സാംസങ്ങിന്റെ 'ഒടിയൻ' വിൽപ്പന പൊടിപൊടിക്കുന്നു; കണ്ട 'പാതി' കേട്ട 'പാതി'യെക്കാൾ മികച്ചത്!
'ഒടിച്ച്' മടക്കാവുന്ന ഡിസ്പ്ലേയുമായി സാംസങ്ങിന്റെ പുതിയ 'ഒടിയൻ' സ്മാർട്ട്ഫോൺ സാംസങ് ഗാലക്സി സെഡ് 5 ഫ്ലിപ്പ് വിൽപ്പനയ്ക്ക് എത്തിയിരിക്കുകയാണ്. ഫോൺ തുറക്കാതെ പാതി ഡിസ്പ്ലേ ഉപയോഗിച്ചുതന്നെ കോൾ ചെയ്യാനും ഫൊട്ടോ എടുക്കാനും സന്ദേശങ്ങൾക്കു മറുപടി അയയ്ക്കാനുമൊക്കെയുള്ള സംവിധാനവുമായാണ് സാംസങ്ങിന്റെ ഈ പുതുതലമുറ ഫ്ലിപ്പ് ഫോൺ എത്തിയിരിക്കുന്നത്.
ജൂലൈ 26ന് ആയിരുന്നു ഗാലക്സി ഫ്ലിപ് Z ഫ്ലിപ് 5, ഗാലക്സി Z ഫോൾഡ് 5 എന്നീ ഫോണുകൾ സാംസങ് ലോഞ്ച് ചെയ്തത്. മടക്കി ഉപയോഗിക്കാവുന്ന ഫോൾഡബിൾ ഫോൺ ആണ് ഇവ എന്നതാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. ഏറെ പ്രതീക്ഷയോടെയാണ് സാംസങ് ആരാധകർ ഈ പുതിയ ഫോണുകളെ നോക്കിക്കാണുന്നത്. ഏടുത്തുപറയേണ്ട നിരവധി സവിശേഷതകൾ ഗാലക്സി Z ഫ്ലിപ് 5ന് ഉണ്ട്.

എന്നിരുന്നാലും ഫോണിന്റെ ഏറ്റവും മികച്ച ചില ഫീച്ചറുകൾ ഏതെല്ലാമാണെന്ന് ഈ ലേഖനത്തിലൂടെ നമ്മുക്ക് പരിശോധിക്കാം. ഫോണിന്റെ ഡിസ്പ്ലേ തന്നെയാണ് ഏറ്റവും മികച്ച ഫീച്ചർ ആയി സാംസങ് ഉയർത്തിക്കാണിക്കുന്നത്. 60Hz സൂപ്പർ അമോലെഡ് പാനലിലാണ് 3.4 ഇഞ്ചിലെ കവർ ഡിസ്‌പ്ലേ വരുന്നത്. ഈ കവർ സ്ക്രീനുകളിൽ നിരവധി ഫുൾ സ്‌ക്രീൻ വിജറ്റുകൾ ഉണ്ടായിരിക്കുമെന്നും ആരാധകർ പ്രതീക്ഷിക്കുന്നു. മിനി ആപ്പുകൾ പോലെ ഇവ പ്രവർത്തിക്കുന്നതായിരിക്കും.
വാട്സ്ആപ്പ്, യൂട്യബ്, ഗൂഗിൾ മാപ്പ് തുടങ്ങി നിരവധി ആപ്പുകൾ ഈ മിനി സ്ക്രീനിൽ പ്രദർശിപ്പിക്കാവുന്നതാണ്. ഗാലക്സി Z ഫ്ലിപ് 5 പുതിയ ഒരു ഹിഞ്ച് മെക്കാനിസം കൊണ്ടുവന്നതും ഈ ഫോണിന് മാത്രം അവകാശപ്പെടാനുള്ള ഒരു സവിശേഷതയാണ്. ഫ്ലെക്സ് ഹിഞ്ച് എന്നാണ് ഈ മെക്കാനിസം അറിയപ്പെടുന്നത്. ഇത് അടിസ്ഥാനപരമായി ഒരു ടിയർഡ്രോപ്പ് ഡിസൈൻ ഹിംഗാണ്. ഇതുമൂലം ഫോണിന്റെ ഇടിയിൽ വിടവുകൾ ഉണ്ടാകാതെ ഇരിക്കുമെന്നാണ് സാംസങ് അവകാശപ്പെടുന്നത്.

