ചുമ്മാതാണോ കിങ് ആയിട്ട് ഇരിക്കുന്നത്! ശക്തരിൽ ശക്തനായി സാംസങ് ഗാലക്സി Z ഫോൾഡ് 7 ക്യാമറ
സ്മാർട്ട്ഫോൺ വിപണിയിൽ പുതിയ ട്രെൻഡുകൾക്ക് പലപ്പോഴും ചലനങ്ങൾ സൃഷ്ടിക്കാൻ കഴിയാറുണ്ട്. ഫോൾഡബിൾ സ്മാർട്ട്ഫോണുകളുടെ ജനപ്രീതി ദിവസത്തിന് ദിവസം വർധിക്കുന്നുണ്ട്. അതിനാൽത്തന്നെ വിവിധ ബ്രാൻഡുകൾ ഏറ്റവും മികച്ച ഫോൾഡബിൾ ഫോൺ പുറത്തിറക്കി തുടക്കത്തിൽ തന്നെ തങ്ങളുടേതായ ഇടം പിടിക്കാൻ ശ്രമിച്ചുവരുന്നു. ആപ്പിൾ തങ്ങളുടെ ആദ്യ ഫോൾഡബിൾ ഐഫോൺ അടുത്ത വർഷം പുറത്തിറക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സ്മാർട്ട്ഫോൺ വിപണിയിൽ ആപ്പിളിന്റെ പ്രധാന എതിരാളിയായ സാംസങ് ഗാലക്സി Z സീരീസിൽ ഇതിനകം നിരവധി ഫോൾഡബിൾ സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചുകഴിഞ്ഞു. അതിനാൽത്തന്നെ ഗാലക്സി Z ഫോൾഡ് ഫോണുകളെപ്പറ്റി ഒരു ഏകദേശ ധാരണ ആളുകൾക്ക് ഉണ്ട്.
ഇതിനകം സാംസങ് പുറത്തിറക്കിയിട്ടുള്ള ഫോൾഡബിൾ സ്മാർട്ട്ഫോണുകൾ വച്ച് വിലയിരുത്തി വരാൻ പോകുന്ന ഫോൾഡബിൾ ഫോണുകളിൽ എന്തൊക്കെയുണ്ടാകും എന്ന കണക്കുകൂട്ടൽ ആരാധകർക്ക് ഉണ്ടാകും. എന്നാൽ അത്തരം കണക്കുകൂട്ടലുകളെയെല്ലാം പൊളിച്ചടുക്കുന്ന ഒരു കിടിലൻ അപ്ഗ്രേഡ് അടുത്ത തങ്ങളുടെ ഫോൾഡബിൾ ഫോണിൽ കൊണ്ടുവരാൻ സാംസങ് തയാറെടുത്തിരിക്കുന്നു എന്ന് പുതിയ റിപ്പോർട്ടുകൾ പറയുന്നു.

സാംസങ് അവരുടെ ഗാലക്സി ഫോൾഡ് ഫോണുകളുടെ Z സീരീസിൽ അടുത്തതായി അവതരിപ്പിക്കാൻ പോകുന്നത് സാംസങ് ഗാലക്സി Z ഫോൾഡ് 7 എന്ന മോഡലാണ്. അധികം വൈകാതെ ഈ ഫോൺ ലോഞ്ച് ചെയ്യും. ഏറ്റവും പുതിയ ലീക്ക് റിപ്പോർട്ടുകൾ പറയുന്നത് ഗാലക്സി Z ഫോൾഡ് 7-ൽ സാംസങ് 200MP ക്യാമറ അവതരിപ്പിക്കും എന്നാണ്.
ഫോൾഡ് ഫോൺ ആരാധകരെ ഇളക്കിമറിക്കുന്ന ഒരു നീക്കമായിരിക്കും ഗാലക്സി Z ഫോൾഡ് 7ലെ 200MP ക്യാമറ എന്ന് പ്രതീക്ഷിക്കപ്പെടുന്നു. നിലവിൽ ഐഫോണുകൾക്ക് പോലും എതിരാളിയായി കണക്കാക്കുന്നത് ഗാലക്സി എസ് സീരീസിലെ അൾട്ര മോഡലിനെ ആണ്. ഈ അൾട്ര മോഡലിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന് അതിലെ അതിശക്തമായ ക്യാമറയാണ്.

ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകളുടെ രാജാവായി സാംസങ് ഗാലക്സി എസ് സീരീസ് അൾട്ര മോഡലുകളെ ഉയർത്തുന്നതിൽ ക്യാമറകൾക്ക് വലിയ പങ്കുണ്ട്. ഇപ്പോൾ തങ്ങളുടെ ഫോൾഡബിൾ സ്മാർട്ട്ഫോണുകളിലേക്കും അതിശക്തമായ ക്യാമറ അവതരിപ്പിച്ചുകൊണ്ട് ഈ വിഭാഗത്തിലും ആധിപത്യം നേടാൻ സാംസങ് മുന്നിട്ടിറങ്ങിയിരിക്കുന്നു എന്നുവേണം കരുതാൻ. ഗാലക്സി Z ഫോൾഡ് 7ന്റെ ഏറ്റവും പുതിയ ടീസറിൽ "അൾട്രാ-എക്സ്പീരിയൻസ്" എന്ന് സാംസങ് ആവർത്തിച്ച് ഉപയോഗിച്ചിട്ടുണ്ട്, ഇതൊരു സൂചനയായി കരുതപ്പെടുന്നു.
ഈ അൾട്ര പരാമർശത്തിലൂടെ കരുതപ്പെടുന്ന മറ്റൊരു കാര്യം ഫോൾഡ് 7ന് പുറമേ ഒരു ഫോൾഡ് 7 അൾട്ര മോഡൽ കൂടി ഉണ്ടാകാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട് എന്നതാണ്. എന്തായാലും സാംസങ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല എങ്കിലും 200MP ക്യാമറയുള്ള ഫോൾഡ് 7 വരുന്നു എന്ന് റിപ്പോർട്ടുകൾ സജീവമാണ്.
ഡച്ച് ഔട്ട്‌ലെറ്റായ GalaxyClub.nl-ൽ നിന്നുള്ള പുതിയ ലീക്ക് റിപ്പോർട്ട് പറയുന്നത് 200-മെഗാപിക്സൽ പ്രധാന ക്യാമറ സെൻസർ ഉൾക്കൊള്ളുന്ന ആദ്യത്തെ ആഗോള ഫോൾഡ് സ്മാർട്ട്ഫോൺ ആയിരിക്കും ഗാലക്‌സി Z ഫോൾഡ് 7 എന്നാണ്. ഉയർന്ന വിലയിൽ എത്തുമ്പോൾ പോലും എസ് സീരീസ് അൾട്രയിലേത് പോലുള്ള ഹൈ റെസല്യൂഷൻ സെൻസറുകൾ ഫോൾഡ് ഫോണുകൾക്ക് അന്യമായിരുന്നു.

പുതിയ 200MP ക്യാമറയിലൂടെ ഫോൾഡ് ഫോണുകളുടെ രാജാവാക്കി ഗാലക്സി Z ഫോൾഡ് 7നെ മാറ്റാൻ സാംസങ്ങിന് സാധിക്കും. തങ്ങളുടെ മികച്ച ക്യാമറ ടെക്നോളജികൾ ഫോൾഡബിൾ ഫോണുകളിലേക്ക് വിന്യസിക്കാനുള്ള സാംസങ്ങിന്റെ നീക്കം മറ്റ് ബ്രാൻഡുകളുടെ ഫോൾഡബിൾ ഫോണുകൾക്കും വൻ സമ്മർദ്ദം നൽകും. ഇത് ഫോൾഡബിൾ ഫോണുകളിലാകെ ക്യാമറ നിലവാരം ഉയരാൻ കാരണമാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ഉയർന്ന ക്യാമറ ഫീച്ചറുകൾ ലഭിക്കുന്ന ആദ്യ സാംസങ് ഫോൾഡബിൾ സ്മാർട്ട്ഫോൺ ആണ് Z ഫോൾഡ് 7 എന്ന് പറയാൻ കഴിയില്ല, കഴിഞ്ഞ വർഷം ദക്ഷിണ കൊറിയയിൽ മാത്രമായി പുറത്തിറക്കിയ ഒരു പ്രത്യേക Z ഫോൾഡ് ഫോണിൽ സമാനമായ ക്യാമറ മികവ് സാംസങ് അവതരിപ്പിച്ചിരുന്നു. എന്നാൽ Z ഫോൾഡ് 7 മോഡലിലൂടെ മികച്ച ക്യാമറ ശേഷി ഫോൾഡ് ഫോണുകളിലേക്ക് ആഗോള തലത്തിൽ അവതരിപ്പിക്കപ്പെടുന്നു എന്നതാണ് പുതുമ.
സാംസങ് ഗാലക്സി Z ഫോൾഡ് 7ലെ പ്രധാന ക്യാമറ ഒഴികെയുള്ളവ ഫോൾഡ് 6 ന്റെ കോൺഫിഗറേഷനുമായി അടുത്തുനിൽക്കുമെന്നാണ് റിപ്പോർട്ട്. അതായത് 12MP അൾട്രാ-വൈഡ് സെൻസർ, 10MP ടെലിഫോട്ടോ ലെൻസ്, അതേ അണ്ടർ-ഡിസ്‌പ്ലേ സെൽഫി ക്യാമറ എന്നിവ. അതായത് മൊത്തത്തിൽ ഒരു അഴിച്ചുപണി പ്രതീക്ഷിക്കേണ്ടതില്ല, എന്നാൽ വൻ മാറ്റം ഉണ്ട് താനും.


Click it and Unblock the Notifications








