വരുന്നത് ഗംഭീര ഫീച്ചറുകളുമായി: കേട്ടതെല്ലാം സത്യമാണെങ്കിൽ സാംസങ് ഗാലക്‌സി എസ് 26 അൾട്ര ചില്ലറക്കാരനാവില്ല
എപ്പോഴും പുത്തൻ ഫീച്ചറുകളും മോഡലുകളും പുറത്തിറക്കാൻ മടിയില്ലാത്ത കമ്പനിയാണ് സാംസങ്. ഇപ്പോഴിതാ സാംസങ് ഗ്യാലക്സി എസ് പരമ്പരയിലെ അടുത്ത സീരീസിൽ പെട്ട ഗ്യാലക്സി എസ്26 അൾട്ര ഫോണിനെ കുറിച്ചാണ് ടെക് ലോകത്തെ ചർച്ച. ഈ ഫോണിൽ പുതിയ ഡിസ്പ്ലേ ടെക്നോളജിയാവും ഉണ്ടാവുകയെന്നാണ് റിപ്പോർട്ട് വരുന്നത്. ഇത് മാത്രമല്ല, മറ്റ് ഒരുപാട് കാര്യങ്ങളിലും ചർച്ചകൾ നടക്കുന്നുണ്ട്. വരാനിരിക്കുന്ന സാംസങ് ഗ്യാലക്സി എസ്26 ഫോണുകളുടെ ഫീച്ചറുകളെ കുറിച്ച് ഇപ്പോഴെ ചർച്ച തുടങ്ങിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനം ഫോണുകളുടെ ബാറ്ററിയെയും ക്യാമറേയും കുറിച്ച് വരുന്ന അപ്ഡേറ്റാണ്. അടുത്ത വർഷത്തെ സാംസങ് ഗാലക്സി ഫ്ലാഗ്ഷിപ്പുകളിൽ വമ്പൻ ബാറ്ററിയാണ് പ്രതീക്ഷിക്കുന്നത്.
മൂന്ന് പിൻ ക്യാമറകളുള്ള ഗാലക്‌സി എസ് 26 അൾട്രാ സാംസങ് പരീക്ഷിക്കുന്നുണ്ടെന്ന് എക്സ് യൂസർ ഗോഡ് (@Vsssh_God) റിപ്പോർട്ട് ചെയ്യുന്നുണ്ട്. പ്രോട്ടോടൈപ്പിൽ 200 മെഗാപിക്സൽ മെയിൻ സെൻസർ, 50 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ക്യാമറ, 4x ഒപ്റ്റിക്കൽ സൂമുള്ള 200 മെഗാപിക്സൽ ടെലിഫോട്ടോ സെൻസർ എന്നിവയുണ്ടെന്നാണ് വിദഗ്ദാഭിപ്രായം.

അടുത്ത വർഷത്തെ ഫ്ലാഗ്ഷിപ്പ് മോഡലിൽ നിന്ന് സാംസങ് രണ്ട് ടെലിഫോട്ടോ സെൻസറുകൾ ഒഴിവാക്കിയേക്കാം. വരാനിരിക്കുന്ന മോഡലിൽ പ്രധാന സെൻസറിൽ വേരിയബിൾ അപ്പർച്ചർ സാംസങ് തിരികെ കൊണ്ടുവരുമെന്ന് ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മിക്ക ചൈനീസ് സ്മാർട്ട് ഫോൺ നിർമാതാക്കളും അവരുടെ വലിയ ഫോണുകളിൽ ഉപയോഗിക്കുന്ന ട്രെൻഡാണ് ഗാലക്സി S25 ഫോണുകളിലേക്കും വരുന്നത്.
കഴിഞ്ഞ വർഷം മുതൽ സിലിക്കൺ-കാർബൺ ബാറ്ററി സാങ്കേതികവിദ്യയാണ് പലരും പരീക്ഷിച്ച് തുടങ്ങിയത്. ഇത് തന്നെയാണ് ഗാലക്സി S26 മോഡലുകളിലും ഉപയോഗിക്കാൻ തീരുമാനിച്ചിട്ടുള്ളത്. അതും ഫോണിന്റെ വലുപ്പത്തിലോ ഭാരത്തിലോ വിട്ടുവീഴ്ച ചെയ്യാതെ വലിയ ബാറ്ററികൾ പായ്ക്ക് ചെയ്യാനാണ് ആലോചന.