മാത്രമല്ല ഫോണിന്റെ മുൻ മോഡലായ ഗാലക്സി Z ഫ്ലിപ് 4നേക്കാളും സ്ലീം ആയി ഫോൺ നിർമ്മിക്കാൻ സാധിച്ചിട്ടുണ്ട്. ഇതിന് പുറമെ Z ഫ്ലിപ് 4ന് ഉണ്ടായിരുന്ന പ്രധാന പരാതികളിൽ ഒന്നാണ് ഇടയിലുള്ള വിടവ് കാരണം പൊടികളും മറ്റ് അഴുക്കുകളും പ്രവേശിക്കുന്നു എന്നത്. എന്നാൽ ഫ്ലെക്സ് ഹിഞ്ച് വന്നതോടെ ഇടയിൽ വിടവുകൾ ഇല്ലാതാകുകയും ഈ പ്രശ്നത്തിന് പരിഹാരമാകുകയും ചെയ്തു എന്നും സാംസങ് പറയുന്നു.
ഫോണിന്റെ ഇന്നർ ഡിസ്പ്ലേയും എടുത്തുപറയേണ്ട മറ്റൊരു സവിശേഷതയാണ്. 6.7" 120Hz ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേയാണ് സാംസങ് ഫോണിന്റെ അകത്ത് നൽകിയിരിക്കുന്നത്. 1750 nits തെളിച്ചമാണ് ഈ ഡിസ്പ്ലേയ്ക്കായി സാംസങ് നൽകിയിരിക്കുന്നത്. ആയതിനാൽ രാത്രിയിൽ ഉപയോഗിക്കാനും പകൽ സമയങ്ങളിൽ തുറസായ പ്രദേശങ്ങളിൽ ഉപയോഗിക്കാനും വളരെ ഉപയോഗപ്രദമായിരിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഫോണിന്റെ മാറ്റ് കൂട്ടുന്ന മറ്റൊരു ഘടകമാണ് പ്രോസസർ. സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 SoC ആണ് ഗാലക്സി സെഡ് ഫ്ലിപ്പ് 5 പ്രവർത്തിക്കുന്നത്. ഫോണിന്റെ മുൻനിര മോഡലുമായി താരതമ്യം ചെയ്യുമ്പോൾ മികച്ച പ്രവർത്തനക്ഷമത തന്നെ ഫ്ലിപ്പ് 5 അവകാശപ്പെടുന്നുണ്ട്. ഇതിന് പുറമെ ഇരട്ടി സ്റ്റോറേജും ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. 256GB UFS 4.0 സ്റ്റോറേജാണ് അടിസ്ഥാനമായി നൽകുന്നത്. ഇത് 512GB വരെ ആവിശ്യമെങ്കിൽ നീട്ടാനുള്ള സൗകര്യവും ഫോൺ നൽകുന്നുണ്ട്.
ഗുഡ് ലോക്ക് സംവിധാനവും സെഡ് 5 ഫ്ലിപ്പിനെ വ്യത്യസ്തമാക്കി നിർത്തുന്നു. ഗുഡ് ലോക്ക് എന്നാണ് ഈ സംവിധാനം അറിയപ്പെടുന്നത്. സാംസങ് ഫോണുകളിൽ മാത്രം പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു ഫോൺ കസ്റ്റമൈസേഷൻ ആപ്പാണ് ഗുഡ് ലോക്ക്. ഗാലക്സി സ്റ്റോറിൽ നിന്നാണ് ഇത് ഡൗൺലോഡ് ചെയ്യേണ്ടത്. 3.4 ഇഞ്ച് കവർ സ്‌ക്രീനിന്റെ യഥാർത്ഥ സാധ്യതകളെ ഇത് ശരിക്കും അൺലോക്ക് ചെയ്യാൻ ഈ ഫീച്ചർ സഹായിക്കുന്നതാണ്.
ആഗസ്റ്റ് 11 മുതലാണ് ഫോൺ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയത്. നിലവിൽ ഓൺലൈൻ ആയും ഓഫ്ലൈൻ ആയും ഫോൺ ലഭ്യമാണ്. ആമസോണിൽ 99,999 രൂപയാണ് ഫോണിന് നൽകിയിരിക്കുന്ന വില. സാംസങിന്റെ ഒഫീഷ്യൽ വെബ്സൈറ്റിലും ഈ വില തന്നെയാണ് നൽകിയിരിക്കുന്നത്. ഫോണിന്റെ 256GB |8GB പതിപ്പിനാണ് ഈ വില. 512GB |8GB പതിപ്പിനാകട്ടെ 1,09,999 രൂപ നൽകേണ്ടി വരും.


Click it and Unblock the Notifications








