സാംസങ് ഗാലക്സി S26, S26 പ്ലസ്, S26 അൾട്ര വില: വെളിപ്പെടുത്തലുമായി കൊറിയൻ മാധ്യമം
ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രധാന സ്മാർട്ട്ഫോൺ ലോഞ്ചാണ് ഗാലക്സി എസ്26 സീരീസിന്റേത്. സാധാരണയായി ജനുവരിയിൽ നടക്കാറുള്ള ലോഞ്ച് ഇത്തവണ ഫെബ്രുവരിയിലാണ് നടക്കുക എന്നാണ് ലീക്ക് റിപ്പോർട്ട്. കൃത്യമായ ലോഞ്ച് തിയതി കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും 2026 ഫെബ്രുവരി 25ന് ഗാലക്സി എസ്26 സീരീസ് ലോഞ്ച് പ്രതീക്ഷിക്കാം എന്ന് ടിപ്സ്റ്റർ ഐസ് യൂണിവേഴ്സിന്റെ ലീക്ക് റിപ്പോർട്ട് പറയുന്നു. പുതിയ ഗാലക്സി എസ് സീരീസ് സ്മാർട്ട്ഫോണുകളിൽ എന്തൊക്കെ ഫീച്ചറുകളുണ്ട് എന്നതുപോലെ തന്നെ ആളുകൾ അറിയാൻ ആഗ്രഹിക്കുന്ന കാര്യമാണ് ഇവയുടെ വില. അക്കാര്യത്തിൽ ഇപ്പോൾ ചില സൂചനകൾ ലഭ്യമായിട്ടുണ്ട്.
സാംസങ്ങിന്റെ സ്വന്തം നാടായ കൊറിയയിലെ ഒരു മാധ്യമം ഇപ്പോൾ വരാൻ പോകുന്ന ഗാലക്സി എസ്26, എസ്26 പ്ലസ്, എസ്26 അൾട്ര മോഡലുകളുടെ വില സംബന്ധിച്ച ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നു. കൊറിയയിലും തെരഞ്ഞെടുക്കപ്പെട്ട ചില വിപണികളിലും പുതിയ എസ്26 സീരീസ് മോഡലിന്റെ വില കൂടും എന്നാണ് വെളിപ്പെടുത്തലിന്റെ ചുരുക്കം.

കൊറിയൻ പ്രസിദ്ധീകരണമായ എഫ്എൻ ന്യൂസിന്റെ റിപ്പോർട്ട് അനുസരിച്ച്, കൊറിയയിൽ എസ്26 സീരീസിന് വില വർധിക്കും. ഗാലക്‌സി എസ് 26, ഗാലക്‌സി എസ് 26 പ്ലസ്, ഗാലക്‌സി എസ് 26 അൾട്ര എന്നിവയുടെ അടിസ്ഥാന 256ജിബി വേരിയന്റുകൾക്ക് 44,000 വോണിനും 88,000 വോണിനും ഇടയിൽ വില വർധന ഉണ്ടാകും.
സാധാരണയായി എസ് സീരീസ് മോഡലുകൾക്ക് സ്ഥിരം വിലയാണ് സാംസങ് പിന്തുടർന്ന് പോരാറുള്ളത്. എന്നാൽ ഇത്തവണ ആ പതിവിൽ മാറ്റമുണ്ടാകും എന്ന് കൊറിയൻ മാധ്യമത്തിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ വില വർധന എല്ലാ വിപണികളേയും ബാധിച്ചേക്കില്ല എന്നും റിപ്പോർട്ടിലുണ്ട്. ഉദാഹരണത്തിന് യുഎസ് ഉൾപ്പെടെയുള്ള തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ ലോഞ്ച് വില മാറ്റമില്ലാതെ നിലനിർത്താൻ സാംസങ് ആലോചിക്കുന്നതായി പറയപ്പെടുന്നു.
