സാംസങ്ങിന്റെ രാജാക്കന്മാർ വരാൻ പോകുന്നു; ആദ്യത്തെ 2nm ചിപ്പുമായി ഗാലക്സി S26 എത്തുമെന്ന് റിപ്പോർട്ട്
സാംസങ് സ്മാർട്ട്ഫോൺ നിരയിലെ മാത്രമല്ല, ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുടെ തന്നെ നിരയിലെ പ്രധാനികളാണ് ഗാലക്സി എസ് സീരീസ് ഫോണുകൾ. ഇപ്പോൾ പ്രമുഖ ബ്രാൻഡുകളെല്ലാം പ്രീമിയം മോഡലുകൾ മുൻപത്തെക്കാൾ ശക്തമായ ഫീച്ചറുകളുമായി പുറത്തിറക്കുന്നുണ്ട്. എങ്കിലും സാംസങ് ഗാലക്സി എസ് സീരീസ് സൃഷ്ടിച്ചുവച്ചിരിക്കുന്ന സൽപ്പേരും പ്രശസ്തിയും ഒന്ന് വേറെ തന്നെയാണ്. പുതിയ ഗാലക്സി എസ് സീരീസ് ഫോണുകളായി ഗാലക്സി എസ്26 സീരീസ് ഈ മാസത്തിന്റെ അവസാനത്തോടെ ഇന്ത്യയിലും ആഗോള തലത്തിലും അവതരിപ്പിക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. ലോഞ്ചിനോട് അടുത്തുകൊണ്ടിരിക്കെ ഇപ്പോൾ ഗാലക്സി എസ് സീരീസിൽപ്പെടുന്ന ഏറ്റവും വില കുറഞ്ഞ ഓപ്ഷനായ എസ്26 ഗീക്ക്ബെഞ്ചിൽ പ്രത്യക്ഷപ്പെട്ടു.
വരാൻ പോകുന്ന ഫോണിനെക്കുറിച്ച് ഒരു ഏകദേശ ധാരണ ഗീക്ക്ബെഞ്ച് ഡീറ്റെയിൽസ് നൽകുന്നുണ്ട്. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിവരങ്ങളിൽ ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത് സാംസങ് ഗാലക്സി എസ്26 മോഡൽ (Samsung Galaxy S26) 2nm പ്രോസസിൽ നിർമിച്ച ആദ്യത്തെ ചിപ്പായ എക്സിനോസ് 2600 കരുത്തിൽ എത്തുമെന്നതാണ്.

സിംഗിൾ-കോറിൽ 3,315 മൾട്ടി-കോർ ടെസ്റ്റിൽ 11,310 സ്കോറുകൾ നേടിയാണ് ഈ ഫോൺ എത്തുന്നത്. മുൻ ജനറേഷനെ അപേക്ഷിച്ച് സിപിയു പെർഫോമൻസിൽ 39 ശതമാനം കുതിച്ചുചാട്ടം പുതിയ ചിപ്പ് കൊണ്ടുവരുമെന്ന് സാംസങ് പറയുന്നു, കൂടാതെ വളരെ ശക്തമായ ഗ്രാഫിക്സും ഇതിൽ ഉണ്ട് എന്ന് ആദ്യകാല ബെഞ്ച്മാർക്കുകൾ പറയുന്നു.
ലിസ്റ്റിങ്ങിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം, ഗാലക്‌സി എസ് 26 12ജിബി റാം ഉണ്ടാകും. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയാണ് ഇത് എത്തുന്നത്. മറ്റ് ഫീച്ചറുകളുടെ കാര്യമെടുത്താൽ, ഗാലക്‌സി എസ് 26 മോഡൽ 4,300 എംഎഎച്ച് ബാറ്ററിയും 6.3 ഇഞ്ച് ഡിസ്‌പ്ലേയും സഹിതം എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ബാറ്ററി വലുപ്പം വർദ്ധിപ്പിക്കുന്നതിനുപകരം, ബാറ്ററി ലൈഫ് മെച്ചപ്പെടുത്തുന്നതിനും പ്രകടനം സ്ഥിരമായി നിലനിർത്തുന്നതിനും സാംസങ് എക്‌സിനോസ് 2600 ന്റെ കാര്യക്ഷമതയെ ആശ്രയിക്കുന്നതായി തോന്നുന്നു.
