Galaxy XCover7 | അധ്വാനിക്കുന്നവർക്കായുള്ള സാംസങ്ങിന്റെ പ്രത്യേക ഫോൺ എത്തി; പേടിക്കാതെ കൊണ്ടുനടക്കാം
വിലക്കൂടിയ സ്മാർട്ട്ഫോണുകൾ ഒരുപാട് മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യും. എന്നാൽ അവ കൊണ്ട് നടക്കുന്ന കാര്യം അൽപ്പം റിസ്ക്കാണ്, കാരണം ചെറിയൊരു അശ്രദ്ധ ഉണ്ടായി ഫോൺ വെള്ളത്തിലേക്കോ, അതല്ല, പരുക്കൻ പ്രതലത്തിലേക്കോ വീണാൽ ഉണ്ടാകുന്ന നഷ്ടം വളരെ വലുതായിരിക്കും. വാങ്ങാനെന്നപോലെ തന്നെ റിപ്പയറിങ്ങിനും വൻതുക മുടക്കേണ്ടിവരും.
അതിനാൽത്തന്നെ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് കായികമായി ഏറെ അധ്വാനം വേണ്ട ജോലിസ്ഥലങ്ങളിലും മറ്റും സ്മാർട്ട്ഫോൺ ഉപയോഗിക്കുക അൽപ്പം ബുദ്ധിമുട്ടാണ്. എന്നാൽ ഇത്തരം പേടിയൊന്നും കൂടാതെ ഏത് സാഹചരത്തിലും കൊണ്ടുനടക്കാൻ സാധിക്കുന്ന ഒരു സ്മാർട്ട്ഫോൺ മികച്ച ഫീച്ചറുകൾ സഹിതം ഇപ്പോൾ ഇന്ത്യയിലും ലഭ്യമായിരിക്കുന്നു. സാംസങ് ആണ് ഇതിനുപിന്നിലുള്ളത്.

പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ മിലിട്ടറി സ്റ്റാൻഡേർഡ് കരുത്തോടെ സാംസങ് കഴിഞ്ഞമാസം ഗാലക്സി എക്സ്കവർ 7 (Samsung Galaxy XCover7) എന്നൊരു സ്മാർട്ട്ഫോൺ പുറത്തിറക്കിയിരുന്നു. ഈ കരുത്തൻ സ്മാർട്ട്ഫോൺ ഇപ്പോൾ ഇന്ത്യയിലും ലഭ്യമാകും. കാരണം, ഫെബ്രുവരി 6ന് സാംസങ് ഗാലക്സി എക്സ്കവർ 7 ഇന്ത്യയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തു.
സാംസങ്ങിൽ നിന്നുള്ള ആദ്യത്തെ എൻ്റർപ്രൈസ് ഫോക്കസ്ഡ് സ്മാർട്ട്‌ഫോണാണ് ഗാലക്സി എക്സ്കവർ 7. ഇത് ഏത് പ്രതികൂല സാഹചര്യത്തെയും അതിജീവിക്കാൻ കരുത്തോടെയാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഇത് പ്രൊഫഷണലുകളുടെ ജീവിതം സുഗമമാക്കുകയും വേഗത്തിലുള്ള കണക്റ്റിവിറ്റി നൽകുകയും ചെയ്യുന്നു. വിവിധ അപകട സാഹചര്യങ്ങളെ നേരിടാനുള്ള ശേഷിയോടെയാണ് ഈ ഫോൺ എത്തുന്നത്.
അതായത് ഏത് പ്രതികൂല സാഹചര്യങ്ങളിലും ഈ സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ സാധിക്കും. ഒട്ടനവധി ഫീച്ചറുകൾ ഉണ്ടെങ്കിലും IP68-സർട്ടിഫൈഡ് ബിൽഡ്, മിലിട്ടറി-ഗ്രേഡ് (MIL-STD-810H) ഡ്യൂറബിലിറ്റി ആണ് ഈ ഡിവൈസിനെ മറ്റ് സ്മാർട്ട്ഫോണുകളിൽ നിന്ന് വേറിട്ടതാക്കി മാറ്റുന്നത്. കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്ലസ് പിന്തുണയോടെയാണ് എക്സ്കവർ 7 സ്മാർട്ട്ഫോൺ എത്തുന്നത്.
കൂടാതെ ഈ സ്മാർട്ട്ഫോണിൽ ടച്ച് സെൻസിറ്റിവിറ്റി ക്രമീകരിക്കാൻ സാധിക്കും. അതിനാൽ കയ്യുറകൾ ധരിക്കുന്ന തൊഴിലാളികൾക്ക് ജോലിക്കിടയിൽ ഈ ഫോൺ ഉപയോഗിക്കാൻ എളുപ്പമാണ്. വീഴ്ചകളുടെ ആഘാതത്തെ പ്രതിരോധിക്കാൻ കഴിയും വിധത്തിലുള്ള സുരക്ഷാ ഫീച്ചറുകളും ഇതിൽ സജ്ജമാക്കിയിരിക്കുന്നു. കൂടാതെ മികച്ച ജല പ്രതിരോധ ശേഷിയുമുണ്ട്.
അതിനാൽ അബദ്ധത്തിൽ കൈയിൽ നിന്ന് തറയിലേക്കോ വെള്ളത്തിലേക്കോ വീണാലും പേടിക്കേണ്ടതില്ല. കൂടാതെ ഏത് ക്രമീകരണത്തിലും സൗകര്യപ്രദമായ റീചാർജ് ചെയ്യുന്നതിനായി എളുപ്പമുള്ള POGO ചാർജിംഗ് പിൻ ഈ സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു. കൂടാതെ സാംസങ് നോക്‌സ് വോൾട്ട് ഡാറ്റകളുടെ സുരക്ഷ ഉറപ്പാക്കുന്നു, നിർണായക വിവരങ്ങൾ പ്രത്യേകം ഹാർഡ്‌വെയറിൽ സംരക്ഷിക്കുന്നുവെന്നും കമ്പനി പറഞ്ഞു.