ഇന്ത്യൻ വിപണിയിൽ സാംസങ് ഗാലക്സി എസ് സീരീസിന് വില ഉയരുമോയെന്ന് ഇപ്പോൾ വ്യക്തമല്ല. എങ്കിലും നിലവിലെ സാഹചര്യങ്ങൾ നിരീക്ഷിക്കുമ്പോൾ നേരിയ വില വർധന ഉണ്ടാകാനാണ് സാധ്യത. ഇപ്പോൾ ഇന്ത്യയിൽ പൊതുവിൽ എല്ലാ ബ്രാൻഡുകളും തങ്ങളുടെ പ്രീമിയം മോഡലുകൾ അവതരിപ്പിക്കുന്നത് വർധിപ്പിച്ച വിലയിലാണ് എന്നത് ശ്രദ്ധേയമാണ്.
മാന്യമായ വിലയിൽ പ്രീമിയം മോഡൽ പോലും അവതരിപ്പിക്കാറുള്ള കമ്പനിയാണ് ഐക്യൂ. കഴിഞ്ഞ തവണ ഐക്യൂ 13 മോഡൽ 55000 രൂപയിൽ താഴെ വിലയിലാണ് എത്തിയത്, എന്നാൽ ഈ മോഡലിന്റെ പിൻഗാമിയായി അടുത്തിടെ ലോഞ്ച് ചെയ്ത ഐക്യൂ 15 5ജിയുടെ അടിസ്ഥാന മോഡലിന്റെ വില 70000 രൂപയ്ക്ക് മുകളിലാണ്.
സ്മാർട്ട്ഫോണുകളുടെ ഈ വിലവർധനവിന് പിന്നിലെ പ്രധാന കാരണം, മെമ്മറി ചെലവ് വർധിച്ചു എന്നതാണ്. 12GB LPDDR5X റാമിന്റെ വില ഇപ്പോൾ കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയാണ്. 2026ന്റെ രണ്ടാം പകുതിയിൽ ഇത് 40 ശതമാനം കൂടി ഉയരുമെന്നും പ്രതീക്ഷിക്കുന്നു. അതേപോലെ NAND ഫ്ലാഷ് വിലകളും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പാർട്സുകളുടെ ഈ വില വർധന സ്മാർട്ട്ഫോൺ നിർമാണത്തിന്റെ ചെലവ് വലിയതോതിൽ വർദ്ധിപ്പിക്കുന്നു.
അതിനാൽ ഈ പ്രത്യേക സാഹചര്യത്തിൽ സാംസങ് ഗാലക്സി എസ്26 സീരീസും ഉയർന്ന വിലയിൽ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടേക്കാം. എന്നാൽ ഇതോടൊപ്പം എടുത്തുപറയേണ്ട മറ്റൊരുകാര്യമുണ്ട്. ആപ്പിളുമായി സാംസങ് നടത്തുന്ന മത്സരമാണ് അത്. സാധാരണയായി ഐഫോണുകൾക്ക് മേൽ ആധിപത്യം നേടാൻ ഐഫോൺ മോഡലുകളെക്കാൾ കുറഞ്ഞ വിലയിലാണ് എസ് സീരീസ് ഫോണുകൾ സാംസങ് അവതരിപ്പിക്കുക.
വരാനിരിക്കുന്ന ഐഫോൺ പ്രോ മോഡലുകൾക്ക് ഉണ്ടാകാൻ സാധ്യതയുള്ള വില കൂടി കണക്കിലെടുത്ത് സാംസങ് ഗാലക്സി എസ് 26 സീരീസ് വില നിശ്ചയിക്കാൻ സാധ്യതയുണ്ട് എന്നും വിലയിരുത്തലുകൾ ഉണ്ട്. ലോഞ്ച് അടുത്തുകൊണ്ടിരിക്കുന്നതിനാൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ തന്നെ അറിയാൻ കഴിയും.


Click it and Unblock the Notifications








