കറുപ്പിനഴക്... ഓ... ഓ... ഓ...! സാംസങ് ഗാലക്സി S25 അൾട്ര പുത്തൻ കളർ ഓപ്ഷനിൽ വീണ്ടും വരുന്നു
ലോഞ്ച് ചെയ്ത് രണ്ട് മാസത്തിനിപ്പുറം സാംസങ് ഗാലക്സി എസ്25 അൾട്ര പുത്തൻ കളർ ഓപ്ഷനിൽ ഇന്ത്യയിൽ എത്താൻ പോകുന്നു. ഈ വർഷം ജനുവരിയിൽ ആണ് സാംസങ് ഗാലക്സി എസ്25 സീരീസ് അവതരിപ്പിക്കപ്പെട്ടത്. സാംസങ് ഗാലക്സി എസ്25, ഗാലക്സി എസ്25 പ്ലസ് എന്നിവയ്ക്ക് ഒപ്പം ഗാലക്സി എസ്25 അൾട്രയും ഈ സീരീസിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ടു. അതിൽ ഏറ്റവും മികച്ച മോഡലായ എസ്25 അൾട്ര ഇപ്പോൾ പുതിയ കളർ ഓപ്ഷനിൽ ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുകയാണെന്ന് (Samsung Galaxy S25 Ultra new colour option teased) സാംസങ് തന്നെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയിരിക്കുന്നു.
സാംസങ് ഇന്ത്യ തങ്ങളുടെ എക്സ് പേജിൽ (മുമ്പ് ട്വിറ്റർ) വിവിധ ഉൽപ്പന്നങ്ങളുമായി ഒരു കൊളാഷ് പങ്കിട്ടു, ഈ ചിത്രത്തിൽ 'ഡാർക്ക്. ബോൾഡ്. അൾട്രാ.' എന്ന വാചകവും മറ്റൊന്നിൽ 'ഉടൻ വരുന്നു' എന്ന വാചകവും ഉണ്ട്. ചിത്രത്തിലെ ഉൽപ്പന്നങ്ങളിൽ പൊതുവായി കാണുന്നത് അവ ഇരുണ്ട നിറത്തിലാണ് എന്നതാണ്.

പുതിയ ചിത്രത്തിനൊപ്പമുള്ള പോസ്റ്റിന്റെ അടിക്കുറിപ്പ് "കരുത്ത് ഉടൻ നിങ്ങളുടെ കൈകളിലെത്തും! പുതിയൊരു സ്റ്റൈലിന്റെ ഷേഡ് സ്വീകരിക്കാൻ തയ്യാറാകൂ. തുടരുക." എന്നാണ്. കൂടാതെ ഇതോടൊപ്പം '#GalaxyS25Ultra' എന്ന ഹാഷ്‌ടാഗും ഉണ്ട്. തങ്ങളുടെ പ്രീമിയം മോഡലിനായി സാംസങ് ഇരുണ്ട നിറത്തിലുള്ള ഒരു പുതിയ കളർ ഓപ്ഷൻ സാംസങ് അവതരിപ്പിക്കാൻ പോകുകയാണ് എന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു.
മാത്രമല്ല, മറ്റൊരു പോസ്റ്റിൽ S പെൻ ഒരുതരം ചാരനിറത്തിൽ കാണിക്കുന്നു. ഇതും വരാൻ പോകുന്ന എസ്25 അൾട്രയുടെ പുതിയ കളർ ഓപ്ഷനെ സൂചിപ്പിക്കുന്നു. നിലവിൽ ടൈറ്റാനിയം സിൽവർബ്ലൂ, ടൈറ്റാനിയം ഗ്രേ, ടൈറ്റാനിയം ബ്ലാക്ക്, ടൈറ്റാനിയം വൈറ്റ്‌സിൽവർ എന്നീ നിറങ്ങളിൽ ആണ് സാംസങ് ഗാലക്സി എസ് 25 അൾട്ര ലഭ്യമായിട്ടുള്ളത്. കൂടാതെ മൂന്ന് പ്രത്യേക നിറങ്ങളുമുണ്ട്: ടൈറ്റാനിയം ജെറ്റ്ബ്ലാക്ക്, ടൈറ്റാനിയം ജേഡ്‌ഗ്രീൻ, ടൈറ്റാനിയം പിങ്ക്‌ഗോൾഡ്.
