എല്ലാ ക്യാമറകളും 'തേച്ച് മിനുക്കി'! സാംസങ് ഗാലക്സി S26 സീരീസ് ഫെബ്രുവരി 25 ബുധനാഴ്ച ലോഞ്ച് ചെയ്യും
ലോകമെമ്പാടുമുള്ള സ്മാർട്ട്ഫോൺ പ്രേമികൾ കഴിഞ്ഞ കുറച്ച് നാളുകളായി ചോദിച്ചുകൊണ്ടിരുന്ന ഒരു ചോദ്യമായിരുന്നു പുതിയ ഗാലക്സി എസ് സീരീസ് എപ്പോൾ ലോഞ്ച് ചെയ്യും എന്നത്. ഇപ്പോൾ സാംസങ് ഔദ്യോഗികമായി തന്നെ ആ ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുന്നു. 2026 ഫെബ്രുവരി 25 ബുധനാഴ്ച സാൻ ഫ്രാൻസിസ്കോയിൽ വച്ച് ഗാലക്സി അൺപാക്ക്ഡ് ( Galaxy Unpacked) ഇവന്റ് നടക്കുമെന്ന് സാംസങ് പ്രഖ്യാപിച്ചു. ഈ ഇവന്റിൽ സാംസങ് പുതിയ ഗാലക്സി എസ്26 സീരീസ് അവതരിപ്പിക്കും. ഇതിൽ സാംസങ് ഗാലക്സി എസ് 26, ഗാലക്‌സി എസ് 26+, ഗാലക്‌സി എസ് 26 അൾട്ര മോഡലുകൾ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ലോഞ്ചിന് മുൻപ് തന്നെ ഗാലക്സി എസ്26 സീരീസ് പ്രീ ബുക്ക് ചെയ്യാനുള്ള സൗകര്യം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ സാംസങ് ഇന്ത്യ സ്റ്റോറിൽ പ്രീ-റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്. 999 രൂപ നൽകി ഇത് റിസർവ് ചെയ്യാം, മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് 2699 രൂപയുടെ ഉറപ്പായ വൗച്ചർ ലഭിക്കുമെന്ന് കമ്പനി പറയുന്നു. 2026 ഫെബ്രുവരി 25 രാത്രി 11:30 വരെ പ്രീ-റിസർവേഷൻ ഓപ്പണായിരിക്കുമെന്ന് സാംസങ് അറിയിച്ചിട്ടുണ്ട്.

സാംസങ് ഗാലക്സി എസ്26 സീരീസ് എങ്ങനെ ബുക്ക് ചെയ്യാം
ഗാലക്‌സി പ്രീ-റിസർവ് വിഐപി പാസിനായി സാംസങ് ഇന്ത്യ വെബ്‌സൈറ്റിലെ പ്രീ-റിസർവ് ബട്ടണിൽ ക്ലിക്കുചെയ്യുക. തുടർന്ന് ലഭ്യമായ പ്രീപെയ്ഡ് പേയ്‌മെന്റ് ഓപ്ഷനുകളിലൊന്ന് തെരഞ്ഞെടുത്ത് 999 രൂപ അടയ്ക്കുക. ശേഷം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ അടുത്ത ഗാലക്സി പ്രീ-റിസർവ് വിഐപി പാസ് ഇമെയിലായും മെസേജായും ലഭിക്കും.
