ്25 അൾട്ര വാങ്ങാൻ അവസരമുണ്ട്. കുറഞ്ഞ വിലയിലാണ് ഈ പ്ലാറ്റ്ഫോമുകൾ എസ്25 അൾട്ര ലിസ്റ്റ് ചെയ്തിരിക്കുന്നത്, കൂടാതെ ബാങ്ക് ഡിസ്കൗണ്ടും ഉണ്ട്.

കാര്യം പുതിയ ഗാലക്സി എസ്26 അൾട്രയാണ് മുൻ മോഡലിനെക്കാൾ കൂടുതൽ മികച്ചത്. എന്നാൽ ഇന്ത്യയിൽ സാംസങ് ഗാലക്സി എസ്26 അൾട്രയുടെ 12ജിബി + 256ജിബി അടിസ്ഥാന വേരിയന്റിന് 1,39,999 രൂപയും 12ജിബി + 512ജിബി വേരിയന്റിന് 1,59,999 രൂപയും 16ജിബി + 1ടിബി ടോപ് വേരിയന്റിന് 1,89,999 രൂപയുമാണ് വില.
പുതിയ മോഡൽ സ്വന്തമാക്കാൻ ഇത്ര ഉയർന്ന തുക മുടക്കാൻ കഴിയാത്തവർക്ക് കുറച്ചുകൂടി വിലക്കുറവിൽ ലഭ്യമായിട്ടുള്ള എസ്25 അൾട്ര പരിഗണിക്കാവുന്നതാണ്. ഇന്ത്യയിൽ ഗാലക്സി എസ്25 അൾട്രയുടെ 12GB + 256GB അടിസ്ഥാന വേരിയന്റിന് 1,29,999 രൂപയും 12GB + 512GB വേരിയന്റിന് 1,41,999 രൂപയും 12GB + 1TB ടോപ് വേരിയന്റിന് 1,65,999 രൂപയും ആയിരുന്നു ലോഞ്ച് വില.

നിലവിൽ ഔദ്യോഗിക വെബ്സൈറ്റിൽ 129999 രൂപ പ്രാരംഭ വിലയിലാണ് സാംസങ് ഗാലക്സി എസ്25 അൾട്ര ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം ഫ്ലിപ്പ്കാർട്ടിൽ 107462 രൂപയാണ് ഇതിന്റെ അടിസ്ഥാന മോഡലിന്റെ വില. 4000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ 103462 രൂപ വിലയിൽ വാങ്ങാനാകും.
ആമസോൺ ഗാലക്സി എസ്25 അൾട്ര നിലവിൽ 1,08,470 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. 1500 രൂപ ബാങ്ക് ഡിസ്കൗണ്ട് മാത്രമേ ആമസോണിൽ ഇതിന് ലഭ്യമായിട്ടുള്ളൂ, ഇത് പ്രയോജനപ്പെടുത്തിയാൽ 1,06,970 രൂപ വിലയിൽ എസ്25 അൾട്ര ആമസോണിൽ നിന്ന് വാങ്ങാനാകും. എന്നാൽ ഇതിനെക്കാൾ മികച്ച ഡീൽ ഫ്ലിപ്പ്കാർട്ടിലേത് ആണ്.
പുതിയ മോഡലിനെ അപേക്ഷിച്ച് ഫീച്ചറുകളുടെ കാര്യത്തിൽ എസ്25 അൾട്രയ്ക്ക് ചില കുറവുകൾ കാണും. എന്നാൽ പ്രീമിയം സ്മാർട്ട്ഫോൺ എന്ന നിലയിൽ മറ്റ് ബ്രാൻഡുകളുടെ ഏതൊരു ഫോണിനോടും മത്സരിക്കാനുള്ള ശേഷി ഇപ്പോഴും എസ്25 അൾട്രയ്ക്ക് ഉണ്ട് എന്നത് വേറെകാര്യം. അൾട്രാ ഫ്ലാഗ്ഷിപ്പ്-ഗ്രേഡ് പെർഫോമൻസ് ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്.

മികച്ച ഡിസ്പ്ലേ നിലവാരം, ക്യാമറ ശേഷികൾ എന്നിവയും ഗാലക്സി എസ്25 അൾട്ര വളരെ കുറഞ്ഞ ഫലപ്രദമായ വിലയിൽ നൽകുന്നു, മുടക്കുന്ന കാശിന് തക്ക മൂല്യം തിരിച്ചുകിട്ടുന്ന ഒരു പ്രീമിയം സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാവുന്ന ഒരു ഓപ്ഷൻ തന്നെയാണ് സാംസങ് ഗാലക്സി എസ്25 അൾട്ര.


Click it and Unblock the Notifications