ഇതിനെല്ലാം പുറമേയാണ് പുതിയ ഒരു കളർ ഓപ്ഷനിൽ കൂടി ഗാലക്സി എസ്25 അൾട്ര ലഭ്യമാകാൻ പോകുന്നത്. എന്നാൽ വരാൻ പോകുന്ന കളർ ഓപ്ഷന്റെ പേര് കമ്പനി ഇതുവരെ വ്യക്തമായി വെളിപ്പെടുത്തിയിട്ടില്ല, പക്ഷേ ടീസർ ഇമേജിൽ നിന്ന് ലഭിക്കുന്ന സൂചന പ്രകാരം ഇരുണ്ട കളർ ആയിരിക്കും. ഇതിന്റെ കൂടുതൽ ഡീറ്റെയിൽസ് വരുംദിവസങ്ങളിൽ വ്യക്തമാകും.
പുതിയ കളർ ഓപ്ഷനിൽ ലഭ്യമാകും എന്നതിനപ്പുറം ഗാലക്സി എസ്25 അൾട്രയുടെ ഫീച്ചറുകളിൽ മാറ്റമുണ്ടാകില്ല. പക്ഷേ വിലയുടെ കാര്യത്തിൽ മാറ്റമുണ്ടാകുമോയെന്ന് ഇപ്പോൾ പറയാറായിട്ടില്ല. സാംസങ് ഗാലക്സി എസ്25 അൾട്രയുടെ 12GB + 256GB അടിസ്ഥാന വേരിയന്റിന് 1,29,999 രൂപയും 12GB + 512GB വേരിയന്റിന് 1,41,999 രൂപയും 12GB + 1TB ടോപ് വേരിയന്റിന് 1,65,999 രൂപയുമാണ് ലോഞ്ച് വില.
ലോഞ്ച് ചെയ്ത് രണ്ട് മാസം പിന്നിട്ടതിനാൽത്തന്നെ ഗാലക്സി എസ്25 അൾട്രയുടെ ആവേശം ഒന്ന് തണുത്തിട്ടുണ്ട്. ഇതിനെ ഒന്ന് ചൂടാക്കിയെടുക്കാനും കച്ചവടം വീണ്ടും ഉഷാറാക്കാനും പുതിയ കളർ ഓപ്ഷന്റെ അവതരണത്തിലൂടെ സാംസങ് ലക്ഷ്യമിടുന്നുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഏറ്റവും പുതിയ എഐ ഫീച്ചറുകളുടെ പിന്തുണയും കരുത്തൻ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റിന്റെ പിൻബലവും സഹിതമാണ് ഗാലക്സി എസ്25 സീരീസ് എത്തുന്നത്.
സാംസങ് ഗാലക്സി എസ്25 അൾട്രയുടെ പ്രധാന ഫീച്ചറുകൾ: 4.47GHz ഒക്ടാ കോർ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ഫോർ ഗാലക്സി 3nm ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. സൂപ്പർ സ്മൂത്ത് 120Hz റീഫ്രഷ് റേറ്റ് (1~120Hz) ഉള്ള 6.9-ഇഞ്ച് QHD+, ഡൈനാമിക് AMOLED 2X ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. വിഷൻ ബൂസ്റ്റർ, അഡാപ്റ്റീവ് കളർ ടോൺ എന്നിവ ഇതിലുണ്ട്.
മൊബൈലുകൾക്കായുള്ള സ്മാർട്ട്ഫോൺ വിപണിയിലെ ആദ്യത്തെ ആന്റി-റിഫ്ലെക്റ്റീവ് ഗ്ലാസ് സെറാമിക് ആയ കോർണിംഗ് ഗൊറില്ല ആർമർ 2 പ്രൊട്ടക്ഷൻ സഹിതമാണ് സാംസങ് ഗാലക്സി എസ് 25 അൾട്ര എത്തിയിരിക്കുന്നത്. അഡ്രിനോ 830 ജിപിയു, 12GB+ 1TB, 12GB+ 512GB, 12GB+ 256GB എന്നിങ്ങനെ മൂന്ന് റാം+ സ്റ്റോറേജ് വേരിയന്റുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള One UI 7ൽ ആണ് സാംസങ് ഗാലക്സി എസ്25 അൾട്രയുടെ പ്രവർത്തനം. പതിവ് പോലെ ദീർഘകാല ഒഎസ് പിന്തുണയും ഈ പ്രീമിയം മോഡലിന് സാംസങ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഏഴ് OS അപ്‌ഗ്രേഡുകളും ഏഴ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണിന് ലഭിക്കും എന്ന് സാംസങ് വ്യക്തമാക്കുന്നു.