വിജയകരമായ പ്രീ-റിസർവ് ആനുകൂല്യങ്ങൾ വ്യക്തമായി വിശദീകരിച്ചുകൊണ്ട് വെൽക്കം ഇമെയിൽ ലഭിക്കും. തുടർന്ന് സാംസങ്ങിന്റെ വെബ്സൈറ്റ് സന്ദർശിച്ച് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് നിങ്ങളുടെ കൂപ്പൺ ഉപയോഗിച്ച് അടുത്ത ഗാലക്സി വാങ്ങുക. പിന്നീട് ഫോണിനായി പണമടയ്ക്കുമ്പോൾ, പ്രീ ബുക്ക് ചെയ്യാനായി നൽകിയ 999 രൂപ അഡ്ജസ്റ്റ് ചെയ്തുകിട്ടും. പ്രീ-ബുക്കിംഗ് കാലയളവ് വരെ കൂപ്പൺ ഉപയോഗിച്ചില്ലെങ്കിൽ, അത് ഓട്ടോമാറ്റിക്കായി ക്യാൻസലാക്കുപ്പെടുകയും പ്രീ-റിസർവ് തുക പേയ്‌മെന്റിന്റെ സോഴ്സിലേക്ക് തിരികെ നൽകുകയും ചെയ്യും.
ഗാലക്സി എസ്26 സീരീസ്
ഇത്തവണ സാംസങ് ഗാലക്സി എസ് സീരീസിലെ എല്ലാ ക്യാമറകളും മുഖം മിനുക്കിയാണ് സാംസങ് അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ട്. അതായത് മുൻ മോഡലുകളിലെ ക്യാമറകളെക്കാൾ മികച്ചതായിരിക്കും പുതിയ മോഡലുകളിലെ ക്യാമറകൾ. ഗാലക്സി S26, S26+ മോഡലുകൾ മിക്ക വിപണികളിലും ഏറ്റവും പുതിയ എക്സിനോസ് 2600 2nm ചിപ്സെറ്റ് കരുത്തിലാകും എത്തുക എന്നാണ് സൂചന.
അതേസമയം സാംസങ് ഗാലക്സി S26 അൾട്രയിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്സെറ്റ് കരുത്താകും ഉണ്ടാകുക. ഇതിന്റെ 1TB വേരിയന്റിന് 16GB റാം ഉണ്ടാകും. പരിചിതമായ ക്യാമറ സെൻസറുകൾ തന്നെയാകും അൾട്രയിൽ ഇത്തവണയും ഉണ്ടാകുക എന്ന് ചില റിപ്പോർട്ടുകൾ ഉണ്ട്.
സാംസങ് ഗാലക്സി S26 അൾട്ര ഇതാദ്യമായി 25W വരെ വയർലെസ് ചാർജിങ്, 60W വരെ വയർഡ് ചാർജിങ് പിന്തുണകളോടെ എത്തുമെന്ന് പറയപ്പെടുന്നു. കൂടാതെ ഈ ഗാലക്സി ഫോണുകൾക്ക് മാഗ്നറ്റിക് ചാർജിംഗ് കേസ് വഴി Qi2 വയർലെസ് ചാർജിങ് പിന്തുണയും ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. കൂടുതൽ ഡീറ്റെയിൽസ് ലോഞ്ച് ഇവന്റിൽ സാംസങ് ഔദ്യോഗികമായി വെളിപ്പെടുത്തുമ്പോഴേ അറിയാനാകൂ.
എസ് 26 സീരീസിൽ ഒരു പോരായ്മയായി ഉണ്ടാകാൻ സാധ്യതയുള്ളത് ബാറ്ററി ശേഷിയാണ്. പല സ്മാർട്ട്ഫോണുകളും ഇപ്പോൾ മിനിമം 7000mAhന് മുകളിൽ ബാറ്ററി അവതരിപ്പിക്കാൻ ശ്രമിക്കുന്നു. ഇന്ത്യയിൽ ഇതിനകം 10000mAhന് മുകളിൽ ബാറ്ററിയുള്ള ഫോൺ വരെ എത്തി. എന്നാൽ ഗാലക്സി എസ്26 സീരീസ് മോഡലുകളുടെ ബാറ്ററി ശേഷി ഇപ്പോഴും പരമാവധി 5000mAh വരെ മാത്രമാണ് എന്നാണ് സൂചന.


Click it and Unblock the Notifications