എസ്26 ഫോണുകളിൽ സിലിക്കൺ-കാർബൺ ബാറ്ററികളാകുമെന്ന് റിപ്പോർട്ട് ചെയ്യുന്നു. സിലിക്കൺ-കാർബൺ ബാറ്ററികൾ സംയോജിപ്പിച്ച് ആനോഡിലെ ഗ്രാഫൈറ്റ് ഉപയോഗം കുറയ്ക്കുന്നു. ഇവ സാധാരണ ബാറ്ററിയിൽ നിന്ന് ഘടനാപരമായി മാറ്റമുള്ളവയാണ്. പരമ്പരാഗത ഗ്രാഫൈറ്റ് അധിഷ്ഠിത ബാറ്ററികളേക്കാൾ ഉയർന്ന കപ്പാസിറ്റിയും ഫാസ്റ്റ് ചാർജിങ്ങും ഇവയ്ക്കുണ്ടാകും.
കൂടാതെ, സ്റ്റാക്ക് ചെയ്ത ബാറ്ററി സാങ്കേതികവിദ്യ ഉപയോഗിച്ച് സാംസങ് ഗാലക്‌സി എസ് 26 അൾട്രാ പരീക്ഷിക്കും. ബാറ്ററി ശേഷി ഇതിനകം 5,500mAh പരിധി കവിഞ്ഞതായി പറയപ്പെടുന്നു. ഈ ലൈനപ്പിൽ 65W വയർഡ് ഫാസ്റ്റ് ചാർജിംഗ് സൗകര്യം ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലുള്ള എസ് 25 അൾട്രാ മോഡലിന് 5,000mAh ബാറ്ററിയാണ് ഉള്ളത്.

ഗാലക്സി എസ് 26 അൾട്രാ പ്രോട്ടോടൈപ്പിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഒരു പുതിയ എസ് പെൻ ഉണ്ടെന്ന് പറയപ്പെടുന്നു. നിലവിൽഗാലക്‌സി എസ് 25 അൾട്രായിൽ ഉൾപ്പെടുത്തിയിരിക്കുന്ന എസ്-പെന്നിന് ബ്ലൂടൂത്ത് പ്രവർത്തനം ഇല്ല. സാധാരണ സ്മാർട്ട്ഫോണിൽ ആദ്യമായി കളർ ഫിൽട്ടർ ഓൺ എൻകാപ്സുലേഷൻ ടെക്നോളജി ഉപയോഗിക്കുന്ന ഫോണാണ് സാംസങ് ഗ്യാലക്സി എസ്26 അൾട്ര. ഇതിലൂടെ കട്ടികുറഞ്ഞ മൊബൈൽ ഫോണുകൾ നിർമ്മിക്കാൻ സാധിക്കും. 2021ൽ പുറത്തിറങ്ങിയ സെഡ് ഫോൾഡിൽ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്നു.
കളർ ഫിൽട്ടർ ഓൺ എൻകാപ്സുലേഷൻ ടെക്നോളജി ഒഎൽഇഡിയിലെ പോളറൈസിങ് പ്ലേറ്റുകൾക്ക് പകരം കളർ ഫിൽട്ടർ ആണ് ഉപയോഗിക്കുക. ഇതുപയോഗിച്ച് പിക്സൽ ഡിഫൈൻ ലെയറിൽ മാറ്റങ്ങൾ വരുത്തും. വൈദ്യുതി ഉപഭോഗം കുറച്ച് വെളിച്ചം വർധിപ്പിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ക്വാൽകോമിന്റെ അടുത്ത ഫ്ലാഗ്ഷിപ്പ് സ്‌നാപ്ഡ്രാഗൺ ചിപ്‌സെറ്റിൽ സാംസങ് ഗാലക്‌സി എസ് 26 അൾട്രാ പ്രവർത്തിക്കാൻ സാധ്യതയുണ്ട്.


Click it and Unblock the Notifications