ഉയർന്ന റെസല്യൂഷൻ സെൻസറുകളും പ്രോവിഷ്വൽ എഞ്ചിനും ഉപയോഗിച്ച് എല്ലാ എസ്25 സീരീസ് മോഡലുകളും അൾട്രാ-ഡീറ്റൈൽഡ് ഷോട്ടുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എങ്കിലും കൂട്ടത്തിലെ കൊമ്പൻ എസ്25 അൾട്ര തന്നെയാണ്. ആരാധകർ ഏറ്റവും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന സാംസങ് ഗാലക്സി എസ്25 അൾട്രയുടെ ക്യാമറ സജ്ജീകരണത്തിൽ ആകെ 5 കിടിലൻ ക്യാമറകളാണ് ഉള്ളത്. അതിൽ റിയർ പാനലിൽ 4 ക്യാമറകളും ഒന്ന് സെൽഫി ക്യാമറയുമാണ്.
200MP ക്യാമറയാണ് ഗാലക്സി എസ്25 അൾട്രയുടെ പ്രധാന ശ്രദ്ധാകേന്ദ്രം. ഗാലക്സി എസ്25 അൾട്രയുടെ റിയർ ക്യാമറ സജ്ജീകരനത്തിൽ 200MP വൈഡ് ക്യാമറ (OIS F1.7, FOV 85˚)യ്ക്ക് പുറമേ, 50MP അൾട്രാ വൈഡ് ക്യാമറ (F1.9, FOV 120˚), 50MP ടെലിഫോട്ടോ ക്യാമറ ( 5x ഒപ്റ്റിക്കൽ സൂം, OIS F3.4, FOV 22˚), 10MP ടെലിഫോട്ടോ ക്യാമറ (3x ഒപ്റ്റിക്കൽ സൂം, OIS F2.4, FOV 36˚) എന്നിവയും ഇടംപിടിച്ചിരിക്കുന്നു.
റിയർ പാനൽ ക്യാമറയിൽ മാത്രമല്ല, ഫ്രണ്ട് ക്യാമറയുടെ കാര്യത്തിലും സാംസങ് പ്രത്യേകം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.
ഗാലക്സി എസ്15 അൾട്രയിൽ സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 12MP ഫ്രണ്ട് ക്യാമറയാണ് (F2.2, FOV 80˚) നൽകിയിരിക്കുന്നത്. വീഡിയോകളിലെ അനാവശ്യ ശബ്‌ദം നീക്കം ചെയ്യുന്നതിനായി ഓഡിയോ ഇറേസറും സീരീസിലെ എല്ലാ മോഡലുകളിലും നൽകിയിട്ടുണ്ട്.

എഐ ഫീച്ചറുകൾ ഉപയോഗിക്കുന്നതിനുള്ള ഏറ്റവും മികച്ച സ്മാർട്ട്ഫോൺ എന്നാണ് ഗാലക്സി എസ്25 സീരീസ് ഫോണുകളെ സാംസങ് വിശേഷിപ്പിക്കുന്നത്. ഗൂഗിളിന്റെ സർക്കിൾ ടു സെർച്ച്, കോൾ ട്രാൻസ്‌ക്രിപ്റ്റ്, റൈറ്റിംഗ് അസിസ്റ്റ്, ഡ്രോയിംഗ് അസിസ്റ്റ് എന്നിവയിലേക്ക് ഗാലക്‌സി എസ് 25 സീരീസ് നിരവധി അപ്‌ഗ്രേഡുകൾ കൊണ്ടുവരുന്നു.
5G, IP68 ഉൾപ്പെടെയുള്ള ഫീച്ചറുകളും ഗാലക്സി എസ്25 അൾട്ര വാഗ്ദാനം ചെയ്യുന്നുണ്ട്. 162.8 x 77.6 x 8.2mm വലിപ്പവും 218g ഭാരവും ഈ ഫോണിനുണ്ട്. 5,000mAh ബാറ്ററിയാണ് ഗാലക്സി എസ്25 അൾട്രയിൽ ഉള്ളത്. ഇത് വയേർഡ് ചാർജിങ്, ഫാസ്റ്റ് വയർലെസ് ചാർജിങ് 2.0, വയർലെസ് പവർഷെയർ പിന്തുണകളോടെ എത്തുന്നു. 45W അഡാപ്റ്റർ ഉപയോഗിച്ചുള്ള വയേർഡ് ചാർജിങ്ങിൽ 30 മിനിറ്റിൽ 65% ചാർജ് ചെയ്യപ്പെടും.


Click it and Unblock the Notifications