ഗാലക്സി എക്സ്കവർ 7 ന്റെ പ്രധാന ഫീച്ചറുകൾ: 6.6 ഇഞ്ച് (2400 x 1080 പിക്സലുകൾ) FHD+ 120Hz LCD സ്ക്രീൻ, 20:9 ആസ്പക്ട് റേഷ്യോ, വെറ്റ് ടച്ച്, ഗ്ലോവ് മോഡ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ സംരക്ഷണം എന്നിവ ഇതിലുണ്ട്.
മാലി-G57 MC2 GPU ഉള്ള ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6100+ 6nm പ്രൊസസർ ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 6ജിബി റാം- 128ജിബി സ്റ്റോറേജ് കോൺഫിഗറേഷനിലാണ് ഈ ഫോണെത്തുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി 1ടിബി വരെ സ്റ്റോറേജ് വികസിപ്പിക്കാം. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള സാംസങ് വൺ യുഐ 6-ലാണ് പ്രവർത്തനം.
ഗാലക്‌സി എക്‌സ്‌കവർ 7ലെ ക്യാമറയുടെ കാര്യമെടുത്താൽ, f/1.8 അപ്പേർച്ചറുള്ള 50 മെഗാപിക്‌സൽ റിയർ ക്യാമറയാണ് ഇതിലുള്ളത്. സെൽഫികൾക്കായി, ഫ്രണ്ടിൽ 5 മെഗാപിക്സൽ ക്യാമറയും ഉണ്ട്. ഡ്യുവൽ സിം ( സിം + എംബഡഡ് സിം ) പിന്തുണയുമായാണ് ഈ ഫോൺ എത്തുന്നത്.
ഇതൊരു 5ജി ഫോൺ ആണ് എന്നതാണ് മറ്റൊരു ശ്രദ്ധേയ നേട്ടം. 5G, GPS, GLONASS, ഗലീലിയോ, USB ടൈപ്പ്-സി പോർട്ട്, 3.5mm ഓഡിയോ ജാക്ക്, ആക്‌സിലറോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ, ജിയോമാഗ്നറ്റിക് സെൻസർ, ഗൈറോ സെൻസർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ സാംസങ് ഗാലക്സി എക്സ്കവർ 7ൽ ഉണ്ട്.

ഫാസ്റ്റ് ചാർജിംഗിനായി പോഗോ പിൻ കണക്റ്ററുകൾ നൽകിയിരിക്കുന്നു. 4050mAh ബാറ്ററിയാണ് ഇതിലുള്ളത്. ഡിവൈസ് സുരക്ഷയ്ക്കായി ബിൽറ്റ്-ഇൻ ഫേസ് റെക്കഗ്നിഷനും ഫിംഗർപ്രിന്റ് സെൻസറും Samsung Knox സുരക്ഷാ ഫീച്ചറും എക്സ്കവർ 7 വാഗ്ദാനം ചെയ്യുന്നു. കൂടാതെ, വിവിധ ജോലികൾ ചെയ്യാൻ പ്രോഗ്രാം ചെയ്യാവുന്ന ഒരു എക്സ്കവർ കീ ഫീച്ചറുമുണ്ട്.
ഇതിലെ ബാറ്ററി നീക്കം ചെയ്യാവുന്നതാണ് എന്നതാണ് ഈ കരുത്തൻ സ്മാർട്ട്ഫോണിന്റെ മറ്റൊരു പ്രത്യേകത. സാംസങ് ഗാലക്സി XCover7 ൻ്റെ സാധാരണ വേരിയന്റിന് 27,208 രൂപയും എൻ്റർപ്രൈസ് വേരിയന്റിന് 27,530 രൂപയും ആണ് ഇന്ത്യയിലെ വില. സ്റ്റാൻഡേർഡ് എഡിഷനിൽ 1 വർഷ വാറൻ്റിയും എൻ്റർപ്രൈസ് എഡിഷനിൽ 2 വർഷ വാറൻ്റിയും സാംസങ് വാഗ്ദാനം ചെയ്യുന്നു.
സാംസങ് ഗാലക്സി എക്സ്കവർ 7 എൻ്റർപ്രൈസ് പതിപ്പിൽ Knox Suite-ൻ്റെ 12 മാസത്തെ സബ്‌സ്‌ക്രിപ്‌ഷനും വാഗ്ദാനം ചെയ്യുന്നു. Samsung.com-ൽ നിന്നും ഓൺലൈൻ EPP പോർട്ടലിൽ നിന്നും Galaxy XCover7 വാങ്ങാം. ബൾക്ക് വാങ്ങലുകൾക്ക്, ഉപഭോക്താക്കൾക്ക് - Samsung Business പേജിൽ അന്വേഷണം നടത്താം.


Click it and Unblock the Notifications








