സാംസങ് ഗാലക്സി എസ്26 സീരീസ് ലോഞ്ച് തിയതി പുറത്തുവിട്ട് കൊറിയൻ മാധ്യമം
സ്മാർട്ട്ഫോൺ വിപണി ആകാംക്ഷയോടെ കാത്തിരിക്കുന്ന സ്മാർട്ട്ഫോൺ ലോഞ്ചുകളിൽ ഏറ്റവും പ്രധാനപ്പെട്ട ലോഞ്ചിന്റെ തിയതി പുറത്തുവിട്ട് കൊറിയൻ മാധ്യമം. ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുടെ രാജാവും ആപ്പിളിന്റെ ഐഫോൺ സീരീസിന്റെ മുഖ്യ എതിരാളിയുമായ സാംസങ് ഗാലക്സി എസ് സീരീസിലെ പുതിയ മോഡലുകളുടെ ലോഞ്ച് തിയതി ആണ് കൊറിയൻ മാധ്യമമായ മണി ടുഡേ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ മാധ്യമം പുറത്തുവിട്ടിരിക്കുന്ന ലീക്ക് റിപ്പോർട്ട് പ്രകാരം സാംസങ് ഗാലക്സി എസ്26 സീരീസ് (Samsung Galaxy S26 series) ഇത്തവണ ജനുവരിക്ക് പകരം ഫെബ്രുവരിയിലാണ് ലോഞ്ച് ചെയ്യുക.
കൃത്യമായി പറഞ്ഞാൽ, മണി ടുഡേയുടെ റിപ്പോർട്ട് പ്രകാരം, സാംസങ് ഗാലക്സി എസ് 26 സീരീസ് 2026 ഫെബ്രുവരി 25 ന് ലോഞ്ച് ചെയ്യാൻ ആണ് സാംസങ് തയാറെടുത്തിരിക്കുന്നത്. ലോഞ്ചുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്ന മറ്റൊരുകാര്യം യുഎസിലെ സാൻ ഫ്രാൻസിസ്കോയിൽ ആണ് ലോഞ്ച് ഇവന്റ് നിശ്ചയിച്ചിരിക്കുന്നത് എന്നാണ്.

ഒരുമാസം വൈകും
മണി ടുഡേ ഗാലക്സി എസ്26 സീരീസ് ലോഞ്ച് തിയതി ലീക്ക് ചെയ്തുവെങ്കിലും സാംസങ് ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല എന്നത് ശ്രദ്ധിക്കുക. പുറത്തുവന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ നേരത്തെ കരുതപ്പെട്ടിരുന്നതിലും ഒരുമാസം വൈകിയാണ് ഇത്തവണ ഗാലക്സി എസ് സീരീസ് എത്തുക. മുൻ വർഷത്ത ലോഞ്ച് കണക്കിലെടുത്ത് ജനുവരിയിൽ എസ്26 സീരീസ് എത്തുമെന്നായിരുന്നു ഇതുവരെ പ്രതീക്ഷിച്ചിരുന്നത്.
അടുത്തിടെ ഗാലക്സി എസ്26 സീരീസുമായി ബന്ധപ്പെട്ട് വന്ന ഒരു വാർത്ത കണക്കിലെടുക്കുമ്പോൾ എസ്26 സീരീസ് വൈകുമെന്ന ലീക്ക് റിപ്പോർട്ട് ശരിയാകാനാണ് സാധ്യത. കാരണം ഗാലക്സി എസ്25 സീരീസിൽ സാംസങ് അവതരിപ്പിച്ച എസ്25 എഡ്ജ് മോഡൽ എസ്26 സീരീസിൽ നിന്ന് ഒഴിവാക്കിയെന്നും പകരം മുൻ എസ് സീരീസുകളിൽ ഉണ്ടായിരുന്ന പ്ലസ് മോഡൽ തിരിച്ചുകൊണ്ടുവരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.
എസ്25 എഡ്ജിന്റെ പിൻഗാമിയായി എത്തേണ്ട എസ്26 എഡ്ജ് മോഡൽ ഒഴിവാക്കി പകരം എസ്26 പ്ലസ് മോഡൽ ഗാലക്സി എസ് 26 സീരീസിൽ ഉൾപ്പെടുത്താൻ അവസാന നിമിഷം സാംസങ് തീരുമാനിച്ചതാണ് ലോഞ്ച് വൈകാൻ കാരണം എന്നാണ് റിപ്പോർട്ട്. S25 എഡ്ജിന്റെ വിൽപ്പന കുറഞ്ഞതാണ് എസ്26 എഡ്ജ് മോഡൽ ഒഴിവാക്കാൻ കാരണമെന്നും പറയപ്പെടുന്നു.
ഇരുവരെ ലഭ്യമായ അനൗദ്യോഗിക വിവരങ്ങൾ പ്രകാരം ഗാലക്സി എസ്26 സീരീസിൽ ഗാലക്സി എസ്26, എസ്26 പ്ലസ്, എസ്26 അൾട്ര എന്നീ മോഡലുകളാകും ഉണ്ടാകുക. S25 സീരീസിനെ അപേക്ഷിച്ച് S26 സീരീസിന് വിപുലീകരിച്ച AI ഫീച്ചറുകളും മികച്ച ക്യാമറകളും ലഭിക്കുമെന്ന് സാംസങ് അടുത്തിടെ സൂചന നൽകിയിരന്നു.
എസ്26 സീരീസിന്റെ ലോഞ്ചുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഓൺലൈൻ റിപ്പോർട്ടുകളിൽ പറയുന്നത് സാംസങ് തെരഞ്ഞെടുത്ത വിപണികളിൽ പുതിയ എക്സിനോസ് 2600 ചിപ്‌സെറ്റ് കരുത്തിലാകും പുതിയ മോഡലുകൾ എത്തിക്കുക എന്നാണ്, അതേസമയം മറ്റ് ചില പ്രദേശങ്ങളിൽ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്സെറ്റ് കരുത്തിലും അവതരിപ്പിക്കും. ഇതിന് മുൻപും ഈ രണ്ട് ചിപ്സെറ്റ് തന്ത്രം സാംസങ് പരീക്ഷിച്ചിട്ടുള്ളതിനാൽ ഈ റിപ്പോർട്ട് ശരിയാകാൻ സാധ്യത കൂടുതലാണ്.
ആപ്പിൾ തങ്ങളുടെ ഐഫോൺ 17 പ്രോയിൽ നൽകിയിരിക്കുന്ന A19 Pro ചിപ്‌സെറ്റിനെ അപേക്ഷിച്ച് എക്സിനോസ് 2600 ചിപ്സെറ്റിന് 6 മടങ്ങ് ഉയർന്ന NPU (ന്യൂറൽ പ്രോസസ്സിംഗ് യൂണിറ്റ്) പെർഫോമൻസ് ഉണ്ട് എന്ന് പ്രതീക്ഷിക്കുന്നു. ഒരു ഡിവൈസിലെ AI ടാസ്‌ക്കുകൾക്ക് NPU ഒരു നിർണായക ഘടകമാണ്. ഇനിവരും നാളുകളിൽ സ്മാർട്ട്ഫോണുകൾ എഐയിലും ശക്തിപ്രകടനം നടത്തും എന്നതിനാൽ എൻപിയുവിന് വളരെ പ്രാധാന്യം കൽപ്പിക്കപ്പെടാൻ സാധ്യതയുണ്ട്.


Click it and Unblock the Notifications








