ഗാലക്സി S26 അൾട്ര വാങ്ങാൻ കാശില്ലെങ്കിൽ S26, S26+ വാങ്ങാമല്ലോ! വിൽപ്പന തുടങ്ങി; 9000 രൂപ വരെ ഡിസ്കൗണ്ട്
സാംസങ് കഴിഞ്ഞ മാസം അവതരിപ്പിച്ച സാംസങ് ഗാലക്സി എസ്26 സീരീസിന്റെ ഇന്ത്യയിലെ വിൽപ്പന കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചിരിക്കുന്നു. ഗാലക്സി എസ്26 സീരീസിലെ ഏറ്റവും കരുത്തുറ്റ മോഡൽ അൾട്രയാണ്. എസ്26 അൾട്രയുടെ 12ജിബി + 256ജിബി അടിസ്ഥാന മോഡലിന് 1,39,999 രൂപയും 12ജിബി + 512ജിബി വേരിയന്റിന് 1,59,999 രൂപയും 16ജിബി + 1ടിബി ടോപ് വേരിയന്റിന് 1,89,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 9000 രൂപ ബാങ്ക് ഡിസ്കൗണ്ട് ഈ മോഡലിന് ലഭ്യമാക്കിയിരിക്കുന്നു, അപ്പോൾപ്പോലും ഇതിന്റെ അടിസ്ഥാന മോഡലിന് ഏകദേശം ഒന്നേകാൽ ലക്ഷത്തിന് മുകളിൽ വിലവരുന്നുണ്ട്.
എല്ലാവർക്കും അത്ര എളുപ്പത്തിൽ വാങ്ങാനാകുന്ന ഒരു മോഡൽ അല്ല എസ്26 അൾട്ര. എന്നാൽ ഒരുലക്ഷത്തിൽ താഴെ വിലയിൽ പ്രീമിയം സ്മാർട്ട്ഫോൺ തേടുന്നവർക്ക്, എസ്26 അൾട്രയോടൊപ്പം സാംസങ് അവതരിപ്പിച്ച ഗാലക്സി എസ്26, എസ്26 പ്ലസ് മോഡലുകൾ പരിഗണിക്കാവുന്നതാണ്. സാംസങ്ങിന്റെ എസ് 26 സീരീസിലെ പ്രീമിയം മോഡലുകൾ തന്നെയാണ് ഇവ.

ഗാലക്സി എസ്26 -ന്റെ 12ജിബി + 256ജിബി അടിസ്ഥാന വേരിയന്റിന് 87,999 രൂപയും 12ജിബി + 512ജിബി വേരിയന്റിന് 1,07,999 രൂപയുമാണ് ഇന്ത്യയിലെ വില. നിലവിൽ ഈ അടിസ്ഥാന മോഡലിന് 4000 രൂപ ബാങ്ക് ഡിസ്കൗണ്ട് ആണ് സാംസങ് ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമായിരിക്കുന്നത്. ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ, 83999 രൂപ പ്രാരംഭ വിലയിൽ ഈ മോഡൽ സ്വന്തമാക്കാം.
എസ്26 മോഡലിനെക്കാൾ കുറച്ചുകൂടി വലിയ ഡിസ്പ്ലേയും ബാറ്ററി ശേഷിയും ഉണ്ട് എന്നതാണ് സാംസങ് ഗാലക്സി എസ്26 പ്ലസ് മോഡലിന്റെ പ്രത്യേകത. എസ് 26 പ്ലസ് 5ജിയുടെ 12ജിബി + 256ജിബി വേരിയന്റിന് 1,19,999 രൂപയും 12ജിബി + 512ജിബി വേരിയന്റിന് 1,39,999 രൂപയുമാണ് വില. അതേസമയം അൾട്ര മോഡലിന്റേതിന് സമാനമായി 9000 രൂപ ബാങ്ക് ഡിസ്കൗണ്ട് പ്ലസ് മോഡലിനും ലഭ്യമായിട്ടുണ്ട്.

ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ 1,10,999 രൂപ പ്രാരംഭ വിലയിൽ എസ്26 പ്ലസ് ഇപ്പോൾ സാംസങ് വെബ്സൈറ്റിൽ നിന്ന് സ്വന്തമാക്കാനാകും. എസ്26 അൾട്ര വാങ്ങാൻ ബുദ്ധിമുട്ടുള്ള സാംസങ് ആരാധകർക്ക് പരിഗണിക്കാൻ കഴിയുന്ന ഓപ്ഷനുകളാണ് ഇവ രണ്ടും. സാംസങ് വെബ്സൈറ്റിന് പുറമേ ഇന്ത്യയിലെ പ്രധാന ഓൺലൈൻ, മെയിൻലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ ഗാലക്സി എസ്26 സീരീസ് മോഡലുകൾ വാങ്ങാൻ ലഭ്യമാണ്.
സാംസങ് ഗാലക്സി എസ്26, എസ്26 പ്ലസ്: പ്രധാന ഫീച്ചറുകൾ
എസ്26, എസ്26 പ്ലസ് എന്നിവ തമ്മിൽ ഡിസ്പ്ലേ വലിപ്പത്തിലും ബാറ്ററി ശേഷിയിലുമാണ് പ്രധാനമായും വ്യത്യാസപ്പെട്ടിരിക്കുന്നത്. 6.3-ഇഞ്ച് FHD+ ഡിസ്പ്ലോണ് എസ്26 മോഡലിലുള്ളത്. അതേസമയം പ്ലസ് മോഡലിൽ 6.7-ഇഞ്ച് QHD+ ഡിസ്‌പ്ലേ ഉണ്ട്. ഇവ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ സഹിതമാണ് എത്തിയിട്ടുള്ളത്.
ബാറ്ററിയുടെ കാര്യമെടുത്താൽ, 25W ഫാസ്റ്റ് ചാർജിംഗ്, 20W Qi2 വയർലെസ് ചാർജിംഗ്, വയർലെസ് പവർഷെയർ എന്നിവയ്ക്കുള്ള പിന്തുണയുള്ള 4300mAh ബാറ്ററിയാണ് എസ്26 മോഡലിലുള്ളത്. അതേസമയം 45W ഫാസ്റ്റ് ചാർജിംഗ്, 20W Qi2 വയർലെസ് ചാർജിംഗ്, വയർലെസ് പവർഷെയർ എന്നിവയ്ക്കുള്ള പിന്തുണയുള്ള 4900mAh ബാറ്ററി എസ്26 പ്ലസ് മോഡലിലുണ്ട്.

4.74 GHz ഒക്ടാ-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്സെറ്റ് ആണ് ഈ സാംസങ് ഫോണുകളുടെ കരുത്ത്. 12GB റാം, 256GB / 512GB സ്റ്റോറേജ് എന്നിവയും ഇവയിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ UI 8.5ൽ ആണ് പ്രവർത്തനം. ഏഴ് ഒഎസ് അപ്‌ഗ്രേഡുകളും ഏഴ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ഇവയിലുണ്ട്. അതിൽ 1/1.56″ സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 12MP 120° 1/2.55″ അൾട്രാ വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 3x ഒപ്റ്റിക്കൽ സൂമുള്ള 10MP ടെലിഫോട്ടോ ലെൻസ് (f/2.4 അപ്പേർച്ചർ, OIS), 4K 60 fps, 8K 30fps, LED ഫ്ലാഷ് എന്നിവയടങ്ങുന്നു. സെൽഫിക്കായി f/2.2 അപ്പേർച്ചറുള്ള 12MP ഫ്രണ്ട് ക്യാമറയും, 4K 60 fps സഹിതമുണ്ട്.
IP68 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ / eSIM), 5G SA/NSA, 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. S26 മോഡലിന് 149.6 x 71.7 x 7.2mm വലിപ്പവും 167g ഭാരവുമുണ്ട്. S26 പ്ലസിന് 158.4 x 75.8 x 7.3mm വലിപ്പവും 190 ഗ്രാം ഭാരവുമാണ് ഉള്ളത്.


Click it and Unblock the Notifications











