തീർന്നു എന്ന് കരുതിയവരോട് പറ തിരിച്ചെത്തിയെന്ന്! സാംസങ് ഗാലക്സി S26 പ്ലസ് മോഡലിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത്
എഴുതിത്തള്ളപ്പെട്ടിടത്തുനിന്ന്, എല്ലാം അവസാനിച്ചു എന്ന് കരുതിയിടത്തുനിന്ന് തിരിച്ചുവരുന്നത് പലപ്പോഴും നായകന്മാരുടെ ശീലമാണ്. ആ നിലയ്ക്ക് നോക്കിയാൽ വരാൻ പോകുന്ന സാംസങ്ങിന്റെ ഗാലക്സി എസ്26 സീരീസിലെ നായകൻ എസ്26 പ്ലസ് മോഡലാണ്. ഗാലക്സി എസ് സീരീസിലെ പ്രമുഖ അൾട്ര മോഡൽ ആണ് എന്നതിൽ തർക്കമൊന്നുമില്ല. പക്ഷേ അൾട്ര മോഡൽ എപ്പോഴും ലഭ്യമായ ഏറ്റവും മികച്ച ഫീച്ചറുകൾ സഹിതം എത്തും എന്ന് ആരാധകർക്ക് ഉറപ്പുള്ള കാര്യമാണ്. പക്ഷേ ഇത്തവണ എസ്26 പ്ലസ് മോഡലിന്റെ കാര്യം അങ്ങനെയല്ല. എസ്24 സീരീസോടുകൂടി പ്ലസ് മോഡലുകളുടെ കാലം കഴിഞ്ഞു എന്ന് സ്മാർട്ട്ഫോൺ വിപണി പൊതുവിൽ കരുതി.
എസ്25 സീരീസിൽ പ്ലസ് മോഡലിന് പകരം എഡ്ജ് മോഡൽ വന്നതോടെയാണ് എസ് സീരീസിൽ പ്ലസ് മോഡലുകളുടെ യുഗം അവസാനിച്ചു എന്ന് എഴുതപ്പെട്ടത്. എന്നാൽ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് എസ് 26 സീരീസിലൂടെ പ്ലസ് മോഡൽ അതിശക്തനായി തിരിച്ചുവരുന്നു എന്നാണ് ഇപ്പോൾ പറയപ്പെടുന്നത്. ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ കഴിഞ്ഞ കുറച്ച് ആഴ്ചകളായി വരുന്നുണ്ട്.

എന്നാൽ റിപ്പോർട്ടുകൾക്കപ്പുറം പ്ലസ് മോഡൽ തിരിച്ചുവരുന്നു എന്ന ശക്തമായ സൂചന നൽകിക്കൊണ്ട് എസ്26 പ്ലസിന്റെ ആദ്യ ചിത്രങ്ങൾ ഇപ്പോൾ ലീക്ക് റിപ്പോർട്ടായി പുറത്തുവന്നിരിക്കുന്നു. @OnLeaks പുറത്തുവിട്ട CAD-അധിഷ്ഠിത റെൻഡറുകളുടെ ആദ്യ സെറ്റിൽ ആണ് സാംസങ് ഗാലക്സി എസ്26+ (Samsung Galaxy S26+) പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഗാലക്സി S25 സീരീസ് ഫോണുകളുടെ അതേ ഫ്ലാറ്റ് ഡിസൈനും ട്രിപ്പിൾ റിയർ ക്യാമറകളും സഹിതമാണ് എസ്26 പ്ലസ് മോഡൽ എത്തുക എന്ന് CAD ചിത്രങ്ങൾ സൂചിപ്പിക്കുന്നു. ഇതിലെ ക്യാമറ ഡെക്കോ S25 എഡ്ജിൽ കണ്ടതിന് സമാനമാണ്, എന്നാൽ ട്രിപ്പിൾ റിയർ ക്യാമറകളുണ്ട്. വരാൻ പോകുന്ന എസ്26 പ്ലസിന് 158.4 x 75.7 x 7.35mm വലിപ്പമുണ്ടെന്ന് പറയപ്പെടുന്നു.
പ്രധാന വിപണികളിൽ ഗാലക്സി എസ് സീരീസിലെ S26, S26+ മോഡലുകൾ എക്സിനോസ് 2600 ചിപ്സെറ്റ് കരുത്തിൽ എത്തുമെന്നാണ് ലീക്ക് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഓൺലൈൻ റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്. അതേസമയം ഗാലക്സി എസ്26 അൾട്ര മാത്രം ആഗോളതലത്തിൽ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്സെറ്റ് കരുത്തിൽ എത്തുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
പുതിയ 12 മെഗാപിക്സൽ ടെലിഫോട്ടോ സെൻസർ ഉൾപ്പെടെ അപ്‌ഗ്രേഡ് ചെയ്‌ത ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് എസ്26 പ്ലസ്, സ്റ്റാന്റേർഡ് മോഡലുകളിൽ ഉണ്ടാകുകയെന്ന് ലീക്ക് റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. ഫ്രണ്ട്, റിയർ ക്യാമറകളിൽ 4K 60fps വരെ വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്ക്കുന്ന സാംസങ്ങിന്റെ അഡ്വാൻസ്ഡ് പ്രൊഫഷണൽ വീഡിയോ (എപിവി) കോഡെക്കുമായി ഗാലക്‌സി എസ് 26 സീരീസ് വരുമെന്ന് ഫേംവെയർ വെളിപ്പെടുത്തുന്നു.
കൂടാതെ ഗാലക്സി എസ്26 പ്ലസ് മോഡൽ 4,900mAh ബാറ്ററിയുമായിട്ടായിരിക്കും എസ് സീരീസിലേക്ക് മടങ്ങിയെത്തുകയെന്നും റിപ്പോർട്ടുണ്ട്. ഇതോടൊപ്പം എത്തുന്ന എസ്26 മോഡലിൽ 4,300mAh ബാറ്ററിയാണ് ഉണ്ടാകുകയെന്ന് ലീക്ക് റിപ്പോർട്ടുകൾ പറയുന്നു. ഇത് ശരിയെങ്കിൽ ഗാലക്‌സി എസ്25 ലെ 4,000mAh ബാറ്ററി ശേഷിയെക്കാൾ നേരിയ വർധനവാണ്.
ഗാലക്സി എസ്26 സീരീസിനെക്കുറിച്ച് സാംസങ് നിലവിൽ ഔദ്യോഗികമായി ഒരു വിവരവും ചിത്രവും പുറത്തുവിട്ടിട്ടില്ല. ലീക്ക് റിപ്പോർട്ടുകൾ വഴി ലഭ്യമായ വിവരങ്ങൾ മാത്രമാണ് നമുക്ക് മുൻപിലുള്ളത്. 2026 ഫെബ്രുവരിയിലാണ് ഗാലക്സി എസ്26 സീരീസ് എത്തുക എന്നാണ് ഒരു കൊറിയൻ മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എസ്26 എഡ്ജ് മോഡൽ ഉപേക്ഷിച്ച് പകരം എസ്26 പ്ലസ് മോഡൽ ഉൾപ്പെടുത്താൻ തീരുമാനിച്ചതിനാലാണ് ജനുവരിയിൽ പ്രതീക്ഷിച്ചിരുന്ന ലോഞ്ച് ഫെബ്രുവരിയിലേക്ക് നീണ്ടത് എന്ന് ഈ റിപ്പോർട്ട് പറയുന്നു.


Click it and Unblock the Notifications