ഗാലക്സി എസ്26 സീരീസിന്റെ ലോഞ്ച് തിയതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല, എങ്കിലും ലീക്ക് റിപ്പോർട്ടുകൾ പറയുന്നത് ഫെബ്രുവരി അവസാന ആഴ്ചയിൽ ലോഞ്ച് ഉണ്ടാകുമെന്നാണ്. എസ്26 പ്ലസ്, എസ്26 അൾട്ര മോഡലുകളും ഗാലക്സി എസ്26 ന് ഒപ്പം ഈ സീരീസിൽ എത്തും. ഇതിൽ ഏറ്റവും പ്രധാന മോഡൽ പതിവ് പോലെ അൾട്ര തന്നെയാണ്.
മുൻ മോഡലിനെക്കാൾ നിരവധി അപ്ഗ്രേഡുകളോടെയാകും സ്വാഭാവികമായും എസ്26 അൾട്ര എത്തുക എന്നാൽ സാംസങ് ഔദ്യോഗികമായി ഒരു ഫീച്ചറും വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ ലീക്ക് റിപ്പോർട്ടുകൾ പല വിവരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ വന്ന ലീക്ക് റിപ്പോർട്ടുകളിലൊന്ന് ഈ അൾട്ര മോഡലിന്റെ വയർഡ് ഫാസ്റ്റ് ചാർജിങ് സംബന്ധിച്ച ചില ഡീറ്റെയിൽസ് വെളിപ്പെടുത്തിയിരുന്നു.
നിലവിൽ ഗാലക്സി എസ്25 അൾട്ര മോഡൽ 45W വയർഡ് ചാർജിങ് പിന്തുണയോടെയാണ് എത്തുന്നത്. എന്നാൽ എസ്26 അൾട്രയിൽ 60W വയർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയാണ് ഉണ്ടാകുകയെന്ന് ടിപ്‌സ്റ്റർ ഐസ് യൂണിവേഴ്‌സ് പറയുന്നു. എസ്26 അൾട്രയിലെ 60W വയർഡ് ഫാസ്റ്റ് ചാർജിങ്ങിൽ ഏകദേശം 30 മിനിറ്റിനുള്ളിൽ 75% വരെ ചാർജ് എത്തുമെന്നും ടിപ്‌സ്റ്റർ പറയുന്നുണ്ട്. കൂടാതെ വയർലെസ് ചാർജിങ് 15W-ൽ നിന്ന് 25W ആയി അപ്‌ഗ്രേഡ് ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.
ഗാലക്സി എസ്26 അൾട്രയിൽ 5,200mAh ബാറ്ററി ശേഷി ആയിരിക്കും ഉണ്ടാകുകയെന്നാണ് സൂചന, എന്നാൽ ചില റിപ്പോർട്ടുകൾ ഇത് 5,000mAh-ൽ തുടരുമെന്ന് സൂചിപ്പിക്കുന്നു. 60W വയർഡ് ചാർജിങ് അപ്‌ഗ്രേഡ് ഗാലക്സി എസ്26 അൾട്ര മോഡലിന് മാത്രമായിട്ടാകും നടപ്പാക്കുക എന്നാണ് ലീക്ക് റിപ്പോർട്ടുകൾ പറയുന്നത്. ഗാലക്‌സി എസ് 26 മോഡൽ 25W ചാർജിങ്ങും ഗാലക്‌സി എസ് 26 പ്ലസ് മോഡൽ 45W ചാർജിങ്ങും തുടർന്നേക്കും. കൂടുതൽ ഡീറ്റെയിൽസ് വരുംദിവസങ്ങളിൽ അറിയാനാകും.


Click it and Unblock the Notifications








